തിരുവനന്തപുരം: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.
കള്ളപ്പണം വെളുപ്പിക്കാന്‍ മുന്‍കൂട്ടി കേന്ദ്രസര്‍ക്കാര്‍ വിവരം ചോര്‍ത്തിയെന്നും പിണറായി വിജയന് ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
നോട്ടു പിന്‍വലിക്കല്‍ മൂലം സാധാരണക്കാര്‍ മാത്രമാണ് ബുദ്ധിമുട്ടിയത്. പ്രഖ്യാപനം വന്ന് ദിവസങ്ങളായിട്ടും പ്രശ്നപരിഹാരത്തിന് കേന്ദ്രം ശ്രമിക്കുന്നില്ല. പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കണം. സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട ബില്ലുകള്‍ക്ക് സമയം നവംബര്‍ 30വരെ നീട്ടിയിട്ടുണ്ട്.
വൈദ്യുതിബില്‍, വെള്ളക്കരം, പരീക്ഷാഫീസ് എന്നിവയ്ക്ക് പിഴ ഈടാക്കില്ല. എന്നാല്‍ വാറ്റ്, എക്സൈസ് നികുതികള്‍ക്ക് ഈ ഇളവ് ബാധകമല്ല. നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 30 വരെ സമയം നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിനെ നേരിട്ടുകണ്ട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: