കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് തൊഴിലാളികള്‍ നടത്തിവന്ന സമരം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 14 ന് ജീവനക്കാര്‍ ജോലിക്ക് ഹാജരാകും. സ്ഥാപനത്തിലെ കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുളള എല്ലാ ജീവനക്കാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്ക് ബാധകമായ മിനിമം വേതനം നല്‍കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.
ബോണസും ഫെസ്റ്റിവല്‍ അലവന്‍സും സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനുളള നിര്‍ദ്ദേശം ഒരു മാസത്തിനകം ലേബര്‍ കമ്മീഷണര്‍ തയ്യാറാക്കി സരക്കാരിന് സമര്‍പ്പിക്കും. ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊളളും. നിലവില്‍ നല്‍കാനുളള വേതന കുടിശ്ശിക നവംബര്‍ 15 ന് വിതരണം ചെയ്യും. മറ്റ് വിഷയങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദേ്യാഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കും. സമരവുമായി ബന്ധപ്പെട്ട് ഒരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്കി. പ്രസ്റ്റീജ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് അബ്ദുള്‍ ജബ്ബാര്‍, മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ.കൃഷ്ണന്, സിഐടിയു നേതാക്കളായ കെ.പി.സഹദേവന്, എം.വി.ജയരാജന്, വി.വി.ബാലകൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ലേബര്‍ കമ്മീഷണര്‍ ഡോ.കെ ബിജു, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വി.എല്‍.മുരളീധരന്, കോഴിക്കോട് റീജ്യണല്‍ ജോ.ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ ബേബി കാസ്ട്രോ, കെ.എം.അജയകുമാര്‍ തുടങ്ങിയ ഉദേ്യാഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: