മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ദീര്‍ഘകാല ആവശ്യത്തിന് നീതിപീഠത്തിന്റെ പിന്തുണ. കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ശക്തികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെടില്ലെന്ന്. ആള്‍ബലവും അര്‍ത്ഥബലവും രാഷ്ട്രീയ പിന്‍ബലവും ഉപയോഗിച്ച് ഒരു ജനതയുടെ ഏറ്റവും ന്യായമായ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു ഇതുവരെ.
മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെ സിബിഐ അന്വേഷണം നിറഞ്ഞുനിന്നിരുന്നു. ഇടതും വലതും ഒരു പക്ഷത്തുനിന്ന് സിബിഐ അന്വേഷണത്തെ എതിര്‍ത്തു. കോടതിമുറികളില്‍ സത്യവാങ്മൂലത്തിന്റെ രൂപത്തില്‍ അരയസമാജത്തിന്റെ ആവശ്യം ഹനിക്കപ്പെട്ടു. പൊതുസമൂഹത്തില്‍ ഇടതു-വലതു നേതാക്കള്‍ ഒരേവേദി പങ്കിട്ട് സിബിഐ അന്വേഷണത്തെ എതിര്‍ത്തു. പ്രക്ഷോഭത്തിന്റെ നീണ്ട നാള്‍വഴിയില്‍ കേരളത്തിന്റെ ഹൈന്ദവ നേതൃത്വം പകര്‍ന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പോരാടിയവര്‍ക്ക് വൈകിയാണെങ്കിലും നീതി ലഭിച്ചു.
”വിശ്വസിക്കാവുന്ന ഒരു സ്ഥാപനമാണോ സിബിഐ. സിബിഐയുടെ ആളുകള്‍ നിരപരാധികളായ മുസ്ലിം ലീഗുകാരെയും എന്നെയും പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും ജയിലിലിടുകയില്ല എന്നതിന് എന്താണുറപ്പ്?” 2003 ആഗസ്റ്റ് എട്ടിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയില്‍ മാറാട് സമാധാനചര്ച്ചക്കിടെ കോഴിക്കോട്ടെ പ്രസ് ക്ലബ് ഭാരവാഹികളോട് പി.കെ. കുഞ്ഞാലിക്കുട്ടി രോഷാകുലനായി ചോദിച്ചതാണിത്. ഈ വിവരം അന്നത്തെ പ്രസ് ക്ലബ് പ്രസിഡന്റും പിന്നീട് പ്രസ് അക്കാദമി ചെയര്‍മാനുമായ എന്‍.പി. രാജേന്ദ്രന് മാറാട് ജൂഡീഷ്യല്‍ കമ്മീഷന് മുമ്പാകെ 2004 ഫെബ്രുവരി 26ന് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ഉറ്റവര്‍ മുസ്ലിം ഭീകരവാദികളാല്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാരിന്റെ സഹായധനമല്ല ഞങ്ങള്‍ക്കാവശ്യം, സിബിഐ അന്വേഷണമാണെന്ന് മാറാട്ടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുകയായിരുന്നു.
നേരത്തെ ഉന്നയിക്കപ്പെട്ടവരുടെ രോഷവും അവരുടെ ഭീതിയും അതില്‍നിന്നുയര്‍ന്ന സമ്മര്‍ദ്ദവുമായിരുന്നു സിബിഐ അന്വേഷണത്തെ തടഞ്ഞുനിര്‍ത്തിയത്. തങ്ങള്‍ക്ക് നല്കിയ ഓരോ ലക്ഷം രൂപയുടെ ചെക്കുകള്‍ സിവില്‍ സ്റ്റേഷനിലെത്തി ജില്ലാ കലക്ടറുടെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ കടല്‍ത്തീര ജനസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കുകയായിരുന്നു രാഷ്ട്രീയ നേതാക്കന്മാര്.
ആവനാഴിയിലെ എല്ലാ അടവുകളും പയറ്റി അന്വേഷണത്തില്‍നിന്ന് സിബിഐയെ അകറ്റിനിര്‍ത്താന്‍ പണിപ്പെട്ടവര്ക്ക് പലപ്പോഴും വിജയിക്കാനായി. ആദര്‍ശവാനായ ആന്റണിയും അതിവേഗക്കാരന് ഉമ്മന്‍ചാണ്ടിയും അടിസ്ഥാന വര്‍ഗത്തിന്റെ അച്യുതാനന്ദനും ആരും ഇക്കാര്യത്തില്‍ പിന്നിലായിരുന്നില്ല. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കെപിസിസി പ്രസിഡന്റ് കെ.മുരളി എന്നിവര്‍ക്ക് ഒരേ നാവായിരുന്നു. മാറാട് ജൂഡീഷ്യല്‍ കമ്മിഷന് മുമ്പാകെ 15-ാം സാക്ഷിക്കാരനായി 2004 ജൂലൈ 16 ന് പിണറായി വിജയന് നല്കിയ മൊഴിയും, പി.കെ. കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാവ് മായിന്‍ ഹാജിയും നല്കിയ മൊഴികളും വ്യത്യസ്തമായിരുന്നില്ല. ”ഇക്കാര്യത്തില്‍ വളരെ വ്യക്തമായ നിലപാട് സിപിഐ(എം)ന് നേരത്തെയുണ്ട്. അത് സിബിഐ അന്വേഷണം വേണ്ട എന്നാണ്. ഇവിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ആര്‍എസ്എസ്-ബിജെപി എന്നിവരാണ്.
ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിനാലാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തെ പോലീസാണ് അതന്വേഷിക്കേണ്ടത്. ആ ഉത്തരവാദിത്തം സിബിഐയെ ഏല്‍പ്പിക്കുന്നതിനോട് സിപിഐഎം ന് യോജിപ്പില്ല” എന്നായിരുന്നു പിണറായി വിജയന്റെ കുപ്രസിദ്ധമായ ജൂഡീഷ്യല്‍ കമ്മീഷന് മൊഴി. പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ പേരില്‍ ഹൈക്കോടതിയില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചു. അന്വേഷണം നിഷ്പക്ഷവും നീതിപൂര്ണവുമാണെന്നും സ്വതന്ത്രമാണെന്നും ബാഹ്യശക്തികളുടെ പങ്ക് സംഭവത്തിലുണ്ടെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ മഹേഷ്കുമാര്‍ സിംഗ്ല ഹൈക്കോടതിയില്‍ വ്യക്തമാക്കി. അഡ്വക്കറ്റ് ജനറല്‍ എം.രത്നസിംഗിന്റെ ‘വിദഗ്ദ്ധമായ’ നിയമോപദേശവും ഹൈക്കോടതി മുമ്പാകെ ഹാജരാക്കി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന് തുല്യംചാര്ത്തുകയായിരുന്നു ഈ രണ്ടു നിലപാടുകളും.
മാറാട് ജൂഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇടതു സര്‍ക്കാരിന് ഗത്യന്തരമില്ലാതായത്. കമ്മിഷന് റിപ്പോര്‍ട്ട് അംഗീകരിച്ചതോടെ ഉന്നതതല കേന്ദ്ര ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്ന റിപ്പോര്‍ട്ടിന്റെ നിഗമനത്തെ കണ്ടില്ലെന്ന് നടിക്കാന്‍ അച്യുതാനന്ദന് സര്‍ക്കാരിനായില്ല. സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മടക്കത്തപാലില്‍ മറുപടി നല്കാന് യുപിഎ സര്‍ക്കാരിന് മറ്റൊന്നാലോചിക്കേണ്ടിയിരുന്നില്ല. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പുനരന്വേഷണം അപ്രായോഗികമാണെന്നും 2007 മാര്‍ച്ച് 12 ന് സിബിഐ മറുപടി നല്കി. യുപിഎ സര്‍ക്കാരും എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകളും അധികാരത്തിലുള്ളിടത്തോളം സിബിഐ അന്വേഷണം നടക്കില്ലെന്നായിരുന്നു ഏതാണ്ട് തീരുമാനമായത്.
2012 ജനുവരി 19ന് കൊളക്കാടന്‍ മൂസ ഹാജി സിബിഐയെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈക്കോടതിയിലെത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു എസ്പി: സി.എം. പ്രദീപ്കുമാറും മാറാട് അരയസമാജത്തിന്റെ സെക്രട്ടറി വിലാസും അക്രമത്തില്‍ പരിക്കേറ്റ പ്രജുവും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നതോടെ കേസിന് കൂടുതല്‍ ഗൗരവം കൈവന്നു. സിബിഐയുടെ നിലപാടായിരുന്നു ഇവിടെയും പ്രധാനം.
കൂട്ടിലെ തത്തയുടെ സ്ഥിതിയായിരുന്നു സിബിഐ അനുഭവിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തിട്ടൂരത്തിന് മുകളില്‍ നീതിപൂര്‍വകമായ നിലപാടെടുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കേന്ദ്ര ഭരണത്തില്‍ മാറ്റംവന്നതോടെ രാജ്യത്തെ പല സുപ്രധാന രംഗങ്ങളിലും മാറ്റം അനുഭവ വേദ്യമായതുപോലെ സിബിഐയുടെ സ്വയംഭരണാവകാശവും പുനഃസ്ഥാപിക്കപ്പെട്ടു. രാജ്യത്ത് വളര്‍ന്നുവരുന്ന മതതീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാറാട് കൂട്ടക്കൊലക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സിബിഐ നിഗമനത്തിലെത്തുകയും ഹൈക്കോടതിയില്‍ ചരിത്രപ്രധാനമായ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഇതോടെയാണ് സിബിഐ അന്വേഷണമെന്ന കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ ആവശ്യത്തിന് നീതിയുടെ സംരക്ഷണമുണ്ടാകുന്നത്.
മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ കടുംബത്തിന് സമാശ്വാസവുമായി ഓടിയെത്തുകയും മാറാട് പ്രക്ഷോഭത്തിന്റെ അമരക്കാരനായി നിലകൊള്ളുകയും ചെയ്ത കുമ്മനം രാജശേഖരന് ബിജെപി അദ്ധ്യക്ഷനായി വന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ പുറത്തുകൊണ്ടുവരുന്നതിന്റെ രാജ്യരക്ഷാപരമായ ഗൗരവം ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. ഇതോടെയാണ് മാറാട് സിബിഐ അന്വേഷണത്തിന് നിയമപരമായ പരിരക്ഷ ഉണ്ടാകുന്നത്. സത്യത്തിനും നീതിക്കും വൈകയാണെങ്കിലും വിജയംതന്നെയാണ് ഉണ്ടാവുകയെന്ന ലോക തത്വത്തിനാണ് അംഗീകാരം ലഭിക്കുന്നത്.
മാറാട്ടെ അരയ സമൂഹത്തിന്റെ മാത്രം വിജയമല്ലിത്. രാഷ്ട്ര സുരക്ഷക്കും മതേതരത്വത്തിനും തുല്യനീതിക്കും വില കല്‍പ്പിക്കുന്ന പൊതു സമൂഹത്തിന്റെ വിജയം കൂടിയാണിത്. നെഞ്ചുപിളര്‍ക്കുന്ന വേദനയിലും അടിപതറാതെ, വഴിതെറ്റാതെ, ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ച നേതൃത്വത്തിന്റെ തിളക്കമാര്‍ന്ന വിജയമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മാറാട്ടെ മണല്‍പ്പരപ്പില്‍ അന്ത്യശ്വാസം വലിച്ച പാവപ്പെട്ട എട്ടു മത്സ്യത്തൊഴിലാളികളുടെ ആത്മാവിന് ശാന്തിയുണ്ടാകുന്ന സുപ്രധാനമായ തീരുമാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: