ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം 1901 ല്‍ കൊല്‍ക്കത്തയില്‍ വച്ചാണ് നടന്നത്. പല പൊതുപ്രവര്‍ത്തകരുമായി നിവേദിത സമ്പര്‍ക്കത്തിലാകുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഗോപാലകൃഷ്ണ ഗോഖലെയുമായി നിവേദിത പരിചയപ്പെട്ടു. പ്രശാന്തമായ വ്യക്തിവൈശിഷ്ട്യത്തിന്റെ മാതൃകയായി ഗോഖലയെ നിവേദിതക്ക് അനുഭവപ്പെട്ടു. എങ്കിലും അവരുടെ ആശയാദര്‍ശങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നുവെന്ന് ഇരുവരുടെയും കത്തുകള്‍ വ്യക്തമാക്കുന്നു.
കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബാലഗംഗാധര തിലകന് ബേലൂര്‍ മഠം സന്ദര്‍ശിക്കുകയുണ്ടായി. അപ്പോഴാണ് താന്‍ പത്തുവര്‍ഷം മുന്‍പ് പൂനെയില്‍ വച്ച് കണ്ട പരിവ്രാജക സന്യാസിയാണ് പ്രശസ്തനായ സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന് മനസ്സിലായത്.
ഗോഖലെ കോണ്‍ഗ്രസിലെ മിതവാദികളുടെയും തിലകന് തീവ്രവാദികളുടെയും നേതാക്കന്മാരായിരുന്നു. ഇരുവരും സ്വാമിജിയുടെ ശിഷ്യോത്തമയായ നിവേദിതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഈ രണ്ടു രാഷ്ട്ര നേതാക്കളും മഹാരാഷ്ട്ര ദേശത്തെ ജനനായകരായിരുന്നുവെങ്കിലും തിലകന്റെ പ്രവര്‍ത്തനപഥത്തിനാണ് പ്രചുരാംഗീകാരം ലഭിച്ചിരുന്നത്.
ബാലഗംഗാധരതിലകന്റെ വരവോടെ കോണ്‍ഗ്രസ് ഒരു വിപ്ലവസംഘടനയായി രൂപാന്തരപ്പെട്ടു. തിലകനോടൊപ്പം നിലയുറപ്പിച്ച രണ്ടു നേതാക്കളായിരുന്നു ബിപിന്‍ ചന്ദ്രപാലും ലാലാ ലജ്പത്റായിയും. ഈ ത്രിമൂര്‍ത്തികളെ ലാല്‍-ബാല്‍-പാല് എന്നു വിളിച്ചുപോന്നു. ഇവരുടെ കൂടെത്തന്നെ ഉണ്ടായിരുന്ന മറ്റൊരു നേതാവാണ് അരവിന്ദ ഘോഷ്.
ബാലഗംഗാധരതിലകന്‍ ഭാരതത്തിന്റെ പ്രാചീന സംസ്കാരത്തില്‍ അഭിമാനംകൊണ്ടു. ഭഗവദ്ഗീത അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്കി. കര്‍മമാര്‍ഗമാണ് ഗീതയുടെ സന്ദേശം എന്ന് തിലകന് വിശ്വസിച്ചു. ദേശീയ പ്രസ്ഥാനത്തില്‍ പുതിയ ഒരു കര്‍മപദ്ധതി ആവിഷ്കരിക്കാന്‍ ഇത് അദ്ദേഹത്തെ പ്രചോദിതനാക്കി. മഹാരാഷ്ട്രയില്‍ ശിവജി ഉത്സവവും ഗണപതി ഉത്സവവും സംഘടിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മതബോധവും ദേശസ്നേഹവും രാഷ്ട്രീയ പ്രസ്ഥാനത്തോട് ഇണക്കിക്കൊണ്ടുവന്നു. പത്രപ്രവര്‍ത്തനരംഗത്തും തിലകന് ഗണ്യമായ സംഭാവന നല്കി. ദേശീയ പ്രശ്നങ്ങളില്‍ ജനകീയാഭിപ്രായം രൂപീകരിക്കുന്നതിന് തിലകന്റെ പത്രങ്ങളായ മറാഠിയും (ഇംഗ്ലീഷ്) കേസരി (മറാത്തി)യും വലിയ പങ്ക് വഹിച്ചു.
പ്രശസ്ത എഴുത്തുകാരനായ സര് വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ഇന്ത്യന്‍ അസ്വാസ്ഥ്യങ്ങളുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വെറുപ്പിന് പാത്രീഭൂതനായെങ്കിലും തിലകന് ഭാരതീയരുടെ അളവില്ലാത്ത ആരാധനയ്ക്കും പാത്രമായി. അവര്‍ അദ്ദേഹത്തെ ‘ലോകമാന്യന്‍’ എന്ന് സംബോധന ചെയ്ത് തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.
നിവേദിത തിലകനും ഗോഖലെയുമായി വ്യക്തിബന്ധം പുലര്‍ത്തിയെങ്കിലും അവള്‍ക്ക് ഗോഖലെയോട് അടുപ്പവും തിലകനോട് ബഹുമാനവുമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: