ന്യൂദല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാനുള്ള ശുദ്ധികലശമായ കറന്‍സി റദ്ദാക്കലിലൂടെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണമെങ്കിലും ഇല്ലാതാകും. 20 ശതമാനത്തോളം 500, 1000 നോട്ടുകള്‍ മാറ്റി പുതിയതു വാങ്ങാന്‍ ആളെത്തില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് 17.30 ലക്ഷം കോടിയുടെ കറന്‍സികളാണ് വിനിമയത്തിലുള്ളത്. ഇതില്‍ 86 ശതമാനം 500, 1000 നോട്ടുകളാണ്. നോട്ടുകളുടെ വ്യാപനം മൂന്ന് വര്‍ഷത്തിനിടെ 42 % വര്‍ദ്ധിച്ചു. 500, 1000 നോട്ടുകളാണ് കൂടിയത്.
റദ്ദാക്കലിലൂടെ വിനിമയമൂല്യം നഷ്ടപ്പെട്ട നോട്ടുകള്‍ സ്രോതസ്സ് വെളിപ്പെടുത്തി ബാങ്കുകളിലൂടെ മാറ്റിയെടുക്കാം. കണക്കില്‍പ്പെടാത്ത പണത്തിന് ഇരുനൂറ് ശതമാനം വരെ പിഴയൊടുക്കേണ്ടി വരും. ഇരുപത് ശതമാനമെങ്കിലും കള്ളനോട്ടുകളോ നികുതി അടക്കാത്ത പണമോ ആയിരിക്കുമെന്നാണ് നിഗമനം. ഇത് വസ്തു ഇടപാട്, സ്വര്‍ണക്കച്ചവടം, ബാങ്ക് എന്നിവയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ടാറ്റാ അസ്സറ്റ് മാനേജ്മെന്റ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ റിതേഷ് ജയ്ന്‍ പറയുന്നു. കാഷലെസ്സ് ഇടപാടുകളെയും ഡിജിറ്റല്‍ ബാങ്കിങ്ങിനെയും പ്രോത്സാഹിപ്പിക്കും.
സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും റവന്യൂവരുമാനത്തില്‍ വര്‍ധനവുമുണ്ടാകും. വിലക്കയറ്റത്തില്‍ കുറവുണ്ടാകും. കറന്‍സി നോട്ടുകളുടെ വ്യാപനം കുറച്ച് പണമിടപാടുകള്‍ പൂര്‍ണമായും ഇലക്ട്രോണിക് മാര്ഗ്ഗത്തിലൂടെയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: