വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമലോകം എഴുതിത്തള്ളിയ ഡൊണാള്‍ഡ് ട്രംപിന് അമേരിക്കക്കാരുടെ പിന്തുണ. 45-ാം പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ട്രംപ് വൈറ്റ് ഹൗസിലെത്തി. 2017 ജനുവരി 20ന് അധികാരമേല്‍ക്കും. യുഎസ് ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റാവും ട്രംപ് (70).
ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണേക്കാള്‍ 71 വോട്ട് ട്രംപ് അധികം നേടി. 289 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന്. 30 സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചു, ഹിലരിയെ ഇരുപതും.
നിര്‍ണായകമായ ഫ്ളോറിഡ, അരിസോണ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമായത് ആരും പ്രതീക്ഷിക്കാത്തതായിരുന്നു. തുടക്കം മുതല്‍ ട്രംപ് മുന്നേറി. ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ 82 സീറ്റുകള്‍ ട്രംപിന് വിജയമൊരുക്കി.
ട്രംപിനെ ഹിലരി ഫോണില്‍ അഭിനന്ദനമറിയിച്ചു. അമേരിക്കന്‍ ജനത ഒന്നായി നില്‍ക്കേണ്ടതുണ്ട്. ഞാന്‍ മുഴുവന്‍ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും, വിജയ പ്രസംഗത്തില്‍ ട്രംപ് ഉറപ്പു നല്കി. ”നാലോ എട്ടോ വര്‍ഷം കഴിയുമ്പോള്‍, നിങ്ങള്‍ ഇന്നു ചെയ്തതില്‍ അഭിമാനിക്കുന്നുവെന്ന് നിങ്ങള്‍ പറയും,” ട്രംപ് പറഞ്ഞു. ”ഏറെ മനോഹരവും സുപ്രധാനവുമായ സായാഹ്നം. വിസ്മരിക്കപ്പെട്ട പുരുഷനും സ്ത്രീയും ഇനി ഒരിക്കലും വിസ്മരിക്കപ്പെടില്ല. മുമ്പുണ്ടാകാത്തവിധം നാം ഒന്നിക്കും,” ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ലോക നേതാക്കള്‍ ട്രംപിനെ അനുമോദിച്ചു. പ്രസിഡന്റ് ബറാക് ഒബാമ അഭിനന്ദനം അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രംപിന്റെ മന്ത്രിമാര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് ഊഹങ്ങളും ചര്‍ച്ചകളും തുടങ്ങി.
സംസ്ഥാനങ്ങള്‍
ട്രംപിനൊപ്പം
പെന്‍സില്‍വാനിയ, ഫ്ളോറിഡ, ടെക്സസ്, ഇന്ത്യാന, നോര്‍ത്ത് കരോലിന, ഒഹായോ, ജോര്‍ജിയ, യൂട്ടാ, ഓക്ലഹോമ, ഐദഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, നെബ്രാസ്ക, കാന്‍സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ടെനിസി, മിസിസിപ്പി, കെന്റക്കി, സൗത്ത് കരോലിന, അലബാമ, ലൂസിയാന, മോണ്ടാന, മിസോറി.
ഹിലരിക്കൊപ്പം
കാലിഫോര്‍ണിയ, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, ഓറിഗോണ്‍, നെവാദ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടികട്ട്, വെര്‍മോണ്ട്, മസാച്യുസെറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ കൊളംബിയയിലും ഹിലരി ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: