ന്യൂദല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന് മാനസികരോഗമുള്ളതായി പോലീസ്. വിഷാദ രോഗത്തിനും മാനസിക രോഗത്തിനും നജീബ് ചികിത്സ തേടിയിരുന്നു. എന്നാല്‍, ഈ വിവരം കുടുംബവും സഹപാഠികളും പോലീസില്‍ നിന്ന് മറച്ചുവെച്ചു. നജീബിന് ഉറക്കക്കുറവുണ്ടെന്ന് മാത്രമാണ് അറിയിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഡോക്ടറുടെ കുറിപ്പ് കണ്ടെടുത്തതോടെയാണ് വിവരം പോലീസ് അറിയുന്നത്.
2012 മുതല്‍ നജീബ് ചികിത്സയിലായിരുന്നു. സപ്തംബര്‍ ഒമ്പതിന് അവസാനമായി നജീബ് ആശുപത്രിയിലെത്തിയത് അമ്മയോടൊപ്പമായിരുന്നു. അപസ്മാരത്തിനുള്ള മരുന്നും അന്ന് വാങ്ങി. ഡോക്ടറുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചു. നജീബിനെ ചികിത്സിച്ച മറ്റൊരു മനോരോഗ ചികിത്സാവിദഗ്ധനെ പോലീസ് ചോദ്യം ചെയ്തു.
ഇതിനിടെ നജീബിനെ ബീഹാറിലെ ദര്‍ഭംഗയില്‍ കണ്ടതായി വിവരം ലഭിച്ചെന്ന് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്. നജീബിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം ലഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് നജീബിന്റെ കുടുംബം നിവേദനം നല്കി. ഇരുനൂറോളം പോലീസുകാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്നാഴ്ചയോളമായി നജീബിനെ കാണാതായിട്ട്. എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിന് ശേഷമാണ് തിരോധാനമെന്നാരോപിച്ച് ഇടത് സംഘടനകള്‍ സമരം നടത്തുന്നുണ്ട്. ഇതിനിടെയാണ് മാനസികരോഗം മറച്ചുവെച്ചതായ വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: