മാള: അഷ്ടമിച്ചിറ പുല്ലന്‍കുളങ്ങര പാടശേഖരത്ത് വെള്ളമില്ലാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. നൂറേക്കറോളമുള്ള പാടശേഖരത്ത് മുണ്ടകന്‍ കൃഷിയിറക്കണമെങ്കില്‍ ആളൂരില്‍ നിന്നുള്ള വെള്ളം കനാല്‍വഴി ഇവിടെയെത്തണം. കഴിഞ്ഞകൊല്ലം വെള്ളം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ബിജെപി മാള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് അധികൃതര്‍ പാടശേഖരത്തിലേക്ക് വെള്ളം അനുവദിച്ചത്. പുല്ലന്കുളങ്ങരയിലേക്ക് തുമ്പൂര്‍മൂഴി വലതുകര കനാല്‍വഴിയാണ് വെള്ളം ലഭിക്കുന്നത്. എന്നാല്‍ ചില സ്വകാര്യ വ്യക്തികള്‍ ഇതില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് വെള്ളമെടുക്കുന്നതിനാല്‍ പലപ്പോഴും കൃഷിക്ക് വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമായി ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളമെത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനുവേണ്ടി മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല. ഇതിന് പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിന് വൈദ്യുതി ബോര്‍ഡ് മുന്കയ്യെടുക്കുന്നുമില്ല. അതേസമയം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ കൂടുതല്‍ തുക ചെലവഴിക്കണമെന്നതിനാല്‍ ഇറിഗേഷന്‍ വകുപ്പും താത്പര്യപ്പെടുന്നില്ല. കൊടുങ്ങല്ലൂര്‍, ചാലക്കുടി നിയോജകമണ്ഡലങ്ങളുടെ പരിധിയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. അതിനാല്‍ പ്രശ്നപരിഹാരത്തിനായി ഇരു മണ്ഡലങ്ങളിലേയും എംഎല്‍എമാരെ സമീപിക്കാനാണ് കര്‍ഷകര്‍ ആലോചിക്കുന്നത്. സാമ്പാളൂര്‍ ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നുള്ള വെള്ളം ചിരാല്‍ പാടത്തേക്കാണ് പോകുന്നത്. ഇതിന് പരിഹാരമായി സ്ഥിരം ഷട്ടറുകള്‍ നിര്‍മ്മിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പുല്ലന്‍കുളങ്ങര പാടശേഖരത്തിന് ഇതുവഴി ഗുണകരമാകുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: