കൊടകര: മറ്റത്തൂര്‍ പഞ്ചായത്തില്‍ സഹകരണ ബാങ്ക് വഴി നടത്തിയ പെന്ഷന് വിതരണം അവസാന ഘട്ടമെത്തിനില്ക്കുമ്പോള് ഇനിയും നിരവധി ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ലഭിച്ചില്ലെന്ന് പരാതി.ഇടതുപക്ഷത്തിന് ഭരണമില്ലാത്ത വാര്‍ഡുകളിലെ ജനപ്രതിനിധികളെപ്പോലും ഒഴിവാക്കിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണികളെ ഉപയോഗിച്ചാണ് പെന്ഷന് വിതരണം നടത്തിയത്. വിതരണത്തിന് മുന്‍പ് പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവത്രേ. പക്ഷേ പെന്ഷന് വിതരണത്തിന്റെ അവസാന ഘട്ടത്തിലാണ് മറ്റത്തൂരില്‍ ഈ നിര്‍ദ്ദേശം നടപ്പിലാക്കിയത്.ആയതിനാല്‍ മോണിറ്ററിംഗ് സമിതിക്ക് യാതൊരു ഇടപെടലും നടത്താന്‍ സാധ്യമായില്ല.സഹകരണ സംഘങ്ങളിലെ ഉദ്യോഗസ്ഥരെയാണ് വിതരണത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നതെങ്കിലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പാര്ട്ടിക്കാര് ജാഥയായെത്തിയാണ് തുക വിതരണം ചെയ്തത്.ഇതര പാര്‍ട്ടിക്കാരായ വാര്‍ഡ് മെമ്പര്‍മാരെ വിതരണവുമായി സഹകരിപ്പിക്കാത്തതിനാല് പല ആളുകളുടേയും വിലാസം കണ്ടു പിടിക്കാനാവാതെ പെന്ഷന് തുക തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ്.
വിലാസക്കാരനെ തിരിച്ചറിയാനായില്ല എന്ന വിശദീകരണത്തോടെ മടക്കി അയക്കുന്നതിനാല്‍ ഈ പെന്ഷന് തുക തിരികെ കിട്ടാന്‍ ഇവര്‍ക്ക് ഇനി നിരവധി വൈതരണികള്‍ തരണം ചെയ്യേണ്ടതായി വരും.ഒരു പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ പെന്ഷന് മറ്റു പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വന്നിട്ടുള്ളതായും വ്യാപകമായ പരാതിയുണ്ട്. വയോജനങ്ങളും അംഗപരിമിതരും വിധവകളും നിരാലംബരുമെല്ലാം ഉള്‍പ്പെടുന്നവരാണ് ക്ഷേമപെന്‍ഷന്‍കാര്‍ എന്നതിനാല്‍ ഇനിയും പെന്ഷന് ലഭിക്കാത്തവരെല്ലാം കടുത്ത ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: