ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ സമീപത്തുള്ള കാരിക്കതോട്ടിലൂടെ പോകുന്ന ഇരുമ്പ് പൈപ്പില്‍ നിന്ന് 34 ജലാറ്റിന്‍ സ്റ്റിക്കുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ചാലക്കുടി പുഴയിലേക്ക് കമ്പനിയുടെ ഉത്പാദനത്തിന് ശേഷം പൂറത്തേക്ക് വിടുന്ന വെള്ളം പോകുന്നതിനായുള്ള പൈപ്പാണിത്.ഒന്നര വര്‍ഷം മുന്‍പ് ഈ പൈപ്പ് പൊട്ടിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ നടത്തുവാന്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും,പഞ്ചായത്തും സമ്മതിച്ചിരുന്നില്ല.ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് അറ്റകുറ്റ പണികള്‍ നടത്തിയത്.ചാലക്കുടി ഡിവൈഎസ്പി പി.വാഹിദിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചത്.
പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ പൈപ്പുകളില്‍ വലിയ കരിങ്കല്ലുകള്‍,ഉരലുകള്‍,സിമന്റ് കട്ടികള്‍ തുടങ്ങിയവ കിട്ടിയിരുന്നു.പോലീസ് സാന്നിധ്യത്തില്‍ പൈപ്പുകള്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനടിയലാണ് രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ വന്‍സ്ഫോടക ശേഷിയുള്ള 34 ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.ചെളിയില്‍ പൂണ്ടു കിടന്നിരുന്ന ഇവയുടെ സ്ഫോടക ശേഷി നഷ്ടപ്പെട്ടിരിക്കാമെന്ന് പോലീസ് പറയുന്നു.ജലാറ്റിന്‍ സ്റ്റിക്കുകള്‍ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിവൈഎസ്പി പി.വാഹിദ് പറഞ്ഞു. പൈപ്പുകളുടെ അറ്റകുറ്റ പണികള്‍ നടത്തുവാനുള്ള ശ്രമം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തടയുവാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ പിന്തിരിയുകയായിരുന്നു.വന്‍പോലീസ് സന്നാഹമായിരുന്നു ഇവിടെ ഒരുക്കിയിരിക്കുന്നത്. കമ്പനിയില്‍ നിന്ന് വെള്ളം പുറത്തേക്ക് വിടുന്ന 24 ഇഞ്ചോളം വരുന്ന വലിയ ഇരുമ്പ് പൈപ്പിന്റെ ഉള്ളില്‍ വലിയ കല്ലുകളും വെച്ചും അടച്ചിരിക്കുകയായിരുന്നു.വെള്ളം പുറത്തേക്ക് പോകുന്നത് തടഞ്ഞാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുന്നതിനായിട്ടാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് പോകുന്നത് തടഞ്ഞിരുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇതാണ് കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മാറ്റി സ്ഥാപ്പിച്ചിരിക്കുന്നത്.പൈപ്പിന്റെ ഉള്ളില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക് കണ്ടെത്തിയ സംഭവത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കൊരട്ടി എസ്.ഐ.എം.ജെ.ജീജോക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: