തൃശൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഓഡിഎഫ് ഗ്രാമപഞ്ചായത്തുകള്‍ തൃശൂര്‍ ജില്ലക്ക് സ്വന്തം. ഗ്രാമീണ മേഖലയില്‍ തുറസായ സ്ഥലത്തെ മലവിസര്‍ജ്ജന രഹിത ജില്ലയായി തൃശൂര്‍ ജില്ലയെ പ്രഖ്യാപിച്ചു. മുഴുവന്‍ ജനങ്ങള്‍ക്കും ശൗചാലയം ലഭ്യമാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രഖ്യാപനം അടുത്തമാസം ആദ്യവാരത്തില്‍ നടക്കും. ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.
2015ല്‍ പദ്ധതിക്ക് തുടക്കമിട്ടു. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ മുഖാന്തിരം നടത്തിയ സര്‍വ്വെയില്‍ ഗ്രാമപ്രദേശത്ത് 3472 കുടുംബങ്ങള്‍ക്ക് ശൗചാലയം ഇല്ലെന്ന് കണ്ടെത്തി. ശൗചാലയം പണിയുന്നതിനായി ഓരോ കുടുംബങ്ങള്‍ക്കും 15,400 രൂപയാണ് അനുവദിച്ചത്. 12,000 രൂപ കേന്ദ്ര ഫണ്ടും 3,500 രൂപ ഗ്രാമപഞ്ചായത്ത് വിഹിതവുമാണ്. ഫണ്ട് ഉപയോഗിച്ച് ശൗചാലയം പണിതിട്ടുണ്ടെന്ന കാര്യം അതത് പഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തി. പാരിസ്ഥിതികപരമായ പ്രശ്നങ്ങളും പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് അതിരപ്പിള്ളി പഞ്ചായത്തില്‍ 25,500 രൂപയാണ് അനുവദിച്ചത്. ഇവിടെ നേരിട്ട് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തന്നെ ശൗചാലയം പണിതു നല്കി. മാടക്കത്ത ഗ്രാമപഞ്ചായത്താണ് ജില്ലയില്‍ ആദ്യ മലവിസര്‍ജ്ജന രഹിതമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടാട്ട്, കണ്ടാണശേരി എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ആദ്യ ബ്ളോക്ക് പഞ്ചായത്ത് എന്ന നേട്ടം പുഴയ്ക്കലിനാണ്. തുടര്‍ന്ന് ഇരിങ്ങാലക്കുട, അന്തിക്കാട് എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാരും ജനപ്രതിനിധികളും നടത്തിയ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണ് ലക്ഷ്യം നേടാന്‍ കഴിഞ്ഞതെന്ന് ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന് പറഞ്ഞു. കോര്പ്പറേഷന്, മുനിസിപ്പാലിറ്റികളില്‍ 963 ശൗചാലയങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഷീല വിജയകുമാര്‍ പറഞ്ഞു. ശുചിത്വമിഷന് ഉദ്യോഗസ്ഥരായ രവിരാജ്, രാജ് പ്രദീപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: