തൃശൂര്‍: പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ജനറല്‍ ആശുപത്രിയില്‍ നടക്കുന്നത് പകല്‍ക്കൊള്ള. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും വാഹന പാര്‍ക്കിങ് മുതല്‍ ഡോക്ടറെ കാണുന്നതടക്കമുള്ളവക്ക് ഫീസ് ഈടാക്കുന്നു. പക്ഷെ ഉത്തരവാദിത്വമില്ല. ആശുപത്രികളെ തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയുടെ ഭരണച്ചുമതല കോര്പ്പറേഷന് നല്‍കിയത്. അവശ്യസൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രിയില്‍ വാഹനപാര്‍ക്കിങ്ങിന്റെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണ്. അഞ്ചു രൂപ മുതല്‍ 25 രൂപയും ചിലപ്പോള്‍ അമ്പത് രൂപ വരെയും ഈടാക്കുന്ന ഇവിടെ, വാഹനങ്ങളുടെ ഒരു ഉത്തരവാദിത്വവും ആശുപത്രി അധികൃതര്‍ക്കോ കരാര്‍ എടുത്തവര്‍ക്കോ ഇല്ല. ഇരു ചക്രവാഹനങ്ങളില്‍ നിന്നും ഹെല്‍മെറ്റ് കാണാതാവല്‍, ആവശ്യം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തിരികെ വന്നു നോക്കുമ്പോള്‍ പാര്‍ക്ക് ചെയ്തിടത്താവില്ല, ചിലപ്പോള്‍ മറിഞ്ഞു കിടക്കുന്നുമുണ്ടാവാം. പെട്രോള്‍ ഊറ്റുക, സ്പെയര്‍പാര്‍ട്സ് നഷ്ടമാവുക എന്നത് പതിവ് പരാതികള്‍. മുച്ചക്ര, കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ക്കാണെങ്കില്‍ ഉരച്ചില്‍, ഞെളുങ്ങല് തുടങ്ങിയുള്ള കേടുപാടുകളുമുണ്ടാവും. പാര്‍ക്കിങ്ങ് സ്ഥലത്ത് തര്‍ക്കവും പരാതികളും നിത്യകാഴ്ചയാണ്. ആശുപത്രി ഭരണച്ചുമതല കോര്പ്പറേഷന് കൈമാറുന്ന ചടങ്ങിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെയും, എന്തിന് നിരീക്ഷിക്കാനത്തെിയ സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരന് വന്ന ബൈക്കിനും വരെ കരാറുകാരന് ഫീസ് ഈടാക്കി. മാധ്യമപ്രവര്‍ത്തകനും, പൊലീസുകാരനും കാര്യം തങ്ങളാരെന്നും വന്നതിനെയും പറഞ്ഞെങ്കിലും തനിക്ക് കരാറുകാരനില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും കടുത്ത നിര്‍ദ്ദേശമുണ്ടെന്നും, ഒന്നും ചെയ്യാനാവില്ലെന്നും നിസഹായാവസ്ഥയോടെ വ്യക്തമാക്കി. ഫീസ് നല്കി വാഹനം പാര്‍ക്ക് ചെയ്ത ഇരുവരും, പത്ത് മിനുട്ടിനകം തിരിച്ചുവരുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ വാഹനം ഒരു അറ്റത്ത് മാറ്റിയിട്ട നിലയില്‍, വാഹനത്തിനൊപ്പം വെച്ചിരുന്ന ഹെല്‍മെറ്റ് കാണാനില്ല. പൊലീസുകാരന്റെ ബൈക്ക് മൂലയില്‍ മറ്റു വാഹനങ്ങളിലൊന്നില്‍ ചെരിഞ്ഞ് കിടക്കുന്നു. ഈ രണ്ട് വാഹനങ്ങളും പുറത്തെടുക്കണമെങ്കില്‍ മറ്റ് വാഹനങ്ങള്‍ മാറ്റിയെടുത്ത് വേണം. നോക്കി നില്‍ക്കെ മാത്രം നിരവധിയാളുകളാണ് പരാതികളുമായെത്തിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഫീസ് വാങ്ങി പാര്‍ക്കിങ്ങ് നല്‍കുകയും, എന്നാല്‍ വാഹനങ്ങളെ കൃത്യമായി ഒതുക്കി വെക്കാതെയും, ഒരു സുരക്ഷയുമൊരുക്കാതെയുമാണ് പകല്‍ക്കൊള്ള. വന്‍ തുക മുടക്കിയാണത്രെ കരാറുകാരന് ടെണ്ടറെടുത്തിരിക്കുന്നത്. ഒ.പിയില്‍ ഡോക്ടറെ കാണാനത്തെുന്നവരില്‍ നിന്ന് പോലും വിവിധ ആവശ്യങ്ങളുടെ പേരില്‍ ഫീസ് ഈടാക്കുന്നു. രാത്രിയില്‍ കൂട്ടിരിപ്പുകാരുടെ കയ്യില്‍ നിന്നും ഫീസ് വാങ്ങുന്നു. ആശുപത്രി വികസനാവശ്യത്തിന് തുകയുപയോഗിക്കണമെന്നിരിക്കെ, സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ചല്ലാതെ മറ്റൊന്നും ഇവിടെ വിനിയോഗിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: