മുളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ പീഡനത്തിനിരയായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയുടെ നില ഗുരുതരം. കഴിഞ്ഞ രാത്രി ബോധം വന്നെങ്കിലും ഇന്നലെ രാവിലെ ഇവര്‍ അബോധാവസ്ഥയിലാവുകയും രക്തസമ്മര്‍ദ്ദം കൂടുകയും ചെയ്ത് മെഡിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്.
വൃക്ക-കരള്‍ രോഗങ്ങള്‍ ബാധിച്ച വയോധികയെ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടംഗസംഘം അഞ്ചുവയസ്സുള്ള പേരക്കുട്ടിയുടെ മുന്നില്‍വെച്ച് പീഡിപ്പിച്ചത് ബുധനാഴ്ചയാണ്. മുള്ളൂര്‍ക്കര പഞ്ചായത്തിലെ മണ്ണുവെട്ടത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വടക്കാഞ്ചേരി ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചശേഷം വീട്ടയച്ചെങ്കിലും രക്തസ്രാവം കൂടിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
58കാരിയായ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊണ്ടാഴി പ്ലാക്കല്‍ വീട്ടില്‍ ഉമ്മര്‍ (54), ചേറക്കോട്ട് വീട്ടില്‍ നാരായണന്‍നായര്‍ (74) എന്നിവരെ വടക്കാഞ്ചേരി സിഐ ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മുള്ളൂര്‍ക്കര പീഡനക്കേസില്‍ മൂന്നാമതൊരു പ്രതികൂടി ഉള്ളതായി സംശയം. രണ്ടുപേര്‍ വീടിനകത്തുകയറി പീഡിപ്പിക്കുകയും ഒരാള്‍ കാവലായി പുറത്തുനിന്നതായും അഭ്യൂഹമുണ്ട്.
എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഉമ്മര്‍, നാരായണന്‍നായര്‍ എന്നിവരെ കൂടാതെ മൂന്നാമതൊരാള്‍ കൂടിയുണ്ടെന്നാണ് പറയുന്നത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോള്‍ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് വയോധികയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയെന്നും പണം നല്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയെന്നും ആരോപണമുണ്ട്.
കേസ് ഒത്തുതീര്‍പ്പാക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇവരുടെ മകള്‍ക്ക് ഫോണിലൂടെ ഭീഷണിയുണ്ടായതായും പറയുന്നു. നാട്ടുകാരുടെ പേരിലാണ് ഭീഷണി വന്നതത്രെ. അമ്മയെ നോക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നില്‍ക്കുകയാണ് ഇവര്‍. ഇതിനിടെയാണ് സംഭവം. ഫോണില്‍ ഭീഷണി വന്നത് റെക്കോഡ് ചെയ്തിട്ടുണ്ട്.തന്നെ രണ്ടുപേര്‍ ക്രൂരമായി പീഡിപ്പിച്ച കഥ മകളോട് വെളിപ്പെടുത്താന്‍ മടിച്ച വയോധിക ഒടുവില്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യെയാണ് സഭവം സൂചിപ്പിച്ചത്.
മകള്‍ കടയിലേക്കു പോയ സമയത്ത് നാരായണന് നായരും ഉമ്മറും ചേര്‍ന്ന് വയോധികയെ കട്ടിലില്‍ നിന്നു താഴേക്കു വലിച്ചിട്ടു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വയോധികയും വീട്ടിലുണ്ടായിരുന്ന പേരക്കുട്ടിയും ഉറക്കെ നിലവിളിച്ചെങ്കിലും വാതില്‍ ഉള്ളില്‍ നിന്നു കുറ്റിയിട്ടതിനാല്‍ പുറത്ത് ആരും കേട്ടില്ല. കടയിലേക്കു പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് വയോധിക അവശനിലയില്‍ താഴെ കിടക്കുന്നത് കണ്ടത്. വടി കുത്തിയാണ് ഇവര്‍ നടക്കാറുള്ളത്. ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകുമ്പോഴാണ് ഇവര്‍ മകളോട് വിവരങ്ങള്‍ പറയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാരും ഇവര്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് സൂചന നല്കി. മക്കള്‍ക്ക് നാണക്കേടാകണ്ട എന്നു കരുതിയാണത്രെ അമ്മ വിവരം ആദ്യം പറയാതിരുന്നത്.
സംഭവത്തിന് സാക്ഷിയായ കുട്ടി കരയുന്നതുകണ്ടാണ് കുട്ടിയുടെ അമ്മ വീട്ടിലേക്ക് വന്നത്. അടുത്ത വീട്ടിലേക്ക് പോയപ്പോള്‍ കൂടെ കൂട്ടാതിരുന്നതും മിഠായി വാങ്ങിക്കൊടുക്കാത്തതിനുമാണ് കുട്ടി കരയുന്നതെന്നാണ് ആദ്യം കരുതിയത്. നാരായണന്‍നായര്‍, ഉമ്മര്‍ എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: