അഗളി: അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയത് ആദിവാസികള്‍ക്ക് ഇരുട്ടടിയായി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയത്. ആദിവാസിമേഖലയില്‍ സബ്സിഡിയോടുകൂടി പോഷക ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്താന്‍ ലക്ഷ്യമിട്ട് 2012 നവംബറില്‍ അന്നത്തെ സഹകരണമന്ത്രി യയാണ് അട്ടപ്പാടിയില്‍ നന്മ സ്റ്റോറുകളുടെ ഉദ്ഘാടനം നടത്തിയത്.
കാരറ, ജല്ലിപ്പാറ, കല്ക്കണ്ടി, താവളം, ചിറ്റൂര്‍, ഷോളയൂര്‍, പുതൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. അവശ്യസാധനങ്ങള്‍ ലഭ്യമായാല്‍ പ്രതിദിനം പതിനായിരം രൂപയിലധികം വിറ്റു വരവുള്ള കടകളാണ് ഇപ്പോള്‍ അട്ടപ്പാടിയില്‍ അടച്ചൂപൂട്ടിയിരിക്കുന്നത്. റംസാന് ആഘോഷങ്ങള്‍ക്കുശേഷം കടകളിലേക്ക് പലവ്യഞ്ജനങ്ങള്‍ വിതരണം നടത്തിയിട്ടില്ല. ഓഗസ്റ്റ് 16നുശേഷം നന്മ സ്റ്റോറുകള്‍ തുറക്കേണ്ടതില്ലെന്ന് പാലക്കാടുനിന്നും സീനിയര്‍ മാനേജര്‍ ഫോണ്‍ മുഖേന ജീവനക്കാര്‍ക്ക അറിയിപ്പ് നല്‍കിയിരുന്നെന്നും ഇത് വ്യാജസന്ദേശമാണോ എന്നു വ്യക്തതയില്ലെന്നുമാണ് നന്മ സ്റ്റോറുകളിലെ ജീവനക്കാര്‍ പറയുന്നത്. സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ രേഖാമൂലമായ അറിയിപ്പുകളൊന്നും ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.
സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ തീരുകയും ഇറക്കുമതി ചെയ്യാതിരിക്കുകയും ചെയ്തതോടെ കടകള്‍ പൂട്ടുകയല്ലാതെ മറ്റു വഴിയുണ്ടാകില്ല. വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക കൊടുക്കാനും ജീവനക്കാര്‍ക്ക് കഴിയാതായി. സ്റ്റോറുകളിലെ വിറ്റുവരവ് അതത് ദിവസം തന്നെ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത്. സ്റ്റോറുകള്‍ പൂട്ടിയതോടെ ആഴ്ച വരുമാനക്കാരായ ജീവനക്കാരും വഞ്ചിക്കപ്പെട്ടു. ഇവരില്‍നിന്നു വാങ്ങിയിട്ടുള്ള പതിനായിരം രൂപയും പ്രതിമാസം പി.എഫ് ഇനത്തില്‍ പിടിച്ചെടുത്ത 780 രൂപവീതമുള്ള തുകയും ചികിത്സാനിധിയും അടക്കം 25000-ത്തില്‍ അധികം രൂപ ഓരോ ജീവനക്കാരനും ലഭിക്കാനുണ്ടെന്നു പറയുന്നു.
വിശേഷദിനങ്ങളില്‍ നന്മ സ്റ്റോറുകളില്‍നിന്നു ലഭിച്ചിരുന്ന സബ്സിഡി വസ്തുക്കള്‍ ആദിവാസികള്‍ക്കും കുടിയേറ്റ കര്‍ഷകര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. ഓണം തൊട്ടുമുമ്പില്‍ എത്തിനില്‍ക്കേ മുന്നറിയിപ്പൊന്നുമില്ലാതെ സ്റ്റോറുകള്‍ അടച്ചുപൂട്ടിയ നടപടി പിന്‍വലിച്ച് നന്മ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് അട്ടപ്പാടിക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: