ഒറ്റപ്പാലം: ലഹരിയായി നാര്‍ക്കോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതായി കണ്ടെത്തല്‍. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഡയസിപാം, ലോറസിപാം, നൈട്രാസ്പാം, ക്ലോപാസം, കൊടിന് എന്നീ മരുന്നുകളാണ് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്നത്. സൈക്കോട്രോപിക് മരുന്നുകളുടെ ദുരുപയോഗവും വന്‍തോതില്‍ വര്‍ധിച്ചതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്കുന്ന മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ക്കെതിരേ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തീരുമാനമായി. ലഹരിക്കായി മരുന്നുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്ക് ഇത്തരം മരുന്നുകള്‍ വില്പന നടത്തുന്നതുവഴി വലിയ ലാഭമാണ് ലഭിക്കുന്നത്. ലഹരിമരുന്നുകള്‍ക്ക് ദിനംപ്രതി ആവശ്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇവയുടെ വില്പന തകൃതിയാണ്.
ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയ്ക്കു പകരമായിട്ടാണ് ഗുളികകളും കുത്തിവെപ്പ് ആംപ്യൂളുകളും ലഹരിക്കായി ഉപയോഗിക്കുന്നത്. കഞ്ചാവ് കച്ചവടക്കാര്‍ വന്‍തോതില്‍ ഇത്തരം മരുന്നുകളുടെ വിപണനത്തിലേക്ക് തിരിഞ്ഞതായും അന്വേഷണങ്ങളില്‍ കണെ്ടത്തിയിരുന്നു.
മറ്റു ലഹരിവസ്തു സൗകര്യത്തില്‍ ഇതു കടത്താനും വിറ്റഴിക്കുന്നതിനും കഴിയും. കുട്ടികളും യുവാക്കളും വൃദ്ധരുംവരെ മേല്പറഞ്ഞ രീതിയില്‍ മയക്കുമരുന്നിനായി മെഡിക്കല്‍ ഷോപ്പുകളില്‍ എത്തുന്നുണ്ട്. ചില മെഡിക്കല്‍ ഷോപ്പുടമകളുമായി കൈകോര്‍ത്ത് ലഹരിമരുന്നുകള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്പന നടത്തുന്ന സംഘങ്ങളും ഇത്തരത്തില്‍ സജീവമായി പ്രവര്ത്തിക്കുന്നുതായാണ് സൂചന.
ഇത്തരത്തില്‍ മരുന്നുവില്പന നടത്തുന്ന മെഡിക്കല്‍ ഷോപ്പുകള്‍ ഇനിമുതല്‍ എക്സൈസിന്റെ കര്‍ശന നിരീക്ഷണത്തിലാകും. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസിനു നിര്‍ദേശം നല്കി. ദുരുപയോഗം ചെയ്യുന്ന മരുന്നുകളുടെ പട്ടികയും ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. മേല്പറഞ്ഞ മരുന്നുകളുടേതടക്കം സ്റ്റോക്കും വില്പനയും രേഖപ്പെടുത്തുന്നതിനായി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുന്നതിനും ഉത്തരവുനല്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ചില മെഡിക്കല്‍ സ്റ്റോറുകള്‍ വ്യാപകമായി നാര്‍കോട്ടിക് മരുന്നുകള്‍ വില്‍ക്കുകയാണ്. ഔഷധമേഖലയിലെ ചില മൊത്തവിതരണക്കാരും വിതരണ ശൃംഖലയിലെ ജീവനക്കാരും മരുന്നു കടത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നതായി എക്സൈസ് വകുപ്പിന് തെളിവുകള്‍ ലഭിച്ചു. മയക്കുമരുന്നു വില്പനക്കാരായ ചിലരില്‍നിന്നും എക്സൈസ് അധികൃതര്‍ നാര്‍ക്കോട്ടിക് മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധമായി വില്‍ക്കപ്പെടുന്ന മരുന്നുകളാണ് ഇത്തരക്കാര്‍ക്കു ലഭിക്കുന്നതെന്ന് കണ്ടെത്തി.
നാര്‍ക്കോട്ടിക് മരുന്നുകള്‍ വില്ക്കുന്നതിനു മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ഡ്രഗ്സ് കണ്ട്രോള് വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ട്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാറുണ്ടെങ്കിലും മരുന്നു ദുരുപയോഗം തടയാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: