കാഞ്ഞങ്ങാട്: പദ്ധതികളുടെ നടത്തിപ്പില്‍ കാര്യക്ഷമതയില്ലാത്തതാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് തുറന്ന് പറഞ്ഞു. കാഞ്ഞങ്ങാട് 33 കെവി സബ്സ്റ്റേഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബോര്‍ഡ് തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ല. 2014 ല്‍ ഭരണാനുമതി ലഭിച്ച കാഞ്ഞങ്ങാട്ടെ 33 കെവി സബ്സ്റ്റേഷന് നിര്‍മാണം ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്ഷത്തോളമെടുത്തുവെന്നും വകുപ്പിലെ കാര്യക്ഷമതക്കുറവ് ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നിന്നും പരാതികളുടെ കൂമ്പാരമാണ് ലഭിക്കുന്നത്. ജില്ലയിലെ വൈദ്യുതി വിതരണ രംഗം പുരോഗമിച്ചിട്ടില്ല. ഇത് പരിഹരിക്കും.
ജില്ലയില്‍ ട്രാന്സ്മിഷന് സര്‍ക്കിള്‍ അനുവദിക്കും. ജില്ലയിലെ വൈദ്യുതി പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്കിയ ചീമേനിയിലെ നിര്‍ദ്ദിഷ്ട 400 കെവി സബ്സ്റ്റേഷന്റെ നിര്‍മാണത്തിന് തടയിടാന്‍ ചിലര്‍ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു. പണമില്ലെന്ന കാരണത്താല്‍ പദ്ധതി മുടങ്ങില്ല. കേന്ദ്ര സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. എന്നാല്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. എതിര്‍പ്പ് മൂലം തടസപ്പെടരുത്. കേന്ദ്രസഹായത്തോടെ വെള്ളുടയില്‍ നിര്‍മാണം പുര്‍ത്തിയായി വരുന്ന സോളാര്‍ പാര്‍ക്കില്‍ നിന്ന് ആദ്യത്തെ 50 മെഗാവാട്ടിന്റെ ഉദ്ഘാടനം സെപ്തംബറില്‍ കേന്ദ്ര ഊര്‍ജമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട്ടെ കെഎസ്ടിപി റോഡ് നിര്‍മാണത്തിന് ഭൂഗര്‍ഭ കേബിള്‍ സംബന്ധിച്ച് കെഎസ്ഇബി ബിഎസ്എന്‍എല്‍ തര്‍ക്കം അധികൃതരുമായി ചര്‍ച്ച് ചെയ്ത് പരിഹരിക്കും. ചടങ്ങില്‍ കെഎസിഇബി കരാര്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച കുറ്റിക്കോലിലെ രാജീവിന്റെ കുടുംബത്തിനുള്ള 8,12000 രൂപയുടെ ധനസഹായം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് കൈമാറി. നഗരസഭ ചെയര്മാന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെഎസ്ഇബി നോര്‍ത്ത് ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി.കുമാരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: