ആലത്തൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലം നെല്‍പ്പാടങ്ങളില്‍ വ്യാപകമായി മഞ്ഞളിപ്പു രോഗം. നെല്‍ച്ചെടിയുടെ പഴയ ഇലകളില്‍ മഞ്ഞളിപ്പു കാണുകയും അഗ്രഭാഗം കരിയുകയും ചെയ്യുന്നതായി കര്‍ഷകര്‍ പറ!ഞ്ഞു. നട്ട് 60 ദിവസമായ ചെടികളെയാണു രോഗം ബാധിച്ചിരിക്കുന്നത്. വടക്കഞ്ചേരി കൃഷിഭവനില്‍ പ്രവര്‍ത്തിക്കുന്ന വിള ആരോഗ്യ കേന്ദ്രത്തിന്റെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
ബാക്ടീരിയന്‍ ഇലകരിച്ചില്‍ രോഗവും പാടങ്ങളില്‍ കണ്ടെത്തിയതായി കൃഷി ഓഫിസര്‍ എം.വി. രശ്മി പറഞ്ഞു. രോഗം മൂലം ഇലകരിച്ചില്‍ അതിവേഗം പടരുന്നതിനു മുന്‍പു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. ഇലകളുടെ അഗ്രഭാഗത്തും വശങ്ങളിലും കാണപ്പെടുന്ന കരിച്ചിലാണു രോഗ ലക്ഷണം. വടക്കഞ്ചേരി, തിരുവറ, കിഴക്കഞ്ചേരി, കുറുവായ്, പല്ലാറോഡ്, തെക്കേത്തറ, മാണിക്യപ്പാടം പാടശേഖരങ്ങളില്‍ കുഴല്‍പ്പുഴുവിന്റെ ആക്രമണവും രൂക്ഷമായി.
വെള്ളം കെട്ടിനില്‍ക്കുന്ന പാടത്താണു കൂടുതല്‍ രോഗബാധയുണ്ടായിട്ടുള്ളത്. നെല്‍ച്ചെടികളുടെ ഇലകളെ ചുരുളുകളാക്കി മുറിച്ച് ആ ചുരുളുകളില്‍ ഇരുന്നു പുഴുക്കള്‍ നെല്‍ച്ചെടികളെ തിന്നു നശിപ്പിക്കുകയാണു ചെയ്യുന്നത്. നൈട്രജന്‍ വളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന പാടങ്ങളിലാണു കീടങ്ങളുടെ ആക്രമണം കൂടുതലായുള്ളത്.
മഞ്ഞളിപ്പു കണ്ടെത്തിയാല്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ഏക്കറിന് 50 കിലോ എന്ന തോതില്‍ പാടത്തുവിതറി ഒരാഴ്ച കഴിഞ്ഞു യൂറിയ 10 ഗ്രാം ഒരു ലീറ്ററിന് എന്ന തോതില്‍ കലക്കി തളിക്കുക.19:19.19 വളം അഞ്ച് ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയുമാവാം. ബാക്ടീരിയന്‍ ഇലകരിച്ചില്‍ കണ്ടാല്‍ ബ്ലീച്ചിങ് പൗഡര്‍ കിഴികെട്ടി പാടത്തു വയ്ക്കുക. പച്ചച്ചാണക തെളിയില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ സാമ്പിളുകളില്‍ നെല്‍ച്ചെടിയില്‍ മണ്ഡരിയുടെ ആക്രമണം മൂലമുള്ള മഞ്ഞളിപ്പും കാണപ്പെട്ടു. കളപറിക്കലും വളമിടലും കഴിഞ്ഞ സമയത്താണു മഞ്ഞളിപ്പ് പടരുന്നത്. എലിശല്യവും പാടങ്ങളില്‍ വ്യാപകമായിട്ടുണ്ട്. നെല്‍ച്ചെടികള്‍ എലികള്‍ വെട്ടിനശിപ്പിക്കുന്നതു മൂലം കര്‍ഷകര്‍ പാടത്തു കെണികള്‍ വച്ചിരിക്കുകയാണ്. മണ്ഡരി നിയന്ത്രിക്കാന്‍ നിംബിസിഡില് നാലു മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: