തിരുവല്ല: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് റോഡ് ചെളിക്കുളമായതിനെ തുടര്‍ന്ന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കാവുംഭാഗം ഇടിഞ്ഞില്ലം റോഡില്‍ നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാറിങ്പൂര്ത്തിയാക്കിയെങ്കിലും മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് അവ ഇളകിമാറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്‍സൂണ്‍ കാലമായതോടെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ അപകടങ്ങളും പതിവായിരിക്കുകയാണ്. നഗരത്തിലെ തിരക്കില്‍ നിന്നൊഴിവായി മാവേലിക്കര, ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് പോകാവുന്ന എളുപ്പവഴിയായതിനാല്‍ റോഡില്‍ എപ്പോഴും നല്ല തിരക്കാണ്. കഴിഞ്ഞ മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കൂടുതല്‍ തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. വെയിലായി കഴിഞ്ഞാല്‍ മണ്ണിളകി കിടക്കുന്ന റോഡില്‍ പൊടിശല്യവും രൂക്ഷമാകും. വിവിധ പദ്ധതികളില്‍ ഉള്പ്പെടുത്ത്ി മൂന്നു റീച്ചുകളിലായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിയുംമുമ്പേ റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതയാണെന്ന് പരാതികള്‍ ഉയര്‍ന്നെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞമാസങ്ങളില്‍ ഉണ്ടായ കനത്തമഴയെ തുടര്‍ന്ന് ദിവസങ്ങളോളം റോഡില്‍ വെള്ളംകെട്ടിക്കിടന്നതോടെ മറ്റുഭാഗങ്ങളും തകര്‍ന്നുതരിപ്പണമായി.ചിലഭാഗങ്ങളിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കാനുള്ള വെള്ളം ഇപ്പോഴുമുണ്ട്.എം സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷനേടാന്‍ ഒട്ടേറെ യാത്രക്കാരാണ് കാവുംഭാഗംഇടിഞ്ഞില്ലം റോഡിനെ ആശ്രയിക്കുന്നത്. എന്നാല്‍ കുഴികള്‍ നിറഞ്ഞ് ദുഷ്ക്കരമായ റോഡ് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കാഴ്ചയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ലോറികളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. മേപ്രാല്‍, വേങ്ങല്‍, ആലംതുരുത്തി, അഴിയിടത്തുചിറ, കഴുപ്പില്‍ കോളനി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാനവഴിയും ഇതാണ്. റോഡിന്റെ തകര്‍ച്ചയ്ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.ഇന്നലെ കാവുംഭാഗത്ത് നടന്ന പ്രതിഷേധ പരിപാടി നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് മുരളീകോവൂര് അദ്ധ്യക്ഷത വഹിച്ചു.കോര്‍പ്പറേറ്റീവ് സെല്‍ ജില്ലാ കണ്‍വീനര്‍ പി.എസ് മനോഹരന്,ടൗണ്‍ പ്രസിഡന്റ് അശോക് കുമാര്‍ അമ്പാടി,ഉപാദ്ധ്യക്ഷന്‍ പ്രതീഷ്.ജി.പ്രഭു,വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദുസംക്രമത്ത്,സന്തോഷ് കോതേകാട്ട്,രാജേഷ് സംക്രമത്ത് എന്നിവര്‍ നേതൃത്ത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: