തൃശൂര്‍ : ചട്ടങ്ങളില്‍ ഇളവുകള്‍ നല്കി ആകര്‍ഷകമായ പാക്കേജ് നല്കിയാല് എം.ജി റോഡ് വികസനത്തിന് സൗജന്യമായി സ്ഥലം നല്‍കാമെന്ന് സ്ഥലം ഉടമകള്‍. ഇതോടെ എം.ജി റോഡ് വികസന പ്രതീക്ഷയേറി. വിദഗ്ദോപദേശങ്ങള്‍ കൂടി നേടി പാക്കേജ് തയ്യാറാക്കുന്നതിന് തീരുമാനമെടുത്തതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു.എം.ജി റോഡ് വികസനം ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് എം.കെ.റോസിലി വിളിച്ചുകൂട്ടിയ ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സ്ഥലം ഉടമ പ്രതിനിധികള്‍ സന്നദ്ധത അറിയിച്ചത്. മേയര്‍ അജിത ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഉടമകളുടെയും വാടകക്കാരുടേയും പ്രതിനിധികളും കോര്പ്പറേഷന് അധികൃതരുമായിരുന്നു പങ്കെടുത്തത്.
നടുവിലാല്‍ ജംഗ്ഷന് മുതല്‍ പാറയില്‍ ജംഗ്ഷന് വരെ 21 മീറ്ററിലും തുടര്‍ന്ന് പടിഞ്ഞാറെകോട്ട വരെ 25 മീറ്ററിലും റോഡ് വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാനിന് വിധേയമായി 40 വര്‍ഷം മുമ്പ് കൗണ്‍സില്‍ അംഗീകരിച്ച വിശദനഗരാസൂത്രണപദ്ധതി (ഡി.ടി.പി സ്കീം)യനുസരിച്ച് തന്നെ സ്ഥലമെടുപ്പ് നടത്തുന്നതിനും യോഗത്തില്‍ ധാരണയായി. പുതിയ മാസ്റ്റര്‍പ്ലാനിലെ 27 മീറ്റര്‍, 36 മീറ്റര്‍ വികസന നിര്‍ദ്ദേശങ്ങള്‍ക്ക് ആരുടേയും പിന്തുണ ലഭിച്ചില്ല. റോഡ് വികസനത്തിനാവശ്യമായ 179 സെന്റ് സ്ഥലത്തില്‍ 29 സെന്റ് നേരത്തെ സ്ഥലം ഉടമകള്‍ സൗജന്യമായി കോര്പ്പറേഷന് കൈമാറിയിരുന്നു. ബാക്കി 150 സെന്റ് സ്ഥലത്തിന് 60 കോടിയെങ്കിലും വില വരുമെന്നതിനാല്‍ പണം മുടക്കി സ്ഥലം വാങ്ങി റോഡ് വികസനം എളുപ്പമാകില്ലെന്നാണ് കോര്പ്പറേഷന് നിലപാട്. ഈ സാഹചര്യത്തിലാണ് പാക്കേജ് അനുവദിക്കാനുള്ള ചര്‍ച്ച.എം.ജി റോഡില്‍ നിലവില്‍ 4.5 മീറ്റര്‍ വിട്ട് വേണം കെട്ടിടം നിര്‍മ്മിക്കാന്‍. ഇതു 1.5 മീറ്റര്‍ ആക്കി ചുരുക്കി കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു സൗജന്യമായി സ്ഥലം നല്കാന് ഉടമകളുടെ പ്രധാന വ്യവസ്ഥ. എഫ്.എ.ആറില്‍ ഇളവ് ഉള്‍പ്പടെ മറ്റ് പലനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവന്നു. പാക്കേജ് സംബന്ധിച്ച വിശദ ചര്‍ച്ച നടത്തി തയ്യാറാക്കുന്നതിനും ചര്‍ച്ചയില്‍ ടൗണ്‍ പ്ലാനിങ്ങ് വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചതായി വര്‍ഗ്ഗീസ് കണ്ടംകുളത്തി പറഞ്ഞു.കോര്പ്പറേഷന് തയ്യാറാക്കുന്ന പാക്കേജിനും സര്‍ക്കാര്‍ അനുമതി ആവശ്യമുണ്ട്. സൗജന്യമായി ഭൂമി ലഭ്യമാക്കി റോഡ് വികസനം സാധ്യമാക്കുന്നതിനുള്ള പാക്കേജിന് സര്‍ക്കാര്‍ അനുമതിക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായും കടമുറികള്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം വേണമെന്നും ഭാഗികമായി നഷ്ടപ്പെടുന്നവര്‍ക്ക് മുന്‍ഭാഗം മുറിച്ച്നീക്കി വ്യാപാരം തുടരാന്‍ അനുവദിക്കണമെന്നും മാത്രമായിരുന്നു വാടക വ്യാപാരികളുടെ ആവശ്യം.എം.ജി റോഡിലെ റെയില്‍വേ മേല്‍പ്പാലം വീതി കൂട്ടുന്നതിനും റെയില്‍വേയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചതായി ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: