ഇരിങ്ങാലക്കുട : ലക്ഷകണക്കിന് നാലമ്പല തീര്‍ത്ഥാടകര്‍ എത്തുന്ന ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ ശുദ്ധജലവിതരണം മുടങ്ങുന്നതിനാല്‍ ഭക്തജനങ്ങള്‍ ബുദ്ധിമുട്ടുന്നു. വലിയ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനം ഭക്തജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ അയ്യായിരത്തിലധികം പേര്‍ക്ക് അന്നദാനം നടത്തികൊണ്ടിരിക്കുന്ന സേവാഭാരതിയുടെ ഈ സദ്യുദ്യമത്തിന് ശുദ്ധജലവിതരണം മുടങ്ങുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. ആഴ്ചയിലൊരിക്കലാണ് കുടിവെള്ളമെത്തുന്നത്. ലക്ഷകണക്കിന് തീര്‍ത്ഥാടകരെത്തുന്ന നാലമ്പലതീര്ത്ഥാടനസമയത്ത് ശുദ്ധജലവിതരണം മുടങ്ങാതെ നടത്തുവാന്‍ നടപടി സ്വീകരിക്കാത്ത വാട്ടര്‍ അതോരിറ്റിയുടെ ജനരോഷം ഉയരുകയാണ്.
ഇരിങ്ങാലക്കുടയിലും പ്രദേശങ്ങളിലും ശുദ്ധജലവിതരണം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ജലഅതോറിറ്റി ഓഫിസിനുമുമ്പില്‍ ധര്‍ണ്ണ നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് ജില്ല സമിതി തീരുമാനിച്ചു. കുടിവെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ക്കും സേവാഭാരതി നടത്തുന്ന അന്നദാനം പോലെയുള്ള സേവാപ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ജലഅതോരിറ്റി ഓഫിസിനു മുമ്പിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തും. യോഗത്തില്‍ ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരംതറ, താലൂക്ക് പ്രസിഡണ്ട് ശിവജി താണിശേരി, സെക്രട്ടറി വി.ആര്.മധു, ട്രഷറര്‍ രവി ആറാട്ടുപുഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: