ഹൂസ്റ്റണ്‍: എണ്‍പതാം മിനിറ്റില്‍ ജീസസ് കൊറോണ നേടിയ ഗോളിലൂടെ സമനില പിടിച്ച മെക്സിക്കോ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സി ചാമ്പ്യന്മാരായി. 10-ാം മിനിറ്റില്‍ ജോസെ മാനുവല്‍ വെലസ്ക്വസിലൂടെ നേടിയ ലീഡ് 80-ാം മിനിറ്റ് വരെ നിലനിര്‍ത്താന്‍ വെനസേ്വലക്കായെങ്കിലും സ്വപ്നതുല്യമായ ഗോളിലൂടെ മെക്സിക്കോ സമനില പിടിച്ചുവാങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചുകഴിഞ്ഞതിനാല് ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്ണയിക്കുന്നതിനുവേണ്ടിയായിരുന്നു ഈ പോരാട്ടം.
മൂന്ന് കളികളില്‍ നിന്ന് ഇരുടീമുകള്‍ക്കും 7 പോയിന്റ് വീതം സ്വന്തമായെങ്കിലും മികച്ച ഗോള്‍ശരാശരി മെക്സിക്കോക്ക് തുണയായി. ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരാകുമെന്ന് കരുതപ്പെടുന്ന അര്‍ജന്റീനയായിരിക്കും വെനസ്വേലയുടെ എതിരാളികള്‍. മെക്സിക്കോക്ക് ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരാകുന്ന ചിലിയോ പനാമയോ.
കളിയില്‍ പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മെക്സിക്കോയായിരുന്നെങ്കിലും മുന്നേറ്റങ്ങള്‍ക്ക് കരുത്ത് കുറവായിരുന്നു. സമനിലയോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയും ചെയ്യാമെന്നതും മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറയാന്‍ കാരണമായി. 25 ഷോട്ടുകള്‍ മെക്സിക്കോ എതിര് വലയിലേക്ക് പായിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് നീങ്ങിയത് എട്ടെണ്ണം. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് വെനസ്വേല ഗോളി ഡാനിയേല്‍ ഹെര്‍ണാണ്ടസ് കീഴടങ്ങിയത്. മറുവശത്ത് വെനസ്വേലയും അടങ്ങിയിരുന്നില്ല. അവര്‍ പായിച്ച 10 ഷോട്ടുകളില്‍ ആറെണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും മെക്സിക്കോ ഗോളി ജോസെ കൊറോണ കീഴടങ്ങിയതും ഒരിക്കല്‍ മാത്രം.
കളി തുടങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോള്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. പത്താം മിനിറ്റില്‍ ഏറെക്കുറെ മധ്യനിരയ്ക്കടുത്തുനിന്ന് പെനരാന്ഡ എടുത്ത നെടുനീളന്‍ ഫ്രീകിക്കാണ് ഗോളിന് വഴിവച്ചത്. ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് സാന്റോസ് ഹെഡ്ഡറിലൂടെ വെലസ്ക്വസിന്. കോപ്പയില്‍ അരങ്ങേറ്റം കുറിച്ച വെലസ്ക്വസ് അത്യുജ്ജ്വലമായ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോള്‍ മെക്സിക്കോ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ ചാമ്പ്യന്‍ഷിപ്പ് കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു ഇത്.
ലീഡ് വഴങ്ങിയതോടെ ഗോള്‍ മടക്കാനായി മെക്സിക്കോയുടെ ശ്രമം. ആന്ദ്രെ ഗുര്‍ഡാഡോയും ഹെക്ടര്‍ ഹെരേരയും പെരാള്‍ട്ടയും ഒത്തിണക്കത്തോടെ മുന്നേറി വെനസ്വേലന്‍ ഗോള്‍മുഖത്ത് നിരവധി തവണ ഭീഷണി മുഴക്കിയെങ്കിലും പ്രതിരോധവും പോസ്റ്റിന് മുന്നില്‍ ഗോളിഡാനിയല് ഹെര്‍ണാണ്ടസും ചേര്‍ന്ന് അവയെല്ലാം വിഫലമാക്കി. അര ഡസനോളം അവസരങ്ങളാണ് ഹെര്‍ണാണ്ടസ് അത്ഭുതകരമായി തട്ടിയും കുത്തിയുമകറ്റിയത്. മെക്സിക്കന്‍ മുന്നേറ്റത്തിന് കരുത്ത് കൂടിയതോടെ അമിത പ്രതിരോധത്തിലേക്ക് വെനസ്വേല പിന്‍വലിഞ്ഞതും അവര്‍ക്ക് വിനയായി.
കരുത്തുറ്റ എതിര് പ്രതിരോധത്തെ പിളര്‍ത്താന്‍ ലോങ്റേഞ്ചുകളായിരുന്നു പിന്നീട് മെക്സിക്കന്‍ താരങ്ങള്‍ ആശ്രയിച്ചത്. 39-ാം മിനിറ്റില്‍ റഫറിയുടെ നോട്ടപ്പിശക് കൊണ്ട് കഷ്ടിച്ചാണ് അവര്‍ ഒരു പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പെട്ടത്. കോര്‍ണറില്‍ നിന്നുള്ള മൊറേനയുടെ ഒരു ഹെഡ്ഡര്‍ ഡിഫന്‍ഡറുടെ കൈയില്‍ തട്ടിയെങ്കിലും റഫറി കണ്ടില്ല. ഇതോടെ ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി വെനസ്വേല കയറി.
രണ്ടാം പകുതിയിലും മെക്സിക്കന്‍ മുന്നേറ്റങ്ങള്‍ അപാരമായ കരുത്തായിരുന്നു. തിരമാലകണക്കെ അവര്‍ മുന്നേറിയപ്പോള്‍ വെനസ്വേലക്ക് പിടിപ്പതു പണിയായിരുന്നു. നിരവധി തവണയാണ് വെനസ്വേലന്‍ ഗോളി ടീമിന്റെ രക്ഷക്കെത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 80-ാം മിനിറ്റില്‍ മെക്സിക്കോ അര്‍ഹിച്ച സമനില പിടിച്ചുപറ്റി. അര്‍തൂറോ പ്രാഡോയില്‍ നിന്ന് ലഭിച്ച പന്തുമായി രണ്ട് താരങ്ങളെ വകഞ്ഞുമാറ്റി ഒറ്റയ്ക്ക് ബോക്സിലേക്ക് കയറിയ കൊറോണ, തടയാനെത്തിയ മൂന്നു പ്രതിരോധനിരയിലെ താരങ്ങളെയും ഗോളിയെയും കബളിപ്പിച്ച് വെടിയുണ്ടകണക്കെയുള്ള ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
മെസ്സിയെപ്പോലെയുള്ള പ്രതിഭകള്‍ നേടുന്ന ഒരു ഗോളിന്റെ ചാരുതയായിരുന്നു അതിന്. 88-ാം മിനിറ്റില്‍ മെക്സിക്കോ ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും വെനസ്വേലന്‍ ഗോളി രക്ഷകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: