ലിലെ: യൂറോ 2016-ല്‍ നിലവിലെ ലോകചാമ്പ്യന്മാര്ക്ക് വിജയത്തുടക്കം. വാശിയോടെ പൊരുതിയെ ഉക്രെയിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി തകര്‍ത്തത്. ഗ്രൂപ്പ് സിയില്‍ നടന്ന പോരാട്ടത്തില്‍ ഷ്കോഡ്രാന് മുസ്താഫി, പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന്‍ ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍ എന്നിവരാണ് ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഷ്വയ്ന്‍സ്റ്റീഗര്‍ മൂന്നുമിനിറ്റിനകം ലക്ഷ്യം കാണുകയായിരുന്നു.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ജര്‍മ്മനിയായിരുന്നു എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നത്.
68 ശതമാനവും പന്ത് കൈവശം വെച്ച ജര്‍മ്മന്‍ താരങ്ങള്‍ ആകെ പായിച്ചത് 18 ഷോട്ടുകള്‍. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് എട്ടെണ്ണം. എന്നാല്‍ ഉക്രെയിന് ഗോളി ആന്ദ്രെ പെയ്റ്റോവിന്റെ മികച്ച പ്രകടനം കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ജര്‍മ്മന്‍ ടാങ്കറുകളെ തടഞ്ഞുനിര്‍ത്തി. അതേസമയം ഉക്രെയിന് ആകട്ടെ ആകെ പായിച്ച എട്ട് ഷോട്ടുകളില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും മാനുവല്‍ ന്യുയര്‍ എന്ന ലോകോത്തര ഗോളിയെ കീഴടക്കാനുള്ള കരുത്ത് അവയ്ക്കുണ്ടായില്ല.
ഉക്രെയിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ അവര്‍ക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു. യെവ്ഹെന്‍ കോണോപ്ലിന്ക്യ ബോക്സിന് പുറത്തുനിന്ന് പായിച്ച തകര്‍പ്പന്‍ ഷോട്ട് ജര്മ്മന്ഗോളി മാനുവല്‍ ന്യുയര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 12-ാം മിനിറ്റില്‍ ജര്‍മ്മനിയുടെ ജോനാസ് ഹെക്ടറിന്റെ ഷോട്ട് പുറത്ത്. തുടര്‍ന്ന് കളിയുടെ നിയന്ത്രണം ജര്‍മ്മനിക്ക്. 19-ാം മിനിറ്റില്‍ മുസ്താഫിയുടെ ജര്‍മനി ലീഡ് നേടി. ടോണി ക്രൂസ് എടുത്ത ഫ്രീകിക്കിന് തലവെച്ചാണ് മുസ്താഫി ലക്ഷ്യം കണ്ടത്. ദേശീയ ടീമിനായി മുസ്താഫിയുടെ ആദ്യ ഗോള്‍.
27-ാം മിനിറ്റില്‍ ഉക്രെയിന്റെ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ബോക്സിനുള്ളില്‍ നിന്ന് യെവ്ഹെന്‍ കഷേരിദി ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും മാനുവല്‍ ന്യുയര്‍ രക്ഷകനായി.31-ാം ഷെവ്ചെങ്കോ മികച്ച ഷോട്ട് തൊടുത്തെങ്കിലും ജര്‍മ്മന്‍ വലകുലുങ്ങിയില്ല. തുടര്‍ന്ന് ഇരുടീമും ആക്രമപ്രത്യാക്രമണവുമായി മുന്നേറിയെങ്കിലും ഗോള്‍ നേടാനായില്ല. ഇതിനിടെ, 37-ാം മിനിറ്റില്‍ ജര്‍മ്മനിയെ ഗോളില്‍ നിന്ന് രക്ഷിച്ചത് ജെറോം ബോട്ടെങിന്റെ അത്ഭുതകരമായ സേവ്. ഉക്രെയിന് താരങ്ങള്‍ ഗോളെന്നുറപ്പിച്ച ഷോട്ടിനെ പന്ത് ഗോള്‍ലൈന്‍ കടക്കുന്നതിന് തൊട്ടുമുന്‍പ് അത്ഭുതകരമായി തട്ടിയകറ്റുകയായിരുന്നു ബോട്ടെങ്.
രണ്ടാം പകുതിയെത്തിതോടെ മത്സരം കൂടുതല്‍ ആവേശത്തിലായി. ലീഡ് ഉയര്‍ത്താന്‍ ജര്‍മനിയും തിരിച്ചടിക്കാന്‍ ഉക്രെയ്നും ശ്രമിച്ചതോടെ പോരാട്ടം കടുത്തു. 48-ാം മിനിറ്റില്‍ ഡ്രാക്സലറുടെ ഷോട്ട് ഉക്രെയിന് ഗോളി രക്ഷപ്പെടുത്തിയപ്പോള്‍ 57-ാം മിനിറ്റില്‍ യറോസ്ലാവ് റാകിറ്റിസ്കിയുടെ ഷോട്ട് ന്യുയറിന് മുന്നിലും വിഫലം. 61-ാം മിനിറ്റില്‍ ഖദീരയുടെ ഷോട്ടും ഉക്രെയിന് ഗോളി രക്ഷപ്പെടുത്തി.
74, 75 മിനിറ്റുകളില്‍ മരിയോ ഗോട്സെ, തോമസ് മുള്ളര്‍ എന്നിവരുടെ ശ്രമങ്ങള്‍ക്ക് മുന്നിലും ഉക്രെയിന് ഗോളി വിലങ്ങുതടിയായി. 87-ാം മെസ്യൂട്ട് ഒസിലും സുവര്‍ണാവസരം പഴാക്കി. എന്നാല്‍ തൊണ്ണൂറാം മിനിറ്റില്‍ മാരിയോ ഗൊട്സെയുടെ പകരക്കാരനായെത്തിയ നായകന് ഷ്വയ്ന്സ്റ്റീഗറിലൂടെ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. മെസ്യൂട്ട് ഓസിലിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. 2011നുശേഷം ഷ്വയ്ന്‍സ്റ്റീഗര്‍ രാജ്യത്തിനായി നേടുന്ന ആദ്യ ഗോളായി ഇത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പോളണ്ട് ആദ്യ വിജയം നേടി.
വടക്കന്‍ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോളണ്ട് കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 51-ാം മിനിറ്റില്‍ അര്‍ക്കാദിയൂസ് മിലിക്കാണ് പോളിഷ് പോരാളികളുടെ വിജയഗോള്‍ നേടിയത്.
ജയത്തോടെ സി ഗ്രൂപ്പില്‍ ഒന്നാമത്തെത്തി ജര്‍മനി. പോളണ്ടാണ് ഗ്രൂപ്പില്‍ രണ്ടാമത്. ജര്‍മനിയുടെ അടുത്ത മത്സരം 16ന് പോളണ്ടുമായിട്ടാണ്. അന്ന് ഉക്രെയിന് വടക്കന്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: