ലെന്‍സ് (പാരീസ്): യൂറോ 2016-ല്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിന് കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 87-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയാണ് വിജയികളുടെ ഗോള്‍ നേടിയത്. ആന്ദ്രെ ഇനിയേസ്റ്റ അളന്നുമുറിച്ചു നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ പിക്വെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ അതുവരെ ഉജ്ജ്വല രക്ഷപ്പെടുത്തലുകളുമായി കളംനിറഞ്ഞ ചെക്ക് ഇതിഹാസ ഗോളി പീറ്റര്‍ ചെക്കിന് പിഴച്ചു.
മത്സരത്തില്‍ ചെക്കിന് പറ്റിയ ഏക പിഴവും ഇതുതന്നെ.
തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചുകളിച്ചതോടെ കളി ആവേശകരമായിരുന്നു. എങ്കിലും പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നതും നിലവിലെ ചാമ്പ്യന്മാര്. എന്നാല്‍ മികച്ചൊരു സ്ട്രൈക്കറുടെ അഭാവം സ്പാനിഷ് മുന്നേറ്റനിരയില്‍ നിഴലിച്ചു. ഡീഗോ കോസ്റ്റയെയും ഫെര്‍ണാണ്ടോ ടോറസിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സ്പാനിഷ് ആരാധകര്‍ ശരിക്കും വിഷമിച്ച നിമിഷങ്ങള്‍ നിരവധിയായിരുന്നു മത്സരത്തില്‍. പ്ലേ മേക്കര്‍ ആന്ദ്രെ ഇനിയേസ്റ്റ അദ്ധ്വാനിച്ചു കളിച്ചെങ്കിലും സൂപ്പര്‍താരം സെസ്ക് ഫാബ്രിഗസ് നിറം മങ്ങി.
അതേസമയം ചെക്ക് റിപ്പബ്ലിക്കും മികച്ച മുന്നേറ്റങ്ങളുമായി സ്പാനിഷ് നിരയെ ഇടയ്ക്കിടെ വിറപ്പിച്ചെങ്കിലും ഗോളി ഡേവിഡ് ഗിയയെ കീഴടക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: