ന്യൂജേഴ്സി: വിവാദഗോളില്‍ ബ്രസീല്‍ പുറത്തായെങ്കിലും ആധികാരിക വിജയത്തോടെ ഇക്വഡോര്‍ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. നിര്‍ണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്താണ് ഇക്വഡോര്‍ അവസാന എട്ടിലേക്ക് എത്തിയത്. മൂന്ന് കളികളില്‍ ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റ് സ്വന്തമാക്കിയാണ് ഇക്വഡോര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായത്. കോപ്പയില്‍ കഴിഞ്ഞ 15 മത്സരങ്ങള്‍ക്കിടെ ഇക്വഡോറിന്റെ ആദ്യ വിജയമാണിത്.
10 മല്‍സരങ്ങള്‍ അവര്‍ തോറ്റപ്പോള്‍ നാലു മല്‍സരം സമനിലയിലായി.
വിജയികള്‍ക്കായി എന്നര് വലന്‍സിയ, ജെയ്മി അയോവി, ക്രിസ്റ്റ്യന്‍ നൊബോവോ, അന്റോണിയോ വലന്‍സിയ എന്നിവര്‍ ഗോള്‍ നേടി. ആതിഥേയരായ യുഎസ്എയാണ് ക്വാര്‍ട്ടറില്‍ അവരുടെ എതിരാളികള്‍. മൂന്നു മല്‍സരങ്ങളും തോറ്റ ഹെയ്തി നേരത്തെതന്നെ പുറത്തായിരുന്നു. പലപ്പോഴും ഇക്വഡോര്‍ സ്ട്രൈക്കര്‍മാര്‍ ലക്ഷ്യം മറന്നതോടെയാണ് ഹെയ്തിയുടെ പരാജയം നാല് ഗോളില്‍ ഒതുങ്ങിയത്. ഒപ്പം ഹെയ്തി ഗോളിയുടെ മിന്നുന്ന പ്രകടനവും അവര്‍ക്ക് തുണയായി.
വിങ്ങുകളിലൂടെ പറന്നുമുന്നേറിയ അന്റോണിയോ വലന്‍സിയയുടെ വേഗത ഹെയ്തി പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചു. നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഭൂരിഭാഗവും ലക്ഷ്യം പിഴയ്ക്കുകയായിരുന്നു.
തുടക്കം മുതല്‍ മുന്നേറ്റം മെനഞ്ഞെടുത്ത ഇക്വഡോര്‍ 11-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് ഹെയ്തി താരങ്ങളുടെ ഓഫ്സൈഡ് കെണി പൊട്ടിച്ചശേഷം എന്നര് വലന്‍സിയ വലയിലെത്തിച്ചു.
20-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് ലഭിച്ച പന്തുമായി ഹെയ്തി പ്രതിരോധത്തെ കീറിമുറിച്ചശേഷം പന്തുമായി ബോക്സിലേക്ക് കുതിച്ചുകയറിയ എന്നര് വലന്‍സിയ നല്കിയ പാസ് ജെയ്മി അയോവിക്ക് ഒഴിഞ്ഞ പോസ്റ്റില്‍ പന്തെത്തിക്കാന്‍ ഒന്നു തൊട്ടു കൊടുക്കുക മാത്രമേ വേണ്ടിയിരുന്നുള്ളു. പിന്നീട് ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. പിന്നീട് 57-ാം മിനിറ്റില്‍ ഇക്വഡോര്‍ മൂന്നാം ഗോളും േനടി. അന്റോണിയോ മൊണ്ടേരോ നല്കിയ ക്രോസ് നെഞ്ചില്‍ സ്വീകരിച്ചശേഷം നൊബോവൊ പായിച്ച തകര്‍പ്പന്‍ ഷോട്ട് വലയില്‍ തറച്ചുകയറി.
78-ാം മിനിറ്റില്‍ എന്നര് വലന്‍സിയയുടെ പാസില്‍ നിന്ന് അന്റോണിയോ വലന്‍സിയയും ലക്ഷ്യം കണ്ടതോടെ ഇക്വഡോറിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഇടയ്ക്ക് ഹെയ്തി ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവയ്ക്കൊന്നും മൂര്‍ച്ചയില്ലായിരുന്നു. മുന്നേറ്റങ്ങളെല്ലാം ഇക്വഡോര്‍ പ്രതിരോധത്തില്‍ത്തട്ടി തകരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: