മസാചുസെറ്റ്സ്: ലോകഫുട്ബോളിലെ കരുത്തരായ ബ്രസീലിന്റെ ദുര്‍ഗതി അവസാനിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിനും കോപ്പ അമേരിക്കക്കും പിന്നാലെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിലും അഞ്ച്തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. അതും ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോളില്‍. പെറുവിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ദൈവത്തിന്റെ കൈ ബ്രസീലിനെ ചതിച്ചത്. ഒരു സമനില കൊണ്ടുപോലും ബ്രസീലിന് ക്വാര്‍ട്ടറില്‍ കടക്കാമായിരുന്നെങ്കിലും ദൈവത്തിന്റെ കൈ അവരെ ചതിക്കുകയായിരുന്നു.
വിവാദഗോളിന്റെ പിന്‍ബലത്തില്‍ പെറു ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലേക്കും വിധിയെ പഴിച്ച് ബ്രസീല്‍ പുറത്തേക്കും. കൊളംബിയയാണ് ക്വാര്‍ട്ടറില്‍ പെറുവിന്റെ എതിരാളികള്‍. സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ ഏഴ് ഗോള്‍ തോല്‍വിക്കുശേഷം ബ്രസീല്‍ ഫുട്ബോള്‍ നേരിട്ട ഏറ്റവും വലിയ ദുരന്തമായി പെറുവിനോടേറ്റ പരാജയം. നേരത്തെ ഉറപ്പായ രണ്ടു പെനാല്‍റ്റികളും റഫറി ബ്രസീലിന് നിഷേധിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ഹെയ്തിയെ തകര്‍ത്ത് ഇക്വഡോര്‍ ഗ്രുപ്പിലെ രണ്ടാമനായും കാര്ട്ടറിലെത്തി.
1986ലെ മെക്സിക്കോ ലോകകപ്പിലാണ് ആദ്യ ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോള്‍. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം മറഡോണയാണ് വലതുകൈകൊണ്ട് പന്ത് ഇംഗ്ലണ്ട് പോസ്റ്റിലേക്ക് കുത്തിയിട്ടത്.
ബ്രസീലിനെതിരായ കളിയുടെ 75-ാം മിനിറ്റിലായിരുന്നു പെറുവിന്റെ വിവാദഗോള്‍. ബോക്സിന്റെ വലതുഭാഗത്തുനിന്നും ജോര്‍മന്‍ ആന്ദ്രാദെ ഉയര്‍ത്തിവിട്ട ക്രോസാണ് പെറുവിന്റെ റുയിഡിയാസ് കൈകൊണ്ട് വലയിലെത്തിച്ചത്. അതിന് ശേഷമാണ് റുയിഡിയാസ് കൈ പിന്നിലേക്ക് കെട്ടിയത്. റൂയിഡിയാസിന്റെ കൈയില്‍ തട്ടിയ പന്ത് ബ്രസീല്‍ വലയില്‍ കയറുമ്പോള്‍ ബ്രസീല്‍ ഗോളി അലിസണും താരങ്ങളും ഗോളിനെതിരെ പരാതിയുമായി കളി നിയന്ത്രിച്ച ഉറുെഗ്വക്കാരനായ റഫറി ആന്ദ്രേസ് കുഞ്ഞയെ പൊതിഞ്ഞു.
കൈകൊണ്ട് തട്ടിയാണ് റൂഡിയാസ് ഗോള്‍ നേടിയതെന്നായിരുന്നു അവരുടെ പരാതി. പിന്നീട് ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ റഫറി ഗോള്‍ റദ്ദാക്കിയെങ്കിലും വിടാന്‍ പെറു താരങ്ങള്‍ ഒരുക്കമായിരുന്നില്ല. വീണ്ടും ചര്‍ച്ചയായി. മിനിറ്റുകളോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ റഫറി ഗോള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, ടെലിവിഷന്‍ റീപ്ലേയില്‍ റൂയിഡിയാസ് പന്ത് കൈകൊണ്ട് തട്ടിയാണ് വലയിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു.
1987ന് ശേഷം ആദ്യമായാണ് ബ്രസീലില്ലാതെ കോപ്പ അമേരിക്കയുടെ നോക്കൗട്ട് റൗണ്ട് നടക്കുന്നത്. മാത്രമല്ല, കോപ്പ അമേരിക്കയില്‍ പെറു ബ്രസീലിനെ തോല്‍പ്പിക്കുന്നത് 1985ന് ശേഷം ഇതാദ്യം. ബ്രസീല്‍ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങി.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ഹെയ്തിയെ 7-1ന് തകര്‍ത്ത് തിരിച്ചുവന്നെങ്കിലും ഇന്നലത്തെ വിവാദ ഗോള്‍ തോല്‍വി പുറത്തേക്കുള്ള വഴികാട്ടി. ഈ ഗോളിനെക്കുറിച്ചായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ കായികലോകം ചര്‍ച്ച ചെയ്യുക.
മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും സമ്പൂര്‍ണ്ണ ആധിപത്യം നേടാന്‍ ബ്രസീലിന് കഴിഞ്ഞെങ്കിലും മികച്ച ഫിനിഷര്‍മാരുടെ കുറവ് അവരുടെ നിരയില്‍ നിഴലിച്ചു. ബ്രസീല്‍ എതിര് പോസ്റ്റിലേക്ക് 12 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ പെറു ഗോള്‍ ലക്ഷ്യമിട്ടത് നാല് തവണ മാത്രം. ബ്രസീല്‍ 10 കോര്‍ണര്‍ നേടിയപ്പോള്‍ പെറുവിന് ലഭിച്ചത് രണ്ടെണ്ണം.
എന്നാല്‍ പേരിനൊത്ത പ്രകടനം നടത്താന്‍ കാനറികള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
രണ്ട് മഞ്ഞക്കാര്‍ഡ് ഉള്‍പ്പെടെ 18 ഫൗളുകള്‍ ബ്രസീല്‍ വരുത്തി, പെറു ഒരു മഞ്ഞക്കാര്‍ഡും 10 ഫൗളും. ആക്രമണം ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് മഞ്ഞപ്പടയ്ക്ക് വിനയായത്. അഞ്ച് രക്ഷപ്പെടുത്തലുകളുമായി പെറു പ്രതിരോധവും ഗോളിയും പാറപോലെ ഉറച്ചുനിന്നതോടെ ഫിലിപ്പെ കുട്ടീഞ്ഞോയ്ക്കും വില്യനും ഗബ്രിയേലിനും ഗോള്‍ മുഖം തുറക്കാനായില്ല. തുറന്ന അവസരം പോലും ബ്രസീല്‍ താരങ്ങള്‍ പാഴാക്കുന്നതാണ് മത്സരത്തില്കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: