ചിക്കാഗോ: ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്ന സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തില്‍ അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പനാമയാണ് അര്‍ജന്റീനക്ക് മുന്നില്‍ തകര്‍ന്നത്. കളിയുടെ 61-ാം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിന് പകരക്കാരനായാണ് മെസ്സി കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ആദ്യ മത്സരത്തിനിറങ്ങിയത്. 68, 78, 87 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക്ക്.
നിക്കോളാസ് ഓട്ടമെന്‍ഡി, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ചിലിയെയും അര്‍ജന്റീന പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. പനാമക്ക് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണുള്ളത്.
എതിരാളികള്‍ ദുര്‍ബലരായിരുന്നെങ്കിലും ആദ്യപകുതിയില്‍ ഒരു ഗോള്‍ നേടിയതൊഴിച്ചാല്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്ക് തീവ്രത കുറവായിരുന്നു. എന്നാല്‍ രണ്ടാം പകുതില്‍ മെസ്സി കളത്തിലെത്തിയതോടെ അവരുടെ ആക്രമണങ്ങളുടെ സ്വഭാവം മാറിമറിയുന്നതാണ് കണ്ടത്. മെസ്സി കളത്തിലെത്തിയ ശേഷം എണ്ണം പറഞ്ഞ നാല് ഗോളുകളാണ് അവാസന മുപ്പത് മിനിറ്റില്‍ പാനമയുടെ ഗോള്‍വലയിലെത്തിയത്. മൂന്നെണ്ണം മെസ്സി സ്വന്തമാക്കിയപ്പോള്‍ അഗ്യൂറോയുടെ ഗോളിന് വഴിതുറന്നതും സൂപ്പര്‍ താരം തന്നെ.
അഗ്യൂറോയെ മുന്‍നിര്‍ത്തി എയ്ഞ്ചല്‍ ഡി മരിയയെയും നിക്കോളാസ് ഗെയ്റ്റാനെയും ഇരുവിങ്ങിലും അണി നിരത്തിയാണ് പരിശീലകന് ജെറാര്‍ഡോ മാര്‍ട്ടിനോ അര്‍ജന്റീനയെ കളത്തിലിറക്കിയത്. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ അര്‍ജന്റീന വരവറിയിച്ചു. എയ്ഞ്ചല്‍ ഡി മരിയ സെന്റര്‍ ഹാഫിലേക്ക് അടിച്ച ഫ്രീ കിക്കില്‍ കൃത്യമായി തല വെച്ച് നിക്കോളാസ് ഒട്ടമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചു.
ഇതോടെ പനാമ പരുക്കന്‍ കളി പുറത്തെടുത്തു. അഞ്ച് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് ആദ്യ പകുതിയില്‍ മാത്രം പുറത്തെടുത്തത്. 31-ാം മിനിറ്റില്‍ പനാമയുടെ അനിബല്‍ ഗോദോയ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. എങ്കിലും ഈ മുന്‍തൂക്കം മുതലാക്കാന്‍ അര്‍ജന്റീനയുടെ ഹിഗ്വയിന് ഉള്‍പ്പെട്ട താരനിരക്ക് കഴിഞ്ഞില്ല. അതേസമയം പനാമ ആക്രമണത്തിന് മുന്‍തൂക്കം നല്കുന്ന പ്രകടനമാണ് നടത്തിയത്.
28-ാം മിനിറ്റില്‍ പനാമയുടെ കാമര്ഗൊ എടുത്ത ഫ്രീകിക്ക് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേറോയുടെ കൈയിലൊതുങ്ങി. 35-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയെടുത്ത കോര്‍ണര്‍ കിക്കില്‍ മെര്‍ക്കാഡൊ തല വെച്ചെങ്കിലും നേരെ ഗോളിയുടെ കൈയില്‍ വിശ്രമിച്ചു. 43-ാം മിനിറ്റില്‍ പേശീ വലിവ് മൂലം എയ്ഞ്ചല്‍ ഡി മരിയ കളം വിട്ടു. പകരം എറിക് ലമേലയെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയില്ല. 55-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം പോലും ഹിഗ്വയിന് പാഴാക്കുന്നതാണ് കണ്ടത്.
മുന്നേറ്റങ്ങള്‍ക്കും ലക്ഷ്യം കാണുന്നതിലും പാളിച്ച സംഭവിച്ചുകൊണ്ടിരിക്കെ കളിയുഡെ 61-ാം മിനിറ്റില്‍ അഗസ്റ്റോ ഫെര്‍ണാണ്ടസിനെ തിരിച്ചുവിളിച്ച് കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനൊ സൂപ്പര്‍താരം മെസ്സിയെ കളത്തിലെത്തിച്ചു. ഇതോടെ അര്‍ജന്റീന മുന്നേറ്റങ്ങള്‍ക്ക് ശൗരം കൂടി. 64-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ലമേല പായിച്ച ഷോട്ട് നേരെ ഗോളിയുടെ കൈകളില്‍. കളത്തിലെത്തി ഏഴ് മിനിറ്റിനുശേഷം മെസ്സി ആദ്യ നിറയൊഴിച്ചു. പാനയുടെ പ്രതിരോധത്തില്‍ വന്ന അശ്രദ്ധയായിരുന്നു ഗോളിലേക്ക് വഴി തുറന്നത്.
പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഹിഗ്വയിന്റെ കൈയില്‍ തട്ടി പന്ത് എത്തിയത് മെസ്സിയുടെ കാലില്‍. പന്തുമായി ഒന്നു കുതിച്ചശേഷം ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ഗോളിയെയും മറികടന്ന് അനായാസം വലയില്‍ (2-0). 76-ാം മിനിറ്റില്‍ ഹിഗ്വയിനെ പിന്‍വലിച്ച് സെര്‍ജിയോ അഗ്യൂറോ കളത്തില്‍. രണ്ട് മിനിറ്റിനുശേഷം അര്‍ജന്റീന മൂന്നാം ഗോളും നേടി. ബോക്സിന് പുറത്തുനിന്ന് മെസ്സിഎടുത്ത ഇടംകാലന്‍ ഫ്രീകിക്കാണ് മുഴുനീളെ പറന്ന പനാമ ഗോളിയെയും മറികടന്ന് വലയില്‍ കയറിയത്.
87-ാം മിനിറ്റില്‍ മെസ്സി ഹാട്രിക്കും തികച്ചു. മാര്‍ക്കോസ് റോജ നല്കിയ പാസില്‍ നിന്നായിരുന്നു ഇത്തവണ മെസ്സി നിറയൊഴിച്ചത്. പിന്നീട് 90-ാം മിനിറ്റില്‍ അര്‍ജന്റീന പട്ടിക പൂര്‍ത്തിയാക്കി.
തൊണ്ണൂറാം മിനിറ്റില്‍ അഗ്യൂറോയിലൂടെ അര്‍ജന്റീന പട്ടിക തികച്ചു. മെസ്സി ഉയര്‍ത്തി അടിച്ചു നല്കിയ പന്ത് മാര്‍ക്കോസ് റോജോ തലകൊണ്ട് അഗ്യൂറോക്ക് മറിച്ചു നല്കി. അഗ്യൂറോ മറ്റൊരു ഹെഡ്ഡറിലൂടെ പന്ത് അനായാസം വലയിലെത്തിക്കുകയും ചെയ്തു.
15ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബൊളീവിയയാണ് അര്‍ജന്റീനയുടെ എതിരാളി. അന്ന് പനാമ ചിലിയുമായും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ ചിലിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ പനാമക്ക് ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: