പാരിസ്: യൂറോ 2016-ല്‍ കളിയുടെ അവസാന മിനിറ്റില്‍ ദിമിത്രി പെയെറ്റ് നേടിയ ഗോളിലൂടെ ഫ്രാന്‍സിന് വിജയത്തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റുമാനിയയെയാണ് കീഴടക്കിയത്. ഒളിവര്‍ ഗിറൗഡും ദിമിത്ര പെയെറ്റുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. റുമാനിയയുടെ ആശ്വാസഗോള്‍ സ്റ്റാഞ്ചുവിന്റെ വക. വലിയ വിജയ ചരിത്രമൊന്നുമില്ലാത്ത റുമാനിയയെ എളുപ്പത്തില്‍ പിടിച്ചു കെട്ടാമെന്ന് കരുതി കളത്തിലിറങ്ങിയ ഫ്രാന്‍സിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വന്നു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. പിന്നീട് 57-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡിലൂടെ ഫ്രാന്‍സ് ലീഡ് നേടി. ബോക്സിന്റെ വലതുഭാഗത്തുനിന്ന് പെയെറ്റ് ഉയര്‍ത്തി നല്കിയ പന്താണ് ഗിറൗഡ് മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്. എട്ട് മിനിറ്റിനുശേഷം ബോഗ്ഡാന് സ്റ്റാഞ്ചു പെനാല്‍റ്റിയിലൂടെ റുമാനിയക്ക് സമനിലനേടിക്കൊടുത്തു. കളിയുടെ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ദിമിത്രി പെയെറ്റ് ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ട് റുമാനിയന്‍ വലയില്‍ തറച്ചുകയറിയതോടെ ആദ്യ മത്സരത്തില്‍ വിജയം ഫ്രഞ്ച് പോരാളികള്‍ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: