പാരീസ്: കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു ലോകോത്തര കാല്‍പ്പന്തുകളി മഹാമഹത്തിന് നാളെ തുടക്കം. യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാരെ കണ്ടെത്താനുള്ള യൂറോ കപ്പിനാണ് നാളെ അര്ദ്ധരാരതി 12.30 മുതല്‍ ഫ്രാന്‍സില്‍ അരങ്ങുണരുന്നത്. ആതിഭേയരായ ഫ്രാന്‍സും റുമാനിയയും തമ്മിലാണ് യൂറോ 2016-ലെ ഉദ്ഘാടന പോരാട്ടം. സെയിന്റ് ഡെനിസിലെ സ്റ്റേറ്റ് ഡി ഫ്രാന്‍സിലാണ് കിക്കോഫ്. ജൂലൈ 10ന് നടക്കുന്ന ഫൈനലും സ്റ്റേറ്റ് ഡി ഫ്രാന്‍സില്‍ തന്നെ.
1960-ല്‍ ആരംഭിച്ച യൂറോയുടെ 15-ാമത് എഡിഷനാണ് ഇക്കുറി നടക്കുന്നത്. നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ അഞ്ച് പതിപ്പുകളില്‍ നാല് ടീമുകള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. 1980-ല്‍ ഇറ്റലിയില്‍ ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ ടീമുകളുടെ എണ്ണം എട്ടായി.
തുടര്‍ന്ന് 1992-ല്‍ സ്വീഡനില്‍ നടന്ന ടൂര്‍ണമെന്റ് വരെ ഈ രീതി തുടര്‍ന്നു. 1996 മുതല്‍ 2012ലെ ചാമ്പ്യന്‍ഷിപ്പുവരെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ആക്കി. ഇത്തവണ അത് 24 ആയി. നാലു ടീമുകളെ വീതം ആറു ഗ്രൂപ്പാക്കി തിരിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ്, അല്‍ബേനിയ, റുമാനിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും വെയില്‍സും ഒരേ ഗ്രൂപ്പില്‍ ഇടം പിടിച്ചതോടെ ബ്രിട്ടനിലെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന് ഫ്രാന്‍സ് വേദിയാകും എന്ന പ്രത്യേകതയും
2016 ലെ യൂറോ കപ്പിനുണ്ട്. റഷ്യയും സ്ലോവാക്യയുമാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
ഗ്രൂപ്പ് സി യില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയുമായി ഏറ്റുമുട്ടുന്നത് പോളണ്ട്, ഉക്രെയ്ന് എന്നീ ടീമുകള്‍ക്കൊപ്പം ബ്രിട്ടന്റെ തന്നെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമാണ്. യൂറോ കപ്പില്‍ ആദ്യമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അരങ്ങേറ്റം കുറിക്കുന്നതും ഇക്കുറിയാണ്. ഗ്രൂപ്പ് ഡിയില്‍ സ്പെയിന്, ചെക് റിപ്പബ്ലിക്, തുര്‍ക്കി, ക്രൊയേഷ്യ എന്നിവയാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ബെല്‍ജിയം, ഇറ്റലി, സ്വീഡന് എന്നിവര്‍ക്കൊപ്പം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനും ഇടം കിട്ടി.
ഫ്രാന്‍സിലെ 10 നഗരങ്ങളിലായി 10 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും അരങ്ങേറുന്ന ദേശീയ സ്റ്റേഡിയമായ പാരീസിലെ സ്റ്റേഡിയ ഡി ഫ്രാന്‍സാണ് മുഖ്യവേദി. 1998-ലെ ലോകകപ്പ് ഫൈനല്‍ അരങ്ങേറിയതും ഇവിടെയാണ്. 81,338 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഈ സ്റ്റേഡിയം. പാര്‍ക് ഡി പ്രിന്‍സ് (48,172), ലെന്‍സ് (38,223), ലിലെ (50,186), ബോര്‍ഡോക്സ് (42,115), സെന്റ് എറ്റിനെ (41,965), ലിയോണ്‍ (59,000), ടുളൂസ് (33,150), മാഴ്സലെ (67,000), നീസ് (35,624) എന്നീ നഗരങ്ങളിലെ 10 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഇതില്‍ ബോര്‍ഡോ, ലിലെ, ലിയോണ്‍, നീസ് എന്നീ സ്റ്റേഡിയങ്ങള്‍ പുതുതായി നിര്‍മ്മിച്ചവയാണ്.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഫ്രാന്‍സ് യൂറോ കപ്പിന് വേദിയാകുന്നത്. 1960ലെ ആദ്യ ചാമ്പ്യന്‍ഷിപ്പിലും പിന്നീട് 1984ലും ഫ്രാന്‍സ് യൂറോപ്പിലെ ചാമ്പ്യന്‍ ടീമിനെ കണ്ടെത്തുന്നതിനുള്ള ടൂര്‍ണമെന്റിന് സാക്ഷ്യം വഹിച്ചു. 1984-ല്‍ ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സ് കിരീടം നേടുകയും ചെയ്തു. പിന്നിട് സിനദിന്‍ സിദാന്റെ സുവര്‍ണ്ണകാലത്ത് 2000ലും അവര്‍ കപ്പ് ഉയര്‍ത്തി. ഇത്തവണ മൂന്നാം കിരീടമാണ് അവര്‍ ലക്ഷ്യമിടുന്നത്. സ്പെയിനാണ് നിലവിലെ ചാമ്പ്യന്മാര്.
2012-ല്‍ പോളണ്ടിലും ഉക്രെയിനിലുമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയെ 4-0ന് തകര്‍ത്താണ് സ്പെയിന് യൂറോപ്പിലെ രാജാക്കന്മാരായത്. ഇത്തവണ സ്പാനിഷ് കാളക്കൂറ്റന്മാരുടെ ലക്ഷ്യം ഹാട്രിക്ക് കിരീടം. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലിതുവരെ ഒരു രാജ്യവും ഹാട്രിക്ക് കിരീടം നേടിയിട്ടില്ല.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ജര്‍മ്മനിയും സ്പെയിനുമാണ് ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ളത്. ആറ് തവണ ഫൈനല്‍ കളിച്ച ജര്‍മ്മനിയും നാല് തവണ ഫൈനല്‍ കളിച്ച സ്പെയിനും മൂന്നുതവണ യൂറോയിലെ ചാമ്പ്യന്മാരായി. 1972, 1980, 1996 വര്‍ഷങ്ങളില്‍ ജര്‍മ്മനി, 1964, 2008, 2012 വര്‍ഷങ്ങളില്‍ സ്പെയിനും.
നാല് തവണ ഫൈനലില്‍ കളിച്ച സോവിയറ്റ് യൂണിയന് 1960ലും മുന്ന് തവണ ഫൈനല്‍ കളിച്ച ഇറ്റലി 1968ലും ജേതാക്കളായപ്പോള്‍ രണ്ട് തവണ ഫൈനലില്‍ പോരാടിയ ചെക്ക് റിപ്പബ്ലിക്ക് 1976ലും ചാമ്പ്യന്മാരായി. 1988-ല്‍ നെതര്‍ലന്‍ഡ്സും 1992-ല്‍ ഡെന്മാര്ക്കും 2004-ല്‍ ഗ്രീക്കും യൂറോപ്പിലെ ഫുട്ബോള്‍ രാജക്കന്മാരായി. രണ്ട് തവണ ഫൈനല്‍ കളിച്ച യൂഗോസ്ലാവ്യക്കും (1960, 1968), ഓരോ തവണ കളിച്ച ബല്‍ജിയത്തിനും (1980) പോര്‍ച്ചുഗലിനും (2004) കിരീടം കിട്ടാക്കനിയാണ്.
അതേസമയം യൂറോകപ്പിന് ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന് അമേരിക്കയടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ നവംബറില്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ 130 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണി തടയാന്‍ കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
ഇതിനുപുറമേ നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജര്‍മനി, റഷ്യ രാജ്യങ്ങള്‍ ടീമുകള്‍ക്കൊപ്പം സുരക്ഷാസംഘത്തെയും അയയ്ക്കുന്നുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്. മൂന്നുപതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലാണ് രാജ്യം. മഴക്ക് ശമനമുണ്ടായെങ്കിലും പാരീസിന്റെ തെക്കുകിഴക്കുഭാഗം വെള്ളത്തിനടിയിലായത് ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. എങ്കിലും ചാമ്പ്യന്‍ഷിപ്പ് ഭംഗിയായി നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഫ്രഞ്ച് സര്‍ക്കാരും സംഘാടകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: