ചിക്കാഗോ: ആദ്യ മത്സരത്തില്‍ കൊളംബിയയോട് പരാജയപ്പെട്ട യുഎസ് രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്നു. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്തായിരുന്നു അമേരിക്കന്‍ പോരാളികളുടെ അതിശക്തമായ തിരിച്ചുവരവ്. വിജയത്തോടെ അമേരിക്ക ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തുകയും ചെയ്തു.
അമേരിക്കക്ക് വേണ്ടി സൂപ്പര്‍താരം ക്ലിന്റ് ഡെംപ്സി, ജെര്മെയ്ന് ജോണ്‍സ്, ബോബി വുഡ്, ഗ്രഹാം സൂസി എന്നിവര്‍ ലക്ഷ്യം കണ്ടു.
വിജയത്തില്‍ കുറഞ്ഞതൊന്നും ക്വാര്‍ട്ടര്‍ പ്രതീക്ഷ സഫലമാക്കില്ലെന്ന തിരിച്ചറിവില്‍ കൡയുടെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റങ്ങളാണ് അമേരിക്ക കോസ്റ്ററിക്കന്‍ ഗോള്‍മുഖത്തേക്ക് നടത്തിയത്. കോസ്റ്ററിക്കയും മികച്ച മുന്നേറ്റങ്ങളിലൂടെ അമേരിക്കന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ മികച്ചൊരു സ്ട്രൈക്കറുടെ അഭാവം അവരുടെ ആക്രമണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. എങ്കിലും പന്തടക്കത്തില്‍ കോസ്റ്ററിക്ക നേരിയ മുന്‍തുക്കം നേടിയെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ യുഎസായിരുന്നു മുന്നില്‍.
കളിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ പെനാല്‍റ്റിയിലൂടെ ലീഡ് നേടുകയും ചെയ്തു. ഗാംബോവ അമേരിക്കയുടെ യെഡ്ലിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഡെംസി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു (1-0).
മികച്ച ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെ കോസ്റ്ററിക്ക ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. കൡയുടെ 37-ാം മിനിറ്റില്‍ യുഎസ് രണ്ടാം ഗോളും നേടി. ഡെംസി നല്‍കിയപാസ് സ്വീകരിച്ച് ജര്മെയ്ന് ജോണ്‍സ് കോസ്റ്ററിക്കന്‍ ഗോളി പാട്രിക് പെംബര്ട്ടനെ കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ മൂലയിലേക്ക് തട്ടിയിട്ടു.
അഞ്ച് മിനിറ്റിനുശേഷം അമേരിക്ക മൂന്നാം ഗോളും നേടി. ഇത്തവണയും വഴിയൊരുക്കിയത് ഡെംസി. കോസ്റ്ററിക്കന്‍ ഗോള്‍ ഏരിയയില്‍ വച്ച് ഡെംസി നല്കിയ പന്ത് ബോബി വുഡ് വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോള്‍ അമേരിക്ക 3-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ രണ്ട് മാറ്റങ്ങളുമായാണ് കോസ്റ്ററിക്ക മൈതാനെത്തത്തിയത്. എങ്കിലും ഒരു തിരിച്ചുവരവിന് അവര്‍ക്ക് കഴിഞ്ഞില്ല.
മൂന്ന് ഗോളിന്റെ ലീഡില്‍ അമിത പ്രതിരോധത്തിലേയ്ക്ക് ഉള്‍വലിഞ്ഞ് സമ്മര്‍ദത്തിലാവാന്‍ യുഎസ്എയും ഒരുക്കമായിരുന്നില്ല. 74-ാം മിനിറ്റില്‍ കഷ്ടിച്ചാണ് കോസ്റ്ററിക്ക നാലാം ഗോളില്‍ നിന്ന് രക്ഷപ്പെട്ടത്. 87-ാം മിനിറ്റില്‍ നാലാം ഗോളും യുഎസ് സ്വന്തമാക്കി.കോസ്റ്ററിക്കന്‍ പ്രതിരോധക്കാരുടെ ഒരു പിഴച്ച പാസ് പിടിച്ചെടുത്ത ഗ്രഹാം സൂസിയാണ് പട്ടിക തികച്ചത്. വിജയത്തോടെ രണ്ട് കളികളില്‍ നിന്ന് അമേരിക്ക മൂന്ന് പോയിന്റുമായി ഗ്രൂപ്പ് എയില്‍ രണ്ടാമതെത്തി. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് അമേരിക്ക ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പരാഗ്വെയുമായി ഏറ്റുമുട്ടും. ഈ കളിയില്‍ സമനില പാലിച്ചാല്‍ പോലും യുഎസിന് ക്വാര്‍ട്ടര്‍ കളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: