കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ നാളെ ക്ലാസ്സിക്ക് പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ച അര്‍ജന്റീനയും ചിലിയുമാണ് ഗ്രൂപ്പ് ഡിയിലെ സൂപ്പര്‍ ക്ലാസ്സിക്ക് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ കീഴടക്കി ചരിത്രത്തിലാദ്യമായി ചിലി കോപ്പ അമേരിക്ക ചാമ്പ്യന്മാരായിരുന്നു. ഈ പരാജയത്തിന് പകരം വീട്ടുക എന്നതാണ് മെസ്സിപ്പടയുടെ ലക്ഷ്യം.
കരുത്തുറ്റ താരനിരയുമായാണ് ഇരുടീമുകളും ടൂര്‍ണമെന്റിനെത്തിയിരിക്കുന്നത്. രണ്ട് ദശകത്തിലേറെയായി നേരിടുന്ന കിരീടവരള്‍ച്ചക്ക് വിരാമമിടുക എന്നതുതന്നെയാണ് ഇക്കുറി അര്‍ജന്റീനയുടെ ലക്ഷ്യം. കഴിഞ്ഞ ലോകകപ്പിലും അര്‍ജന്റീന ഫൈനലില്‍ ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. 20ഢ4, 2008 ഒളിമ്പിക്സുകളിലും 2003ലെ പാന്‍ അമേരിക്കന്‍ ഗെയിംസിലും ചാമ്പ്യന്മാരായതൊഴിച്ചാല് അര്‍ജന്റീനക്ക് ഏറെ നേട്ടങ്ങളൊന്നുമില്ല. ഒരു വര്‍ഷത്തിനുശേഷം കോപ്പയില്‍ ഇവര്‍ വീണ്ടും ഏറ്റുമുട്ടുകയാണ്. ഇത്തവണ ആര്‍ക്കാണ് വിജയമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ പോലെ സമ്പന്നമാണ് അര്‍ജന്റീനയുടെ നിര. കാര്‍ലോസ് ടെവസിന്റെ അഭാവം മുന്നേറ്റനിരയില്‍ ഉണ്ടെങ്കിലും ചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ ശേഷിയുള്ളവരാണ് ടീമിലെ മറ്റുള്ളവര്‍. മെസ്സി പരിക്കിന്റെ പിടിയിലാണെന്നതാണ് അര്‍ജന്റീനക്ക് ഏറ്റവും വലിയ തിരിച്ചടി. എന്നാല്‍ കഴിഞ്ഞ ദിവസം മെസ്സി ഒറ്റയ്ക്ക് പരിശീലനത്തിനിറങ്ങിയിരുന്നു. എങ്കിലും ഇന്ന് കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടിവീരന് സെര്‍ജിയോ അഗ്യൂറോ, നാപ്പോളിയുടെ ഗൊണ്‍സാലോ ഹിഗ്വയിന് എന്നിവര്‍ക്കൊപ്പം എസിക്വല്‍ ലാവേസിയും ചേരുന്നതോടെ അവരുടെ പ്രഹരശേഷി അളക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
മധ്യനിരയും സമ്പന്നമാണ്. പിഎസ്ജിയുടെ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ കളംനിറഞ്ഞു കളിച്ചാല്‍ മുന്നേറ്റനിരക്കാര്‍ക്ക് പന്ത് കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. ഒപ്പം ബാഴ്സയുടെ ജാവിയര്‍ മഷ്റാനോ, ഇന്റര്‍മിലാന്റെ എവര്‍ ബനേഗ, അത്ലറ്റികോ മാഡ്രിഡിന്റെ അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലാസിയോയുടെ ലൂക്കാസ് ബിഗ്ലിയ, പിഎസ്ജിയുടെ ഹാവിയര്‍ പിസ്തോറെ, ടോട്ടനം താരം എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരയിലെ കരുത്തര്‍. കരുത്തുറ്റ പ്രതിരോധവും അവര്‍ക്ക് സ്വന്തം.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിക്കോളാസ് ഒട്ടമെന്‍ഡി, യുണൈറ്റഡിന്റെ മാര്‍ക്കോസ് റോജോ, എവര്‍ട്ടന്റെ റാമിറോ ഫ്യൂണ്‍ സ്മോറി, റിവര്‍പ്ലേറ്റിന്റെ ഗബ്രിയേല്‍ മെര്‍ക്കാഡോ, ജോനാഥന് മൈദാന, ഫിയോറന്റീനയുടെ ഫാകുന്‍ഡോ റോന്‍കാഗ്ലിയ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സെര്‍ജിയോ റൊമേറോയും ഇറങ്ങുമ്പോള്‍ ചിലി മുന്നേറ്റനിരക്ക് പണികൂടും.
അതേസമയം മെസ്സിയെ പൂട്ടുക എന്നതായിരിക്കും ചിലിയുടെ തന്ത്രം. മെസ്സിയെ പൂട്ടാന്‍ കഴിഞ്ഞാല്‍ അവരുടെ താളം തെറ്റിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലില്‍ അവര്‍ തെളിയിച്ചതുമാണ്. ആഴ്സണല്‍ താരം അലക്സിസ് സാഞ്ചസും ഹോഫന്‍ഹിം താരം എഡ്വേര്‍ഡോ വര്‍ഗാസും ലോകോത്തര സ്ട്രൈക്കര്‍മാര്‍. ഒപ്പം അറ്റ്ലാന്റയുടെ മൗറിഷ്യോ പിനില്ലയും.
മധ്യനിരയിലെ സൂപ്പര്‍താരം ബയേണിന്റെ അര്‍ട്ടുറോ വിദാല്‍ തന്നെ. ഒപ്പം സെല്‍റ്റയുടെ പാബ്ലോ ഹെര്‍ണാണ്ടസും മാഴ്സലോ ഡയസും ബയേര്‍ ലെവര്‍ക്യുസന്റെ ചാള്‍സ് അരാന്ഗ്വിസും ബൊലോഗ്നയുടെ എറിക് പുള്ഗാറും മികച്ചവര്‍. ഗോള്‍വലക്ക് മുന്നില്‍ രാജ്യാന്തര ജേഴ്സിയില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ. എസ്പാനിയോളിന്റെ എന്‍സോ റോക്കോയും മാഴ്സെലോയുടെ മൗറീഷ്യോ ഇസ്ല, ഇന്റര്മിലാന് താരവും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഗാരി മെഡല്‍, സാവോപോളയുടെ യൂജിനോ മെന, ചിലിയന്‍ ലീഗില്‍ കളിക്കുന്ന ഗൊണ്‍സാലോ ജാറ, ജോസെ പെഡ്രോ എന്നിവരാണ് പ്രതിരോധനിര താരങ്ങള്‍.
എന്നാല്‍ കണക്കുകളില്‍ അര്‍ജന്റീന ഏറെ മുന്നിലാണ്. 1910-ല്‍ തുടങ്ങിയ പോരാട്ടങ്ങളില്‍ ഇരുടീമുകളും ഇതുവരെ 87 തവണ ഏറ്റുമുട്ടി. ഇതില്‍ 58 എണ്ണത്തില്‍ അര്‍ജന്റീന വിജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ മാത്രമാണ് ചിലി വിജയം കണ്ടത്. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍.
2018 ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇരുടീമുകളും പോരാടിയപ്പോള്‍ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനക്ക്. കഴിഞ്ഞ കോപ്പ അമേരിക്കക്കുശേഷം ചിലിയുടെ പ്രകടനം മോശമാണ്. അവസാനം കളിച്ച അഞ്ച് കൡകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. അതേസമയം അര്‍ജന്റീനയാകട്ടെ അവസാന അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടിട്ടില്ല.
നാല് വിജയവും അവര്‍ നേടി.
കഴിഞ്ഞ കോപ്പയിലെ വിജയത്തുടര്‍ച്ചക്ക് ചിലിയും പകരം വീട്ടാന്‍ അര്‍ജന്റീനയും ഇറങ്ങുമ്പോള്‍ പൊടിപാറും പോരാട്ടത്തിനായിരിക്കും ലെവിസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് നടക്കുന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ പനാമ ബൊളീവിയയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: