പത്തനംതിട്ട: ആവേശം അണപൊട്ടിയൊഴുകി പേമാരിയും അമൃതവര്‍ഷമായി. ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കത്തുന്ന വെയിലിന് പിന്നാലെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ എത്തിയ വേനല്‍മഴ തിങ്ങിനിറഞ്ഞ ജന സഹസ്രങ്ങളുടെ ചൂടാറ്റിയപ്പോള്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ജനവഞ്ചന തുറന്ന് കാട്ടി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പ്രവര്‍ത്തകരില്‍ ആവേശം വിതച്ചു. കേരളത്തില്‍ പരസ്പ്പരം തല്ലുകൂടുകയും ബംഗാളിലെത്തിയാല്‍ മോതിരം മാറ്റം നടത്തുകയും ചെയ്യുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ മണ്ണ് വാരി ഇടുകയാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അഴിമതിയുടെ കാര്യത്തിലും ഇരുവരും തുല്യരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ ആത്മാവിനോടുപോലും നീതി പുലര്‍ത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞില്ല. സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാല്‍ അന്വേഷിച്ച് കൊലപാതകത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങളെ പാവകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ ഒരു മൂന്നാം ശക്തി ഉദയം ചെയ്യാതിരിക്കാന്‍ ഇരുവരും ആവതും ശ്രമിച്ചെങ്കിലും ഇപ്പോള്‍ അവസ്ഥമാറിയിരിക്കുന്നു. കേരളം മൂന്നാം മുന്നണി ഭരിക്കുമെന്ന സ്ഥിതിയായിട്ടുണ്ട്. എന്‍ഡിഎ വോട്ട് ചോദിക്കുന്നത് വൈകാരികമായല്ല. വ്യക്തമായ വികസന ലക്ഷ്യത്തോടെയാണ്. കേരളത്തെ മുന്നോട്ട് നയിക്കാനാണ് ദേശിയ ജനാധിപത്യസഖ്യം വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്നാഥ്സിങിന്റെ ഉദ്ഘാടന പ്രസംഗം പുരോഗമിക്കുന്നതിനിടെ മിന്നല്‍പിണറുകളുടെ അകമ്പടിയോടെ വേനല്‍മഴയെത്തി. തിമിര്‍ത്തു പെയ്യുന്നത് വെറും മഴയല്ലെന്നും അത് പ്രകൃതിയുടെ അനുഗ്രഹമാണെന്നും ആറന്മുളയില് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ വിജയത്തിനായി പ്രകൃതിയുടെ അനുഗ്രഹമാണ് മഴയായി ചൊരിയുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഈ വാക്കുകള്‍ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ജനസഹസ്രങ്ങള്‍ ഏറ്റുവാങ്ങിയത്. റാന്നി പെരുനാട്ടില്‍ ഹെലികോപ്ടറിലിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാര്‍മാര്‍ഗ്ഗമാണ് പത്തനംതിട്ടയിലെ വേദിയിലേക്കെത്തിയത്. വേദിയിലെത്തിയ അദ്ദേഹത്തെ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വേദിയില്‍ വലിയ പുഷ്പഹാരം നേതാക്കള്‍ അദ്ദേഹത്തെ അണിയിച്ചു. ജില്ലയുടെ ഉപഹാരമായി ആറന്മുള കണ്ണാടിയും ജില്ലാ പ്രസിഡന്റ് അദ്ദേഹത്തിന് സമ്മാനിച്ചു.
ബിജെപി വക്താവ് മീനാക്ഷി ലേഖി എംപി മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് നിഷ്ക്രീയമാകുന്നത് അപമാനകരമാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണം. പോലീസ് എന്തൊക്കെയോ ഒളിക്കുന്നുണ്ട്. സമൂഹത്തിന്റെ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷത്തിന്റെയും. ഗോവിന്ദച്ചാമിയെപ്പോലും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കിളിരൂരിലെ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ട വിഐപികളെ കൈയാമം വെക്കുമെന്ന് പറഞ്ഞ വി.എസ്.അച്യുതാനന്ദന്പോലും പിന്നീട് മിണ്ടാട്ടമില്ലാതായി. ഒന്നും നടന്നില്ലെന്നും ലേഖി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, കെ.പിഎം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു, ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥി എം.ടി.രമേശ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്, ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഡി.സുരേന്ദ്രന്, കെ.ഉണ്ണികൃഷ്ണന്‍നായര്‍, എല്‍.മനോഹരന്, ബിജെപി നേതാക്കളായ പി.ആര്.ഷാജി, പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, പ്രദീപ് ചെറുകോല്‍, പ്രസാദ്.എന്‍.ഭാസ്ക്കരന്‍, കെ.കെ.ശശി, അജിത്പുല്ലാട്, ശോഭനാ അച്യുതന്, ബിന്ദുപ്രസാദ്, പി.ആര്.മോഹന്‍ദാസ്, ടി.വി.അഭിലാഷ്,അജയന് വല്യുഴത്തില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അബിതകബീറിന്റെ വന്ദേമാതര ഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഡാനി.കെ.പോള്‍.രാജ്നാഥ് സിങിന്റേയും അഡ്വ.കെ.ഹരിദാസ് മീനാക്ഷി ലേഖിയുടെയും പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: