തിരുവനന്തപുരം: എല്‍ഡിഎഫിന്റെ അഴീക്കോട് സ്ഥാനാര്‍ത്ഥി എം.വി. നികേഷ്കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്തയച്ചത് വിവാദമായതോടെ വിശദീകരണവുമായി വി.എസ്. അച്യുതാനന്ദന് രംഗത്ത്. പരാതി സംസ്ഥാന പോലീസ് ചീഫിന് അയച്ചുകൊടുത്തത് തന്റെ ഓഫീസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ്് വിഎസ് നല്കുന്ന വിശദീകരണം. നികേഷ് കുമാറിനെതിരെയുള്ള പരാതിയില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്തണം എന്നാണ് സ്റ്റേറ്റ് പോലീസ് ചീഫിനോട് ആവശ്യപ്പെട്ടിരുന്നത്. കേസ് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും കുറ്റക്കാരെ കണ്ടുപിടിക്കേണ്ടതും പോലീസിന്റെ നടപടിക്രമങ്ങളില്‍ പെടുന്നതാണ്.
അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കണമെന്ന് മാത്രമേ ഈ കത്തുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളു. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇക്കാര്യം കുത്തിപ്പൊക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വിഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്നാല്‍ നികേഷ് കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കുന്നതിനോട് വിഎസിനു നേരത്തെ യോജിപ്പുണ്ടായിരുന്നില്ല. നികേഷിനെ അഴീക്കോട് പരിഗണിക്കുന്ന സമയത്തുതന്നെ വിഎസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അഴീക്കോടും നികേഷിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നു.
എന്നാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് നികേഷിന് സീറ്റ് ഉറപ്പിക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ തന്നെയാണ് വിഎസ് നികേഷിനെതിരെ തട്ടിപ്പിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി.പി. സെന്‍കുമാറിന് കത്തയച്ചത്. വിഎസിന്റെ കത്ത് സിപിഎമ്മിന് വലിയ തലവേദനയായിരിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും താല്പര്യമെടുത്താണ് നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.
എന്നാല്‍ 57 കേസുകളുള്ള തട്ടിപ്പുകാരനെ എന്തിനു സ്ഥാനാര്‍ത്ഥിയാക്കിയെന്ന് അണികളും ചോദിച്ചുതുടങ്ങി. പാര്‍ട്ടി നേതൃത്വവും വിഎസിനെതിരെ തിരിഞ്ഞതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
എം.വി. നികേഷ്കുമാറിനെതിരെ റിപ്പോര്‍ട്ടര്‍ ടിവി വൈസ് ചെയര്മാന് ലാലി ജോസഫ് വിഎസിന് നല്കിയ പരാതിയിലാണ് പ്രതിപക്ഷ നേതാവ് നികേഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത്.
തന്നെ കബളിപ്പിച്ച് ഓഹരികള്‍ വ്യാജ രേഖ ചമച്ച് നികേഷ്കുമാറും ഭാര്യ റാണി വര്‍ഗ്ഗീസും തട്ടിയെടുത്തുവെന്നാണ് ലാലിയുടെ പരാതി. ലാലിയുടെ പരാതി ഗുരുതരമാണെന്നും സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നികേഷ് ശ്രമിക്കുകയാണെന്നും വിഎസ് കത്തില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: