വാനരസേനയും രാവണസേനയും എല്ലാ മേഖലകളിലും പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങി. വാനരന്മാര് തിമിര്‍ത്ത് ഗര്‍ജ്ജിച്ചുകൊണ്ട് വൃക്ഷങ്ങള്‍ പര്‍വതശിഖരങ്ങള്‍ മുഷ്ടികള്‍ ഇവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാലുഭാഗത്തുനിന്നായി ലങ്കയെ വളഞ്ഞു. ഹനുമാന്, അംഗദന്, കുമുദന്, നീലന്,നളന്, ശരഭന്‍, മൈന്ദന്‍, ദ്വിവിദന്‍, ജാംബവാന്, കേസരി, താരന്, ദധിമുഖന്‍ തുടങ്ങി പരാക്രമികളായ സമസ്തവാനരന്മാരും രാക്ഷസന്മാരെ കൊന്നൊടുക്കാന്‍ തുടങ്ങി.
രാക്ഷസന്മാരും കോപത്തോടെ ശൂലം, വാള്, മഴു തുടങ്ങിയ ആയുധങ്ങള്‍ വാനരന്മാരുടെ നേരെ പ്രയോഗിച്ചു. ആ ഘട്ടത്തില്‍ രണഭൂമിയില്‍ രക്തവും മാംസവും ചെളിയായി കുന്നുകൂടി. വിഷ്ണുരൂപനായ ഭഗവാന് രാമന്റെ ദൃഷ്ടി പതിഞ്ഞതിനാല്‍ വാനരന്മാരുടെ ശക്തി അജയ്യമായിരുന്നു. രാവണസേനയുടെ എണ്ണം കുറഞ്ഞുതുടങ്ങി.
ഒന്നാം ദിവസത്തെ യുദ്ധത്തില്‍ വാനരന്മാര്ക്കു ജയം ഉണ്ടാകുന്നുവെന്നു കണ്ടപ്പോള്‍ ബ്രഹ്മാവിന്റെ വരത്താല്‍ പ്രബലനും മായാവിയുമായ മേഘനാഥന് ആകാശത്തില്‍ മറഞ്ഞുനിന്നുകൊണ്ട് നാനാതരത്തില് വാനരസേനയുടെ മേല്‍ അസ്ത്രപ്രയോഗം തുടങ്ങി. വാനരസേന നശിക്കുന്നതു കണ്ടപ്പോള്‍ രാമന് കോപിഷ്ഠനായി പറഞ്ഞു. ” ലക്ഷ്മണാ വില്ലുകൊണ്ടുവരൂ. ബ്രഹ്മാസ്ത്രം കൊണ്ട് ഈ ദുഷ്ടനെ ഞാന്‍ ഭസ്മമാക്കട്ടെ” ഇതുകേട്ട് ഇന്ദ്രജിത്ത് മറഞ്ഞുകളഞ്ഞു.
ഇന്ദ്രജിത്ത് മായാപ്രയോഗം നടത്തി നാഗാസ്ത്രം കൊണ്ട് ശ്രീരാമലക്ഷ്മണന്മാരെയും വാനരസൈന്യത്തെയും ബന്ധിച്ചിട്ടു മടങ്ങിയതുകണ്ട് ദേവന്മാര് വിഷണ്ണരായി. രാവണന് മന്ത്രിമാരുമൊത്ത് വിജയാഘോഷത്തിനു കോപ്പുകൂട്ടി.
ആ സമയത്ത് ദേവന്മാരില്‍നിന്നും വിവരമറിഞ്ഞ് വിഷ്ണുവാഹനമായ ഗരുഡന് അവിടെയെത്തി. ശ്രീരാമപാദങ്ങളില്‍ വണങ്ങി. അപ്പോള്‍തന്നെ നാഗാസ്ത്രബന്ധനമഴിഞ്ഞ് എല്ലാവരും സ്വതന്ത്രരായി. രാവണന് വിജയാഘോഷം നടത്താനായി ഒരുക്കം കൂട്ടുമ്പോള്‍ വാനരന്മാരുടെ ആര്‍പ്പുവിളികള്‍ ഉയരുന്നതുകേട്ട് അത്ഭുതപ്പെട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: