തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
വരള്‍ച്ച നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വരള്‍ച്ചാ ബാധിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കണമെന്നു നേരത്തേ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇങ്ങനെ കണക്കാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
ഓരോ മേഖലയിലേയും വരള്‍ച്ചയുടെ കണക്ക് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വരള്‍ച്ച നേരിടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ 14 ജില്ലകളിലേയും കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തു കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനു വാട്ടര്‍ അതോറിറ്റിക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
കൊല്ലം ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തെന്മല ഡാമിലെ ജലം ഉപയോഗപ്പെടുത്തും. ഡാമിന് സമീപത്തെ കനാലുകള്‍ തുറന്ന് ശുദ്ധജലം ലഭ്യമാക്കും. മേയ് മൂന്നോട് കൂടി ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാമിലെ വെള്ളം മുഴുവന്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ഉപയോഗിക്കും.
സൂര്യതാപമേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാലു ലക്ഷം രൂപ വീതം നല്‍കും. സൂര്യതാപമേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കും. സൂര്യതാപമേറ്റാണ് മരിച്ചതെന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രി പറഞ്ഞു. വേനലില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: