തിരുവനന്തപുരം: മയക്കുമരുന്ന് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം ഭ്രാന്താലയമാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. മയക്കുമരുന്നിന്റെ വിപണനകേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. ഇതുമൂലം മാനസികരോഗവും വിഭ്രാന്തിയും കൂടിക്കൂടി വരുന്നു. ഇത് ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ചെന്നെത്തുകയാണ്. കഴിഞ്ഞദിവസം എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസുള്ള ബാലനെ യുവാവ് കുത്തിക്കൊന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. തിരുവനന്തപുരത്ത് സീരിയല്‍ സംവിധായകനായ സൈബിന് ജോണിനെ ഗുണ്ടകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്, രണ്ടുമാസം മുമ്പ് ആറ്റിങ്ങലില്‍ ഒരു ചെറുപ്പക്കാരനെ പട്ടാപ്പകല്‍ നടുറോഡില്‍ തല്ലിക്കൊന്നത് എന്നിവയെല്ലാം കേരളത്തില്‍ സൈ്വര്യജീവിതം അസാധ്യമാണ് എന്നതിന്റെ തെളിവാണ്. മദ്യനിരോധനത്തിനായി നിലകൊള്ളുന്നെന്ന് വീമ്പിളക്കുന്ന സര്‍ക്കാര്‍ മയക്കുമരുന്ന് മാഫിയകളെ നിലയ്ക്ക് നിര്‍ത്താന്‍ ഇടപെടാത്തത് ദുരൂഹമാണ്. കേരളത്തില്‍ മദ്യം കഴിച്ച് തുടങ്ങുന്ന പ്രായം 13 ലേക്ക് താഴുന്നു എന്ന റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നതാണ്. മദ്യം കിട്ടാത്തവര്‍ മയക്കുമരുന്നിലേക്ക് മാറുന്നതും സാധാരണമാകുന്നു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കേരളം ഭ്രാന്താലയമാകും. മയക്കുമരുന്ന മാഫിയയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: