മൊഹാലി: ഐപിഎല്‍ ക്രിക്കറ്റില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ ദുരിതകാലത്തിന് അറുതിയില്ല. കഴിഞ്ഞ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സിനു കീഴടങ്ങി പഞ്ചാബ്. പാര്‍ഥിവ് പട്ടേലിന്റെ (81) തകര്‍പ്പന്‍ ഇന്നിങ്സാണ് മുംബൈയ്ക്ക് മൂന്നാം ജയമൊരുക്കിയത്. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് – 189/6 (20), കിങ്സ് ഇലവന് പഞ്ചാബ് – 164/7 (20). ഏഴു കളികളില്‍ മൂന്നു ജയവുമായി ആറു പോയിന്റോടെ അഞ്ചാം സ്ഥാനത്ത് മുംബൈ. ആറു കളികളിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് അവസാന സ്ഥാനത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന മുംബൈയ്ക്ക് രണ്ടാം പന്തില്‍ നായകന് രോഹിത് ശര്‍മയെ (പൂജ്യം) നഷ്ടമായി. എന്നാല്‍, പാര്‍ഥിവും അമ്പാട്ടി റായുഡുവും (65) രണ്ടാം വിക്കറ്റില്‍ 137 റണ്‍സ് ചേര്‍ത്ത് ടീമിനെ ഭദ്രമായ നിലയിലെത്തിച്ചു. 58 പന്തില്‍ 10 ഫോറും രണ്ടു സിക്സറും സഹിതം പാാര്ഥിവ് 81 റണ്‍സെടുത്തത്. 37 പന്തില്‍ നാലു വീതം ഫോറും സിക്സറും റായുഡുവിന്റെ ബാറ്റില്‍നിന്ന് പിറന്നു.
ജയിംസ് ബട്ലര് (24), കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരും രണ്ടക്കം കണ്ടു. മൂന്നു വിക്കറ്റുമായി മോഹിത് ശര്‍മയാണ് ബൗളര്‍മാരില്‍ മുന്നിട്ടു നിന്നത്. സന്ദീപ് ശര്‍മ, മിച്ചല്‍ ജോണ്സണ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഗ്ലെന്‍ മാക്സ്വെല്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. 39 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറുമടക്കം 56 റണ്‍സെടുത്തു മാക്സ്വെല്. 34 പന്തില്‍ മൂന്നു ഫോറും ഒരു സിക്സറുമടക്കം 45 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷും തിളങ്ങി.
17 പന്തില്‍ ഒരു ഫോറും രണ്ടു സിക്സറും സഹിതം പുറത്താകാതെ 30 റണ്‍സെടുത്ത നായകന് ഡേവിഡ് മില്ലര്‍ക്ക് ടീമിനെ ജയത്തിലെത്തിക്കാനായില്ല. മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് മുംബൈ ബൗളര്‍മാരില്‍ തിളങ്ങിയത്. ടിം സൗത്തി, മിച്ചല്‍ മക്ലെന്ഘന് എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: