ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. എഎഫ്സി ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാലു ഗോളിനു തുരത്തി നീലപ്പട. അതേസമയം, ലിവര്‍പൂളിന് സമനിലക്കുരുക്ക്. ന്യൂകാസില്‍ യുണൈറ്റഡാണ് ലിവര്‍പൂളിനെ പിടിച്ചുകെട്ടിയത്.
ഏദന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളുകള്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയമൊരുക്കി. 34ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ലക്ഷ്യം കണ്ടു ഹസാര്‍ഡ്. പെഡ്രൊ (അഞ്ച്), വില്യന് (71) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. ടോമി എല്‍ഫിക് ബേണ്‍മൗത്തിന്റെ ആശ്വാസം. 34 കളികളില്‍ 47 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് ചെല്‍സി.
ആന്‍ഫീല്‍ഡില്‍ സമനില വഴങ്ങേണ്ടിവന്നത് ലിവര്‍പൂളിനു തിരിച്ചടിയായി. രണ്ടാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജും, 30ാം മിനിറ്റില്‍ ആദം ലല്ലാനയും നേടിയ ഗോളുകളില്‍ മുന്നിലെത്തിയ ലിവര്‍പൂളിനെ പാപിസ് സിസെയും (48), ജാക്ക് കോള്ബാക്കും (66) ചേര്‍ന്ന് കുരുക്കി. 34 കളികളില്‍ 55 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: