ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി നഹീല്‍ ഷെരീഫും തമ്മില്‍ ഇടയുന്നു. കള്ളപ്പണ നിക്ഷേപമുള്ളവരെക്കുറിച്ച് പനാമ പുറത്ത് വിട്ട രേഖകളില്‍ നവാസ് ഷെരീഫും ഉള്‍പ്പെട്ടിരുന്നു. ഇതാണ് സൈന്യവുമായുള്ള ബന്ധം മോശമാകാന്‍ കാരണമെന്ന് കരുതുന്നു.
ഭീകരവാദത്തിനെതിരെ പോരാടുന്നതിന് അഴിമതി തുടച്ച് നീക്കണമെന്ന് ആറ് സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ട് സൈനിക മേധാവി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് നവാസ് ഷെരീഫിനെ ഉദ്ദേശിച്ചാണെന്ന് വ്യാഖ്യാനമുണ്ടായി. ഇതിനു പുറമേ, തന്നെ ജയിപ്പിച്ച ജനങ്ങളോടും ദൈവത്തോടും മാത്രമേ കടപ്പെട്ടിട്ടുള്ളവെന്ന് ഷെരീഫ് ടിവിയിലൂടെ പറഞ്ഞിരുന്നു. തന്നെ അസ്ഥിരപ്പെടുത്തുവാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഷെരീഫ് ആരോപിച്ചു. സൈന്യവും പ്രധാനമന്ത്രിയും രണ്ട് തട്ടിലായതോടെ അട്ടിമറി ഭീതിയിലാണ് പാക്കിസ്ഥാന്.
നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍ക്ക് വിദേശത്ത് അനധികൃത സ്വത്ത് നിക്ഷേപമുണ്ടെന്നാണ് ആരോപണം. തനിക്കും കുടുംമ്പത്തിനും എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് ഷെരീഫ് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതോടെ ഷെരീഫിന് 200 കോടിയുടെ സമ്പാദ്യമുണ്ടെന്നും പാക്കിസ്ഥാനിലെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരന് നവാസ് ഷെരീഫാണെന്നും ആരോപണമുയര്‍ന്നിരുന്നു.
മുന്‍പും നവാസ് ഷെരീഫിനെ അട്ടിമറിച്ചുകൊണ്ടാണ് അന്നത്തെ സൈനിക മേധാവി പര്‍വേശ് മുഷ്റഫ് അധികാരത്തില്‍ വന്നത്. ഭാരതവുമായി കാര്‍ഗില്‍ യുദ്ധം നടന്നത് പര്‍വേശ് മുഷ്റഫ് അധികാരത്തില്‍ തുടര്‍ന്നപ്പോഴാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പിലൂടെയാണ് നവാസ് ഷെരീഫ് അധികാരത്തില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: