ആലപ്പുഴ: സിപിഎമ്മില്‍ നേതൃത്വം പിടിക്കാനുള്ള അടി തുടരുന്നു. പാര്‍ട്ടി നയങ്ങളെയും എതിരാളി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന് അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ചര്‍ച്ചയാവുക എന്ന ലക്ഷ്യം കണ്ടപ്പോള്‍ വാര്‍ത്ത നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാട്ടിയെന്നു വരെ പ്രതികരിച്ചു. എന്നാല്‍ വിവാദമായപ്പോള്‍ പതറിപ്പോയ വിഎസ് നിലപാടു മയപ്പെടുത്തി തിരുത്തി. പക്ഷേ, പിണറായി വിജയനെതിരേയുള്ള പരാമര്‍ശങ്ങള്‍ ആവര്ത്തിച്ചുറപ്പിക്കുകതന്നെ ചെയ്തു. ലാവ്ലിന് കേസ്, ടിപി വധം, പിള്ളയുടെ മുന്നണിബന്ധം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി- ഔദ്യോഗിക നേതൃത്വ നിലപാടിനെതിരേയാണ് താനെന്ന് വിഎസ് സുവ്യക്തമാക്കി.
ജനങ്ങളും ബുദ്ധിയുള്ളവരും ആഗ്രഹിക്കുന്നത് താന്‍ മുഖ്യമന്ത്രിയാകാനാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പറഞ്ഞത്. പാര്‍ട്ടിയല്ല, പാര്‍ട്ടിയെ ജയിപ്പിക്കുന്ന ജനമാണ് മുഖ്യമന്ത്രിയെയും തീരുമാനിക്കേണ്ടതെന്ന കൃത്യമായ സന്ദേശമാണ് പിണറായി വിജയനും മറ്റു ദേശീയ നേതാക്കള്‍ക്കും അച്യുതാനന്ദന് നല്‍കിയത്. ഉത്തരേന്ത്യ ആസ്ഥാനമായ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലാണ് അഭിമുഖം വന്നത്. പരാമര്‍ശങ്ങള്‍ വിവാദമായി ലക്ഷ്യം കണ്ടുകഴിഞ്ഞപ്പോള്‍ വിഎസ് താന്‍ പറഞ്ഞത് നിഷേധിയ്ക്കുകയായിരുന്നു. എന്നാല്‍ അഭിമുഖത്തിന്റെ ശബ്ദരേഖ പത്രം പുറത്തുവിട്ടതോടെ അച്യുതാന്ദന് വെട്ടിലായി.
അഴിമതി നിറഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ തെരഞ്ഞെടുപ്പില്‍ തന്റെ സാന്നിധ്യം സഹായിക്കുമെന്നും ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അച്യുതാനന്ദന് അഭിമുഖത്തില്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തന്റെ അഭിപ്രായഭിന്നതയും വിഎസ് തുറന്നു പറയുന്നു. ആരോപണ വിധേയരായ ഉമ്മന്‍ ചാണ്ടിക്കും കെ. ബാബുവിനും കെ. എം. മാണിക്കുമെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിറുത്താന്‍ പാര്ട്ടിക്കായില്ലല്ലോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നായിരുന്നു വിഎസിന്റെ മറുപടി. ഇത് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത നിഷേധിച്ച വിഎസ് മാധ്യമപ്രവര്‍ത്തകര്‍ ശുദ്ധ അസംബന്ധമാണ് എഴുതുന്നതെന്നും അഭിമുഖത്തിലെ വിവരങ്ങള്‍ തെറ്റാണെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാണിക്കുന്നുവെന്നും പറയാത്ത കാര്യങ്ങള്‍ വായില്‍ തിരുകി കയറ്റുന്നതിന് ശ്രമിക്കുന്നുവെന്നുമായിരുന്നു വിഎസ് തട്ടിവിട്ടത്. എന്നാല്‍ ശബ്ദരേഖ പുറത്തുവന്നതോടെ നിലപാടു മാറ്റി, താന്‍ മാധ്യമപ്രവര്‍ത്തകരുടെ കെണിയില്‍ വീണുവെന്ന് ന്യായം പറയുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് മറുപടിയെന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അച്യുതാനന്ദന് പിണറായിയെയും പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുന്നത്. ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കാന്‍ വിഎസ് തയ്യാറായില്ല. ലാവ്ലിന് കേസില്‍ എന്റെ നിലപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ആ കോടതി വിധി ഞാന്‍ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല എന്നായിരുന്നു പോസ്റ്റ്. സിപിഎം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളുടെയും നിലപാടുകളെ സാധൂകരിക്കുന്നതും ലാവ്ലിന് അഴിമതിയില്‍ താന്‍ പതിറ്റാണ്ടുകളായി തുടര്‍ന്ന് വന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയുമായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. ടി. പി. ചന്ദ്രശേഖരനെ വധിച്ചത് ആരായാലും അതിന് ന്യായീകരണമില്ലെന്നു പറഞ്ഞ വിഎസ് പാര്‍ട്ടി നിലപാടിനെ പിന്താങ്ങാന് തയ്യാറായില്ല. അഴിമതിക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ആര്.
ബാലകൃഷ്ണപിള്ള എല്‍ഡിഎഫിനൊപ്പമാണെന്നു പാര്‍ട്ടി പറയുമ്പോള്‍ അങ്ങനെയല്ലെന്നാണ് വിഎസ് വിശദീകരിക്കുന്നത്.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റില്‍ ലാവ്ലിന് കാര്യത്തില്‍ മാത്രം നേരിയ തിരുത്ത് വരുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി. നിലവിലെ കോടതി വിധിയോടെ എന്റെ നിലപാട് മാറ്റിയെന്നാണ് തിരുത്തിയ പോസ്റ്റ്. എന്നാല്‍, നിലവിലെ കോടതി വിധി എന്ന പ്രയോഗം പിണറായിയെ പൂര്‍ണ്ണമായും കേസില്‍ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന നിലപാടിന്റെ ആവര്‍ത്തനം തന്നെയാണ്.
ഫേസ്ബുക്കിലും മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയും തെരഞ്ഞടുപ്പ് വേളയിലും സിപിഎമ്മിന്റെ അജണ്ട ‘പാര്‍ട്ടി വിരുദ്ധനായ’ അച്യുതാനന്ദന് നിശ്ചയിക്കുകയാണ്.
ഇതോടെ പാര്‍ട്ടിയിലെ വിഎസ്-പിണറായി തമ്മിലടി വരും നാളുകളില്‍ ശക്തമാകുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: