ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്ക് സിവില്‍സപ്ലൈസ് നെല്ല് സംഭരിച്ചയിനത്തില്‍ കുടിശികയായി നല്‍കാനുള്ളത് കോടിക്കണക്കിന് രൂപ. ഇതോടെ രണ്ടാംകൃഷിയിറക്കാന് കാത്തിരിക്കുന്ന കര്‍ഷകര്‍ പ്രതിസന്ധിയില്‍.
ജില്ലയിലെ 32328 കര്‍ഷകര്‍ക്കായി കുടിശികയിനത്തില്‍ സിവില്‍ സപ്ലൈസ് 88,31,03,213.40 കോടി രൂപയാണ് കൊടുക്കാനുള്ളത്. പിആര്‍എസ് കൊടുത്തുകഴിഞ്ഞാല്‍ അഞ്ചുദിവസത്തിനകം പണം അക്കൗണ്ടില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ എഴുപത് ദിവസമായിട്ടും പണം ലഭിക്കാത്തത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
രണ്ടാംകൃഷിയിറക്കാന് സമയമായെങ്കിലും സിവില്‍ സപ്ലൈസിന്റെ പണം ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. ഏറ്റവുംകൂടുതല്‍ കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ള കുട്ടനാടന്‍ കര്‍ഷകര്‍ക്കാണ് കൂടുതല്‍ ദുരവസ്ഥ.
കുട്ടനാട് താലൂക്കില്‍ 23654 കര്‍ഷകര്‍ക്ക് കുടിശികയിനത്തില്‍ 76,85,39,821.3 കോടിരൂപയാണ് നല്‍കാനുള്ളത്. അമ്പലപ്പുഴ താലൂക്കില്‍ 2728 കര്‍ഷകര്‍ക്കായി 3,97,36,888.4 കോടി, കാര്‍ത്തികപ്പള്ളി താലൂക്കിലെ 3403 കര്‍ഷകര്‍ക്ക് 4,95,90,828.5 കോടിയും ചെങ്ങന്നൂരിലെ 1270 കര്‍ഷകര്‍ക്ക് 2,14,93,824.3 കോടിയും ചേര്‍ത്തല താലൂക്കിലെ 15 കര്‍ഷകര്‍ക്ക് 2,13,719.4 ലക്ഷവും ലഭിക്കാനുണ്ട്.
കേരള നെല്‍ക്കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ 30ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. മേയ് മൂന്നിന് വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: