തിരുവനന്തപുരം: ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന മുഴുവന്‍ കോള കമ്പനികളെയും നിരോധിക്കണമെന്ന് സ്വദേശിജാഗരണ്‍ മഞ്ച് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി കാശ്മീരിലാല്‍. രാജ്യത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കൊക്കകോള, പെപ്സി കമ്പനികള്‍ ഉടനടി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ അദ്ദേഹം ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു. രാജ്യത്ത് ഒരു കോള കമ്പനി യൂണിറ്റ് പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമാണ് ഊറ്റിയെടുക്കുന്നത്. ഓരോ സംസ്ഥാനത്തും ഒരു യൂണിറ്റ് വീതമെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സൃഷ്ടിക്കുന്ന കുടിവെള്ള പ്രതിസന്ധി വളരെ വലുതും ഭയാനകവുമാണ്. വേനല്‍ രൂക്ഷമായി കുടിവെള്ളത്തിന് അങ്ങേയറ്റം ബുദ്ധിമുട്ടുന്ന വേളയില്‍ പോലും കമ്പനികള്‍ ജലമൂറ്റല്‍ നിര്‍ത്തിവെച്ചിട്ടില്ല.
സാമൂഹ്യവിപത്തായി മാറിയിരിക്കുന്ന കോള കമ്പനികളെ നിരോധിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷം രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍ സ്വദേശി ഉത്പന്നങ്ങളെയും വ്യവസായങ്ങളെയും മുച്ചൂടും നശിപ്പിക്കുന്ന നയമാണ് നടപ്പാക്കിയത്. ലഭ്യത കുറച്ച് സ്വദേശി ഉത്പന്നങ്ങളുടെ വിപണി ഇല്ലാതാക്കി നേരിട്ട് വിദേശ നിക്ഷേപത്തിന് അവസരമൊരുക്കി. ഇന്ന് സ്വദേശി ഉത്പന്നങ്ങളും വ്യവസായവും മോദി സര്‍ക്കാരിന്റെ കീഴില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. വിദേശത്തുനിന്ന് സാങ്കേതികവിദ്യ സ്വീകരിച്ച് ഇവിടെ ഉത്പാദനം നടത്താനുള്ള മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് നല്കുന്ന പ്രാധാന്യം മെയ്ഡ് ബൈ ഇന്ത്യയ്ക്കും നല്‍കണമെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കിയ നിവേദനത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്.
മഞ്ച് രൂപം നല്കുന്ന പദ്ധതികള്‍ പരിഗണിക്കാമെന്ന ഉറപ്പും പ്രധാനമന്ത്രിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
രാജ്യം സൗരോര്‍ജത്തെ കൂടുതലായി ആശ്രയിക്കണം. 2020 ല്‍ സൗരോര്‍ജത്തിലൂടെ നൂറു ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഭാരതം സൂര്യപുത്ര ദേശങ്ങളുടെ കേന്ദ്രബിന്ദുവായിത്തീരും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ജിഗാ വാട്ടായിരുന്ന ഉത്പാദനം. ഇപ്പോള്‍ 17 ജിഗാ വാട്ടിലെത്തിയിട്ടുണ്ട്.
ഈ മേഖലയിലേക്ക് വിദേശ കമ്പനികളേക്കാള്‍ സ്വദേശി കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. ചൈനീസ് കമ്പനികളുടെ വരവ് രാജ്യസുരക്ഷയ്ക്കു പോലും ഭീഷണിയാണെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ വിലയിരുത്തല്‍. ഒരു തരത്തിലും ചൈനീസ് ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഗുണമേന്മയില്ലെന്നു മാത്രമല്ല ഭീകരവാദികളെ പ്രോത്സാഹിപ്പിച്ച് നമുക്കെതിരെ അണിനിരത്തുന്നത് ചൈനീസ് ഭരണകൂടമാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധികനികുതി ചുമത്തി സ്വദേശി ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മത്സരിക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയം സ്ത്രീ വോട്ടര്‍മാരെ വഞ്ചിച്ച് വോട്ടുതട്ടാനുള്ള അടവുമാത്രമാണ്. ഒരു മുന്നൊരുക്കങ്ങളുമില്ലാതെയുള്ള മദ്യനിരോധനം വ്യാജമദ്യ ലഭ്യത വര്‍ധിപ്പിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ ഒഴുകുന്നു. ഈ സാമൂഹ്യവിപത്തിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്നദാ ശങ്കര്‍ പാണിഗ്രാഹിയും കാശ്മീരിലാലിനൊപ്പം കേരളത്തിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: