വള്ളിക്കുന്ന്: ജില്ലയില്‍ തന്നെ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം ഇരുമുന്നണികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര, മുന്നിയൂര്‍, പള്ളിക്കല്‍ പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വള്ളിക്കുന്ന് മണ്ഡലം.
ബിജെപിയുടെ ബൂത്ത് കമ്മറ്റികളടക്കം മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അത് കൂടുതല്‍ ശക്തമായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിച്ച വിമോചനയാത്ര മണ്ഡലത്തിന് സമ്മാനിച്ചത് പുത്തനൊരു ആവേശമാണ്. ജില്ലയിലെ ജനപ്രിയ നേതാക്കളിലൊരാളും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ കെ.ജനചന്ദ്രന് മാസ്റ്ററാണ് വള്ളിക്കുന്നിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായ അബ്ദുള്‍ ഹമീദാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത് ഐഎന്‍എല്ലിന്റെ ഒ.കെ.തങ്ങള്‍ ആണ്.
മുസ്ലീം ലീഗിലെ ധിക്കാരത്തിന്റെ മുഖമെന്ന് വിശേഷിപ്പിക്കുന്ന അബ്ദുള്‍ ഹമീദിന് വള്ളിക്കുന്ന് മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന ലീഗ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. എല്‍ഡിഎഫിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് ഇത്.
ബിജെപിക്ക് പൂര്‍ണ്ണ പിന്തുണയുമായി സഖ്യകക്ഷിയായ ബിഡിജെഎസും രംഗത്തെത്തിതോടെ കാര്യങ്ങള്‍ക്ക് വേഗംകൂടി. വള്ളിക്കുന്ന് മണ്ഡലം നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്. പ്രഥമ എംഎല്‍എ ലീഗിന്റെ കെ.എന്‍.എ.ഖാദറായിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ടായിരത്തിലധികം വോട്ടാണ്. ലോകസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും അത് പതിനാറായിരത്തിലേക്ക് എത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആകെ കണക്കെടുത്താല്‍ ബിജെപിക്കുണ്ടായ മുന്നേറ്റം അത്ഭുതകരമാണ്.
മുസ്ലീം ലീഗിനെ സഹായിക്കുന്ന നിലപാടാണ് മണ്ഡലത്തില്‍ സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സ്വീകരിക്കുന്നത്. ലീഗിന്റെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഐഎന്‍എല്ലിന് ഇവിടെ സീറ്റ് നല്‍കിയത് തന്നെ. എന്നാല്‍ ഇത്തവണ വള്ളിക്കുന്നിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ബിജെപിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവിളക്ക് വിവാദത്തില്‍ ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാലാണ് സിറ്റിംഗ് എംഎല്‍എ കെ.എന്‍.എ.ഖാദറിന് ഇത്തവണ അവസരം നഷ്ടമായത്. അതിനെതിരെ ലീഗിനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
അബ്ദുള്‍ ഹമീദിന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ദോഷം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മണ്ഡലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എംഎല്‍എ പൂര്‍ണ്ണ പരാജയമായിരുന്നു. കുടിവെള്ളം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ സ്വയംപര്യാപ്തതയിലേക്കെത്താന്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കായിട്ടില്ല. ഐഒസി പ്ലാന്റ്, കാലിക്കറ്റ് സര്‍വകലാശാല, വിമാനത്താവളം എന്നിവയെല്ലാം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്.
എന്തായാലും വള്ളിക്കുന്നില്‍ ബിജെപി നേടുന്ന ഓരോ വോട്ടും ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: