തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണോ? നാടിനെയും നാട്ടാരെയും സേവിക്കാനുള്ള അവസരമെന്ന് കരുതി രംഗത്തിറങ്ങുന്നവരുടെ ഉള്ളില്‍ എന്തൊക്കെയാണുള്ളത്? ചിലര്‍ സ്ഥാനാര്‍ത്ഥികളായി പ്രശസ്തി നേടുന്നു. മറ്റുചിലര്‍ അത് വേണ്ടെന്നു പറഞ്ഞ് പ്രശസ്തരാവുന്നു. ഏതായാലും ഓരോരുത്തരുടെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ നല്ലൊരു അവസരമാണ് തെരഞ്ഞെടുപ്പുകാലം. സ്ഥാനാര്‍ത്ഥിക്കുപ്പായം തയ്ച്ചുവെച്ച് സജ്ജരായിരുന്നവര് രായ്ക്കുരാമാനം അസ്തപ്രജ്ഞരാവുന്നത് നാം കാണുന്നുണ്ട്.
അപ്രതീക്ഷിതമായി ചിലര്‍ക്ക് ആ നറുക്കുവീഴുന്നു. പട്ടികയില്‍ നിന്ന് പേരുവെട്ടിയെന്നറിയുന്ന ചിലര്‍ അത് പരസ്യപ്പെടുത്തുന്നതിനു മുമ്പ് കളം ഒഴിഞ്ഞുകൊടുത്ത് നല്ലപിള്ള ചമയുന്നു. ഇവിടെ അങ്ങനെയൊരാള്‍ നമ്മുടെ ബെന്നിച്ചനാണ്.
എന്തുവന്നാലും ബെന്നിച്ചനെ ഒഴിവാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയുമായി വിമാനം കേറി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടിക്ക് ഒരു നമ്പറിന് ബംപര്‍ സമ്മാനം നഷ്ടമായ വിഷമമാണുള്ളത്. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന തരത്തിലായിരുന്നു നിലപാടുകള്‍. അത് വേറെയൊന്നും കൊണ്ടല്ല.
സോളാര്‍ ബോംബിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഒരാള്‍ തനിക്കൊപ്പം നില്‍ക്കുന്നതാണ് നന്നെന്ന വിശ്വാസം തന്നെ. പോവുകയാണെങ്കില്‍ നമ്മളൊരുമിച്ച്. ഇല്ലെങ്കില്‍ ആരും വേണ്ട എന്ന നിലപാടായിരുന്നു. അതിന്റെ കളികളെക്കുറിച്ച് ബോധ്യമുള്ള ഹൈക്കമാന്റ് ഏതായാലും പൂര്‍ണമായി നിരാശപ്പെടുത്തിയില്ല. സുധീരവീരന്റെ പൊന്നോമനകളെ വേണ്ടവിധത്തില്‍ തഴുകിത്തലോടിയപ്പോള്‍ ഉമ്മച്ചന്റെ പിള്ളാര്‍ക്കും കിട്ടി ചിലത്. തന്റെ വിജയം ആഘോഷിക്കാനുള്ള പുറപ്പാടിനിടയിലാണ് ബെന്നിച്ചനെ പൂണ്ടടക്കം വെട്ടി ഇടുക്കിക്കാരന് തോമസിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഏതായാലും ഉമ്മച്ചന്റെ സ്വന്തം കോട്ടയം മുത്തശ്ശി അതിനു കൊടുത്ത തലക്കെട്ട് ഉചിതം: വെട്ടും മുന്‍പ് പിന്മാറ്റം. അതിന്റെ ഇടത്തലക്കെട്ട് ഇങ്ങനെ: സുധീരനോടുള്ള നീരസം പരസ്യമാക്കി പിന്മാറ്റം. അതില്‍ ഇങ്ങനെ വായിക്കാം: കെപിസിസി പ്രസിഡന്റിന് തൃക്കാക്കര സംബന്ധിച്ചു മുന്‍ ധാരണയുണ്ട്. പ്രസിഡന്റിന്റെ താല്‍പ്പര്യമില്ലായ്മ ഇന്നലെ രാവിലെ മാത്രമാണ് ബോധ്യമായത്.
പ്രസിഡന്റിന് ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നത്. എന്തു നല്ല തങ്കപ്പെട്ട പെരുമാറ്റം എന്നു നോക്കുക. ഈ ബെന്നിച്ചനെ പോലെയായിരുന്നു മറ്റുള്ളവരുമെങ്കില് സ്ഥാനാര്‍ത്ഥി നിര്‍ണയം എത്ര പെട്ടെന്നായേനെ.
ഓരോ നേതാവിന്റെയും ഇഷ്ടക്കാരെ ഇവ്വിധം ഒരുക്കിയെടുക്കുന്നതിന് ശ്ശി പണിയെടുത്തിരുന്നെങ്കില്‍ കൊയമാന്തരം നിറഞ്ഞ തെരഞ്ഞെടുപ്പു ചര്‍ച്ചകളും അതിനെ തുടര്‍ന്നുണ്ടാവുന്ന പൊല്ലാപ്പുകളും ഒഴിവാക്കാമായിരുന്നു. എന്തു ചെയ്യാം അതൊന്നും വിധിച്ചിട്ടില്ലെന്ന് കൂട്ടുക. എങ്ങനെയാണ് ഹൈക്കമാന്റ് നേതാക്കളെ സന്തോഷിപ്പിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഇതാ, ഈ കാര്‍ട്ടൂണ്‍ കണ്ടുകൊള്ളുക. നമുക്കായി അത് നല്‍കുന്നത് മാതൃഭൂമി.
********* *********** *************
പരാതി ആര്‍ക്കും കൊടുക്കാം. കോടതിയിലെങ്കില്‍ ഹരജി. എന്നാല്‍ ഈ സാധനം കൊടുക്കുന്നയാള്‍ക്ക് ഇത്തിരി വിശ്വാസ്യതയൊക്കെ വേണ്ടി വരും. ഇല്ലെങ്കില്‍ കോടതിയില്‍ നിന്ന് കണക്കിന് കിട്ടും. വിശ്വാസ്യത വിശ്വാസ വഞ്ചനയാണെന്ന് ധരിച്ചുപോയ ഒരു പാവം മഹിളാമണിയുണ്ടല്ലോ നമുക്ക്. സോളാറിന്റെ സൂര്യതേജസ്സായും തേജോവധത്തിന്റെ അധമ രൂപമായും സമൂഹത്തില്‍ അങ്ങനെ സൈ്വരവിഹാരം ചെയ്യുകയാണല്ലോ അവര്‍. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിലേക്ക് വെച്ച കുഴിയമിട്ടിന് അടുത്തിടെ അവര്‍ തീ കൊളുത്തി. അതിന്റെ അസഹ്യതയില് ചിലരും ആഹ്ലാദത്തില്‍ മറ്റുചിലരും നില്‍ക്കുമ്പോഴാണ് കോടതിയുടെ തലയ്ക്കടിയുണ്ടായത്. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെ: പൊതുജനങ്ങളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന 33 കേസുകളില്‍ പ്രതിയായ സരിതയ്ക്ക് എന്തു വിശ്വാസ്യതയാണുള്ളത് ? തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോടതിമുറികളെ രാഷ്്ട്രീയ തന്ത്രങ്ങളുടെ കളിസ്ഥലമാക്കരുത്.
ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൂടെ, യുക്തിസഹമായ വിധിന്യായങ്ങളിലൂടെ, ജനമനസ്സുകളില്‍ ആദരവു നേടിയ ന്യായാധിപനാണദ്ദേഹം. ആരുടെയൊക്കെയോ ചട്ടുകമായി മാറുന്ന സോളാര്‍ മഹിളയെ നിലയ്ക്കു നിര്‍ത്താന്‍ പോരുന്ന തീക്ഷ്ണമായ നിലപാടാണ് കോടതിയില്‍ നിന്നുണ്ടായത്. ഉമ്മന്‍ചാണ്ടി കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ആരോപണം കൊണ്ട് മുമ്പന്തിയിലാണ്.
ജിക്കുമോന്, ജോപ്പന്, സലിംരാജ് എന്നു തുടങ്ങി അറിഞ്ഞതും അറിയാത്തതുമായ ഒട്ടുവളരെ ശിങ്കിടികള്‍. എല്ലാവര്ക്കും സൈ്വരവിഹാരത്തിന് അരങ്ങും അണിയറയും തുറന്നു കൊടുത്ത മുഖ്യമന്ത്രി. ഒടുവില്‍ സോളാര്‍ മഹിളയും അവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു. വേലിക്കകത്തെ വിദ്വാന് മേപ്പടി മഹിള നല്ല സാക്ഷിയുമായി. അതിന്റെ രാഷ്ട്രീയം ഇഴകീറി പരിശോധിക്കാന്‍ സാധിച്ച കോടതി കണക്കിനു കൊടുക്കുകയും ചെയ്തു. കോടതിയോട് കളിക്കുമ്പോള്‍ നന്നായി വീട്ടുകണക്ക് ചെയ്യണം.
********* ******** ***********
വെള്ളിമാട്കുന്നിലെ പാറക്കടവന്റെ വാരിക ‘ദേശദ്രോഹികള്‍’ സംസാരിക്കുന്നു എന്ന കവര്‍ക്കഥയുമായാണ് പടവെട്ടാനിറങ്ങിത്തിരിച്ചിരിക്കുന്നത്. ക്വട്ടേഷനുള്ളിലാണ് ദേശദ്രോഹികള്‍ എന്നു കൊടുത്തിരിക്കുന്നത്. അതിന്റെ സ്വാരസ്യം മനസ്സിലായിക്കാണുമല്ലോ. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഷെഹ്ല റാഷിദ് ഷോറ എന്നിവരുമായുള്ള അഭിമുഖം, പ്രത്യേക എഴുത്ത് എന്നിവയാണ് പടക്കോപ്പുകള്‍. മേമ്പൊടിയായി കെ.എന്‍ പണിക്കരുടെ സ്കഡ്മിസൈല്‍. പേര് ആരുടെ ദേശം? ആരുടെ ദേശീയത? മാധ്യമം പത്രാധിപ സമിതി അംഗമായിരുന്ന ജി. രാജേഷ്കുമാറിന്റെ അനുസ്മരണാര്ഥം തിരുവനന്തപുരത്ത് ദേശീയത അന്നും ഇന്നും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ അക്ഷരക്കസര്ത്താണത്രെ ഇത്.
പണിക്കരുടെ രാഷ്ട്രീയവും വെള്ളിമാട്കുന്ന് വാരികയുടെ രാഷ്ട്രീയവും ഒന്നായതിനാല്‍ കുന്തമുന ഹൈന്ദവ സംഘടനകള്‍ക്കു നേരെയാണ്. ഇവരെത്ര കുരച്ചുചാടിയാലും കിം ഫലം എന്നേ പറഞ്ഞുകൂടു. രോഹിത്വെമുലയുടെ ആത്മഹത്യയില്‍ നിന്നുള്ള ഊര്‍ജവുമായി സഹ്ല നെച്ചിയില്‍ എഴുതിയതിന്റെ തലക്കെട്ട്: അതിന് പക്ഷേ, നീതിയെ കൊല്ലാനാവില്ല ! ഹൈദരബാദ് സര്‍വകലാശാലയിലെ സംഭവവികാസങ്ങളുടെ മസാലക്കൂട്ടുള്ള വിവരണത്തില്‍ കൂടുതല്‍ ഇതിലൊന്നുമില്ല. ലക്ഷ്യം നേരത്തെ സൂചിപ്പിച്ചതു തന്നെ: ഹൈന്ദവ സംഘടനകള്‍. വാണി മേച്ചേരില്‍ ആണ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുമായി അഭിമുഖം നടത്തുന്നത്. തലക്കെട്ട്: വിദ്യാര്‍ഥികള്‍ യഥാര്‍ഥ പ്രതിപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷ്യം നേരത്തെ സൂചിപ്പിച്ചതു തന്നെ.
ഇനി വാളെടുത്ത് വീശുന്നത് ഷെഹ്ല റാഷിദാണ്. അവരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇടതു സംഘടനകള്‍ കൊണ്ടു നടന്ന് പ്രസംഗിപ്പിച്ചു എന്നൊരു വശമുണ്ട്. ഫസീല മെഹര്‍ നടത്തുന്ന അഭിമുഖത്തിന് ഇങ്ങനെയാണ് തലക്കെട്ട്: ഓരോ ചലനവും രാജ്യദ്രോഹമാകുന്ന കാലം. സര്‍വകലാശാലകളില്‍ പ്രക്ഷോഭം വേണ്ടെന്നോ ചര്‍ച്ചകള്‍ അരുതെന്നോ ആരും പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെന്ന് ആരോപിച്ചുള്ള ഇളകിയാട്ടമാണ് നടക്കുന്നത്. സര്‍വകലാശാലകളുടെ ലക്ഷ്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന തോന്നിവാസങ്ങള്‍ക്ക് മനോഹരമായ പേരും, വ്യാഖ്യാനവും നല്കുന്ന നേതാക്കള്‍ ഒന്നറിയണം. ഇതൊക്കെ അവര്‍ക്കു തന്നെ വിനയാവും.
വാരികയുടെ രാഷ്ട്രീയം എന്തു തന്നെ ആയാലും രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള ആഹ്വാനം ഉണ്ടാവാന്‍ പാടില്ല. ഇതിലൊക്കെ മൗനമായി അതുണ്ടെന്ന തിരിച്ചറിവ് പാറക്കടവനടക്കമുള്ളവര്ക്ക് വന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കും. ഇനി അങ്ങനെ തന്നെ വരണമെന്ന് കരുതി ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല, നമശ്ശിവായ.
തൊട്ടുകൂട്ടാന്‍
എന്റെ സുഖനിദ്രയ്ക്കായി
തണുത്തുറഞ്ഞ ഹിമമുടികളിലോ
ചുട്ടുപൊള്ളുന്ന മരുഭൂമികളിലോ
കാവല്‍ നില്ക്കുന്നവനേ
നിന്റെ ബയണറ്റിന്റെ മുന
എന്നിലേക്ക് തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ
റഫീഖ് അഹമ്മദ്
കവിത: ദേശഭക്തിയെക്കുറിച്ച് ചില വരികള്‍
മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 10-16)
പ്രതികരിക്കാൻ ഇവിടെ എഴുതുക: