പ്രണയം മധുരോദാര വികാരമാണ്. ജീവിതത്തില്‍ പ്രണയിക്കാത്തവര്‍, അഥവാ പ്രണയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകാന്‍ തന്നെ വഴിയില്ല. പക്ഷേ തേന്‍ തുള്ളിപോലുള്ള പ്രണയത്തിന് അല്പം മീന്തുള്ളിപോലെ ജഡരാഗം കടന്നുപോയാലോ. ഇതിലധിക്കം ദുഷിക്കാനും വേറൊന്നില്ല തന്നെ. പ്രണയിക്കുന്നവര്‍ വിരല്‍ സ്പര്‍ശംപോലും ഇല്ലാതെ അങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കി ഒരു സ്നേഹസാമ്രാജ്യം കണ്ട് എത്രവേണമെങ്കിലും ഇരുന്നേക്കാം. എന്നാല്‍ അതില്‍ നിന്നും മാറിപോയാലോ- കേള്‍ക്കേണ്ടിവരിക പീഢനത്തിന്റെ കഥകളായി മാറും?.
പ്രണയത്തേക്കാളേറെ പ്രണയപരാജയങ്ങളാണ് കൂടുതലും. കമിതാക്കള്‍ പ്രണയം പരാജയപ്പെട്ടാല്‍ തങ്ങളുടെ ലോകം തന്നെ നഷ്ടപ്പെട്ടതായി തോന്നി നിരാശയിലേക്ക് വീഴാം. അത് ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാം. ജ്വരബാധിതമായ പ്രണയം. ഒടുവില്‍ ചെവി തന്റെ പ്രേയസിക്ക് മുറിച്ചു നല്കിയ വാന്‍ഗോഗിന്റെ കഥ നമ്മള് കേട്ടിട്ടുണ്ട്. ശാകുന്തളത്തില്‍ പ്രണയത്താല്‍ വിശ്വസ്തതയോടെ പേടമാന്റെ മിഴികളില്‍ ആണ്മാന് തന്റെ കൊമ്പിന് മുനകൊണ്ട് ഉരസുന്നത് മനോഹരമായി കാളിദാസന് വര്‍ണിച്ചിട്ടുണ്ട്.
പ്രണയം നഷ്ടപ്പെട്ടു. തന്നെ സ്നേഹിച്ചിരുന്നവള്‍ വിവാഹം കഴിക്കുന്നു എന്നും കേട്ടപ്പോള്‍, ആ ദിനം അവള് വരണമാല്യം അണിയുന്ന നിമിഷം മരണമാല്യമണിഞ്ഞ കവി ഇടപ്പള്ളി രാഘവന് പിള്ള. ഒരു തുണ്ടുകടലാസില്‍ ആത്മ രക്തത്താല്‍ കവിതയെഴുതി ആത്മഹത്യ ചെയ്തപ്പോള്‍ ചങ്ങമ്പുഴയ്ക്ക് അതൊരു കാവ്യവിഷയമായി.
എന്നാല്‍ സിനിമാ സംവിധായകനെന്ന നിലയില്‍, ഗാനരചയിതാവെന്ന നിലയില്‍ നമുക്കറിയാവുന്ന വ്യക്തിത്വം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഒരു യുവതിയെ അഗാധമായി പ്രണയിച്ചു. പ്രണയം പരാജയപ്പെട്ടു. തീവ്രമായ മനോവിഷമത്തില്‍ ഇനി എന്ത് ജോലി, ജീവിതം എന്നൊക്കെ ചിന്തിച്ച അദ്ദേഹം രാജിക്കത്തെഴുതി സഹപ്രവര്‍ത്തകരെ മേലധികാരിക്ക് നല്‍കാനായി ഏല്‍പ്പിച്ചു. തന്റെ ഫഌറ്റിലേക്ക് ജീവിതത്തില്‍ നിന്നും ഒരു മടക്കം പോലെ പോയി.
പക്ഷേ, സുഹൃത്തുക്കളായ സഹപ്രവര്‍ത്തകര്‍ മറ്റൊന്നു ചെയ്തു. രാജിക്കത്ത് നല്‍കാതെ അദ്ദേഹത്തിന്റെ പേരില്‍ കള്ളൊപ്പിട്ട് ഒരു ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുകയും മേലധികാരിയോട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
ഫഌറ്റില്‍ അടച്ചിട്ട മുറിയില്‍ ഇരിക്കുന്ന അദ്ദേഹത്തെക്കുറിച്ച് കാസറ്റ് നിര്‍മാതാവും ഗായകനുമായ പ്രശസ്തന്‍ അറിഞ്ഞു. അറിഞ്ഞതൊന്നും പുറമെ കാണിക്കാതെ അദ്ദേഹം നിരാശിതനെ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു. ഉടനെ ഒരു പ്രണയ വിഷാദഗാനങ്ങളുടെ കാസറ്റ് ഇറക്കാന്‍ പോകുന്നു. അതിലേക്കുള്ള ഗാനങ്ങള്‍ എഴുതിത്തരണം. മനോവേദനയാല്‍ നീറിയിരുന്ന അദ്ദേഹം അതേറ്റു.
ഒമ്പത് ഗാനങ്ങള്‍ എഴുതി നല്കി. ഗാനത്തിലൂടനീളം ആത്മാംശം കലര്‍ന്നു. മനോഹരമായ ഗാനങ്ങള്‍. അവ പുറത്തിറങ്ങി. ഇന്നും അതിലെ ഗാനങ്ങള്‍ കാലത്തെ അതിജീവിച്ചു നില്ക്കുന്നു.
നോക്കൂ- ഒരു വശത്ത് തന്റെ സുഹൃത്തിന്റെ മരണം കവിതയ്ക്കുവിഷയമാക്കി. മനോഹരമായ ഒരു കാവ്യം നിര്‍മിച്ച കവി. മറ്റൊരുവശത്ത് ആത്മാംശം നിറഞ്ഞ വിരഹഗാനങ്ങള്‍ എഴുതി നിരാശയെ മറികടന്ന ഗാനരചയിതാവ്!.
പക്ഷേ, ഈ പ്രണയനൈരാശ്യത്തിന്റെ ആദ്യമുഖം കാണുന്നത് എനിക്ക് മൂന്നോ നാലോ വയസ്സുള്ള കാലത്താണെന്ന് തോന്നുന്നു. മുറ്റത്തെ കല്ലുകെട്ടി മാവ് പൂക്കാവടിപോലെ നില്ക്കുന്ന കാലം. അവിടെ താടിയും മുടിയും വളര്‍ത്തി കൈയില്‍ ഒരു തൂക്കുപാത്രവും ഓടക്കുഴലുമായി വല്ലപ്പോഴും എത്തുന്ന ഒരാള്‍. ഓടക്കുഴല്‍ വായിക്കും. പിന്നെ കുറച്ചുനേരം ഒരു ചെവിപൊത്തിനിന്ന് ഏതോ സ്വരങ്ങള്‍ ഉച്ചത്തില്‍ ആലപിക്കും. ഉരിയരിയോ ചില്ലറ പൈസയോ നല്‍കണം. കൂടുതല്‍ കൊടുത്താല്‍ വാങ്ങില്ല. എല്ലാ വീട്ടിലും പോകില്ല. അതായിരുന്നു രാമകൃഷ്ണന്!.
ശാഠ്യങ്ങള്‍ കാണിക്കുമ്പോള്‍ രാമകൃഷ്ണന് പിടിച്ചുകൊണ്ടു പോകും എന്ന് എന്നെ എന്റെ അമ്മൂമ്മ ഭയപ്പെടുത്തിയിരുന്നതുകൊണ്ട് ഞാന്‍ പൂമുഖത്ത് ഒളിഞ്ഞു നിന്നാണ് അന്ന് രാമകൃഷ്ണനെ നോക്കി കണ്ടിരുന്നത്. അതും ഒരു നെഞ്ചിടിപ്പോടെ. കുറച്ചുകൂടെ ഞാന്‍ വളര്‍ന്നു. പിന്നീടെപ്പോഴോ രാമകൃഷ്ണന് വരാതായി. അപ്പോള്‍ തളത്തിലിരുന്ന് അമ്മൂമ്മ അമ്മയോട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ”കഷ്ടം…രാമകൃഷ്ണന് എന്തുപറ്റിയോ ആവോ?. ആരോട് ചോദിച്ചറിയാനാ…വീടുവിട്ടിറങ്ങി. ഇത്തരത്തിലാക്കിയ അവളോട് ദൈവം ചോദിക്കാതിരിക്കില്ല. നാരായണ…നാരായണ…”
പിന്നീടെപ്പോഴോ ഞാനറിഞ്ഞു. രാമകൃഷ്ണന് നല്ല കുടുംബത്തില്‍ ജനിച്ചൊരാളായിരുന്നു. സംഗീതം പഠിക്കാന്‍ പോയപ്പോള്‍ ഭാഗവതരുടെ അടുത്ത് വന്നിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായി. പ്രശ്നത്തിലായി. ആ കുട്ടി രാമകൃഷ്ണനെ തഴഞ്ഞു. അതോടെ മാനസികനില തെറ്റിയ രാമകൃഷ്ണന് വീട് വിട്ടിറങ്ങി. ചില വീടുകളില്‍ ചെന്ന് പുല്ലാങ്കുഴല്‍ വായിക്കും. പാടും. കിട്ടുന്നത് എന്തെങ്കിലും വഴിയരുകില്‍ വച്ചുണ്ടാക്കി ഉണ്ണും ഉറങ്ങും. പിന്നീട് എവിടെ പോയോ എന്തോ?.
വേലിപാത്തുമ്മ എന്ന് വിളിക്കുന്ന ഫാത്തിമ മറ്റൊന്നായിരുന്നു. വേലിക്കരികില്‍ വന്നു നിന്ന് കഥ പറഞ്ഞുചിരിച്ചു നടക്കുന്നതുകൊണ്ടാണോ വേലിപൊളിച്ചെടുത്ത് അടുപ്പില്‍ തള്ളുന്നതുകൊണ്ടാണോ എന്താണെന്നറിയില്ല അവരെ അറിഞ്ഞിരുന്നത് വേലി പാത്തുമ്മ എന്ന പേരിലാണ്.
ഞാന്‍ കാണുമ്പോള്‍ മുപ്പത്തഞ്ച് വയസ്സോളം പ്രായം വരും. നല്ല നിറമുള്ള സാരി ചുറ്റി ചുണ്ട് മുറുക്കി ചുവപ്പിച്ച് കൈ നിറയെ കുപ്പിവളയണിഞ്ഞ് ചിരിച്ചാര്‍ത്ത് സംസാരിച്ചും ഇടയ്ക്കൊക്കെ രഹസ്യം പറയും പോലെ പറഞ്ഞും നടക്കുന്ന പാത്തുമ്മ. പാത്തുമ്മയ്ക്ക് നൊസ്സായിരുന്നു.
”ഇന്നലെ ഇക്ക വന്നിരുന്നു. എന്നെ ഒഴിവാക്കീട്ട് ജ്ജ് എന്തുചെയ്യാനാ. പടച്ചോനറിയില്ലെ…എന്റെ നൊമ്പരം” പിന്നെ പാത്തു ചിരിക്കും. താന്‍ സ്നേഹിക്കുന്ന ആള് തന്റെ കുടിലില്‍ എത്തിയിരുന്നു എന്നാണ് പാത്തുമ്മ പറയുന്നത്.
”എപ്പോഴാ വന്നെ?.”ആരെങ്കിലും ചോദിച്ചാല്‍ പാത്തുമ്മ പറയും. ”രാത്രിയ്ക്കാ ബന്നത്. സുബഹി നമസ്കാരത്തിന് മുമ്പ് പോയി”. അതും പറഞ്ഞ് പാത്തുമ്മ നാണിക്കും. തന്റെ പ്രയിപ്പെട്ടവന് വേണ്ടി കുളിച്ച് ഉടുത്തൊരുങ്ങി കുപ്പിവളയണിഞ്ഞ് മുറുക്കി ചുവപ്പിച്ച് സുറുമയെഴുതി കാത്തിരിക്കുന്ന, അയാള്‍ വന്നെന്നു കരുതുന്ന പാവം പാത്തു. തുണികള്‍ വയറ്റത്തുവച്ച് സാരി ചുറ്റി ഇടയ്ക്ക് പറയും. ആണായിരിക്കും. പെങ്കോച്ചാണേലും ഞാന്‍ പൊന്നുപോലെ നോക്കും. അമ്മയാകാന്‍ ആഗ്രഹിച്ച, ആ പാവം കുറേക്കാലം പ്രണയ പരാജയം അറിയാതെ പ്രണയം സാഫല്യമടഞ്ഞു എന്ന് വിശ്വസിച്ച് വന്നു. മരിച്ചു.
നന്നായി കോട്ട് തയ്ക്കും. നല്ല തുന്നല്ക്കാരന്. മെലിഞ്ഞ് വെളുത്ത സുന്ദരന്‍ ഹംസ. ഹംസയും പ്രണയത്തില്‍പെട്ടു. പ്രണയം തീവ്രമായി. പെണ്‍കുട്ടി സ്വസമുദായത്തില്പ്പെട്ടവളല്ല. പ്രശ്നങ്ങളായി, എതിര്‍പ്പുകളായി. എന്തൊക്കയോ സംഭവിച്ചു. ഹംസ തയ്യല്‍ നിര്‍ത്തി. ഭ്രാന്തുപിടിച്ച അയാള്‍ എന്തൊക്കയോ പിറുപിറുത്തുകൊണ്ട് ആരെയൊക്കയോ വഴക്കുപറഞ്ഞുകൊണ്ട് കൈയില്‍ ഒരു വടിയോ തീപ്പെട്ടിപ്പടമോ മറ്റെന്തിങ്കിലുമോ പിടിച്ചുകൊണ്ട് വടിനീളെ നടപ്പായി. ഉറക്കം നഷ്ടപ്പെട്ടു. രാത്രിയും പകലും ഉറങ്ങാതെ, കുളിക്കാതെ അലഞ്ഞുതിരിഞ്ഞ ഹംസയെ ബന്ധുക്കള്‍ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭ്രാന്തുമാറിയില്ല. അസ്വസ്ഥതയ്ക്ക് കുറവുകിട്ടിയപ്പോള് അയാള്‍ ആശുപത്രി വിട്ടു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അസ്വസ്ഥനായി. ആശുപത്രി നാട് അലച്ചില്‍ ഇത് ജീവിതതാളമായി.
ഇപ്പോഴും ഹംസ ഞങ്ങളുടെ നാട്ടില്‍ അലയുന്നു. ചലരോടുമാത്രം എന്തെങ്കിലും ചോദിച്ചുവാങ്ങുന്നു. ഭക്ഷണം കഴിക്കുന്നു. പ്രണയപരാജയത്തിന്റെ ദുരൂഹ കഥകളുമായി അലയുന്ന ഹംസ!. തന്റെ ലോകം നഷ്ടപ്പെട്ട് മറ്റൊരു ലോകം നേടാനാവാതെ ഭ്രമാത്മക ജീവിത വരമ്പിലൂടെ തെന്നിയും തെന്നാതെയും നടക്കുകയാണ്.
കണ്ഫ്യൂഷിയസ്സ് എന്ന പേരില്‍ ലോകപ്രശസ്തനായി തീര്‍ന്ന തത്വചിന്തകന്റെ, സമകാലീകനായിരുന്ന ലാവോത്സു. ചൈനയില്‍ ജനിച്ച് ചൂ രാജവംശത്തിന്റെ ഗ്രന്ഥപ്പുര സൂക്ഷിപ്പുകാരനായിത്തീര്‍ന്ന അദ്ദേഹം. ചൈനയിലെ ആത്മീയ ഗുരുവായിത്തീര്‍ന്നു. താവോ തേ ചിങ് എന്ന കൃതി ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതിയാണത്രെ. ഇംഗ്ലീഷില്‍ത്തന്നെ നാല്പ്പതില് അധികം വിവര്‍ത്തനങ്ങള്‍ ഈ കൃതിയ്ക്കുണ്ട്.
മുന്‍വിധികളുടെ കെട്ടുപാടുകളില്‍ നിന്നും സ്വയം സ്വതന്ത്രരായി ജീവിതത്തിന്റെ തനിമയിലേക്ക് സഞ്ചരിക്കാന്‍ ഈ കൃതി സഹായിക്കും, നയിക്കും. അങ്ങനെയുള്ള ഈ കൃതിയില്‍ ലാവോത്സു ആദ്യം എഴുതുന്ന വാചകം തന്നെ ഇതാണ്. പറയാവുന്ന താവോ ശാശ്വതനായ താവോയല്ല. ഇത് കടമെടുത്ത് ഇങ്ങനെ മാറ്റിപ്പറയട്ടെ. പറയാവുന്ന പ്രണയം ശാശ്വതമായ പ്രണയമല്ല. എങ്കില്‍ പ്രണയപരാജയമോ?.
സൂര്യകാന്തിയും സൂര്യനും പരസ്പരം സ്നേഹിച്ചു. പക്ഷെ, സൂര്യകാന്തിയെവിട്ട് സൂര്യനുപോകേണ്ടിവന്നപ്പോള്
”ആ മുഗ്ദ പുഷ്പത്തെ കണ്ടില്ലായിരുന്നെങ്കില്‍
ഈ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍”(സൂര്യകാന്തി-കവിത)
എന്ന് സൂര്യന് പറയേണ്ടിവരുന്നുവെന്നാണ് മഹാകവി ജി.ശങ്കരക്കുറുപ്പ് പറയുന്നത്.
പ്രണയം പിരിയുന്നവരും ഇങ്ങനെ ആലോചിക്കാറുണ്ടോ?.
പ്രണയത്തിന്റെ പേരില്‍ സമനിലതെറ്റിപ്പോയവര്, മരിച്ചവര്‍, വിവാഹമേ വേണ്ടെന്നുവച്ചവര്‍…അവരെയൊക്കെ സ്വപ്നജീവികള്‍ എന്നോ, വിഡ്ഢികള്‍ എന്നോ നമുക്കാക്ഷേപിക്കാന് കഴിഞ്ഞേക്കും. പക്ഷെ, അവരുടെ ആത്മാര്‍ത്ഥത, സമര്‍പ്പണം ഇവയെല്ലാം കണ്ടില്ലെന്നു നടിക്കാനാവുമോ?!.
ജീവിതത്തില്‍ വ്യക്തികളോട് എന്നല്ല ഒന്നിനോടും പ്രണയിക്കാന്‍ കഴിയാതെ പോകുന്നവരെ എന്താണ് അപ്പോള്‍ വിളിക്കേണ്ടത്.
പുതുമൊഴി:
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഫോണ്‍- ഇന്‍-പ്രോഗ്രാം ഉള്ളപ്പോള്‍ പ്രണയമറിയിക്കാനെന്തിന് മൂന്നാമതൊരാള്‍?!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: