മങ്കട: ശക്തമായ ത്രികോണമത്സരത്തിന്റെ പ്രതീതി കൈവന്നതോടെ മങ്കടയില്‍ ഇരുമുന്നണികളും അസ്വസ്ഥരാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാകട്ടേ, ആത്മവിശ്വാസത്തിന്റെ നെറുകയിലും. യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ബി.രതീഷ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും സിറ്റിംഗ് എംഎല്‍എ ടി.എ.അഹമ്മദ് കബീര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും മുന്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.റഷീദലി ഇടത് സ്ഥാനാര്‍ത്ഥിയായും പരസ്പരം ഏറ്റുമുട്ടുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പുതന്നെ സീറ്റുമോഹികള്‍ കച്ചകെട്ടിയിറങ്ങിയ മണ്ഡലമാണ് മങ്കട. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ മുസ്ലിം ലീഗായിരുന്നു ഈ കാര്യത്തിലും മുന്നില്‍. ചില പ്രാദേശിക നേതാക്കള്‍ അണികളെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രചരണം നാട്ടുകാര്‍ക്ക് ചിരിക്കാന്‍ വക നല്കി. എന്തിനേറെ, ടി.എ.അഹമ്മദ് കബീര്‍ കളമശ്ശേരിക്കാരനാണെന്നും മണ്ഡലത്തിലുള്ളയാളാണ് സ്ഥാനാര്ത്ഥിയാകേണ്ടതെന്നും ചില ലീഗ് നേതാക്കള്‍ തന്നെ പടച്ചുവിട്ടു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആബിദ് ഹുസൈന് തങ്ങള്‍ക്ക് സുരക്ഷിത മണ്ഡലമായ കോട്ടക്കല്‍ നല്‍കിയതോടെ ടി.എ.അഹമ്മദ് കബീറും സുരക്ഷിതനായി. പ്രാദേശിക നേതാക്കളെ ഒരു ഘട്ടത്തില്‍ പോലും ലീഗ് നേതൃത്വം പരിഗണിച്ചതുമില്ല. എന്നാല്‍ അണികളുടെ രോഷം അണപൊട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പലയിടത്തും അഹമ്മദ് കബീറിന്റെ ചുമരെഴുത്തുകള്‍ വ്യാപകമായി മായ്ച്ചു കളഞ്ഞു. ഇത് ചെയ്തത് സാമൂഹിക വിരുദ്ധരാണെന്ന തരത്തില്‍ നേതൃത്വം പ്രസ്താവന ഇറക്കിയെങ്കിലും ഇതൊന്നും വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, സ്ഥലം എംഎല്‍എയെ അപൂര്‍വ്വമായി മാത്രമേ മണ്ഡലത്തിന് കിട്ടുന്നുള്ളുയെന്ന പരാതിയും വ്യാപകമാണ്.
അതേസമയം സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് ടി.കെ.റഷീദ് അലിയുടെ രംഗപ്രവേശം. തന്റെ സ്ഥാനാറ്ത്ഥിത്വം, നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റഷീദലിക്ക് വേണ്ടി മണ്ഡലത്തിലുടനീളം ഫഌക്സുകള്‍ ഉയര്‍ന്നു. നാട്ടുകാരുടെ സ്വപ്നമായിരുന്ന മേല്‍പ്പാലം തുറക്കുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന തരത്തില്‍ വ്യാപക പ്രചരണവും റഷീദലിക്കെതിരെ മണ്ഡലത്തിലുണ്ട്. മറ്റൊന്ന് പാളയത്തില്‍ പടയാണ്. സ്വതന്ത്രന്റെ പിന്തുണയോടെ ഇടത് ഭരിക്കുന്ന മങ്കട പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് കൂടിയായ സ്വതന്ത്രന് അബ്ബാസ് അലി റഷീദലിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്. റഷീദ് അലിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അദ്ദേഹത്തിനെതിരെ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു പോലും ഇദ്ദേഹം നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ അച്ചടക്കത്തിന്റെ അവസാന വാക്കെന്ന് അഹങ്കരിക്കുന്ന സിപിഎം നേതൃത്വം ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കെതിരെ രംഗത്ത് വന്ന സ്വതന്ത്രന്റെ പിന്തുണ തിരസ്കരിക്കാന്‍ പോലും അധികാരത്തിന്റെ മത്ത് പിടിച്ച സിപിഎം നേതൃത്വം തയ്യാറാകുന്നില്ല. എന്നാല്‍ എന്‍ഡിഎ മുന്നണി പതിവില്ലാത്ത ആത്മവിശ്വാസത്തിലാണ്. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസം ബിജെപി ക്യാമ്പിലുണ്ട്. ബിജെഡിഎസ് ഒപ്പമുള്ളത് ബിജെപിക്ക് കൂടുതല്‍ പ്രതീക്ഷ നല്കുന്നു.
മുന്നണി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് എന്‍ഡിഎ മുന്നണിക്ക് വേണ്ടി രംഗത്തിറങ്ങുന്ന ബി.രതീഷ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷനില്‍ മത്സരിച്ച് മികവാര്‍ന്ന പ്രകടനമാണ് ബിജെപിക്ക് വേണ്ടി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: