തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടക്കാവിലെ നടക്കാനിരിക്കുന്ന കളിയാട്ടം ജനകീയ കമ്മറ്റിയെ ഏല്‍പ്പിച്ച് ക്ഷേത്രഭരണം സുതാര്യമാക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു. സമീപ പ്രദേശത്തെ എട്ടോളം പഞ്ചായത്തുകളില്‍ നിന്നുള്ള ഭക്തജനങ്ങളും വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളും ക്ഷേത്ര പരിസരത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഊരാളന്മാരുടെ അവകാശതര്‍ക്കത്തെ തുടര്‍ന്ന് കോടതി നിയോഗിച്ച മൂന്നംഗ അഡ്ഹോക്ക് കമ്മറ്റിക്കാണ് ഇപ്പോള്‍ ക്ഷേത്രഭരണ ചുമതല. കളിയാട്ട നടത്തിപ്പിന്റെ പാരമ്പര്യ അവകാശികളേയും ഭക്തജനങ്ങളേയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജനകീയ കമ്മറ്റിയായിരിക്കണം ഉത്സവത്തിന് നേതൃത്വം നല്‍കേണ്ടത്. ക്ഷേത്രവരുമാനം ചില ഊരാളകുടുംബങ്ങള് പങ്കിട്ടെടുക്കുകയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. ക്ഷേത്ര സംബന്ധിയായ വികസനത്തിനും സാമൂഹ്യസേവനത്തിനും അന്നദാനത്തിനും ഈ തുക വകയിരുത്തണം. മുന്‍ വര്‍ഷങ്ങളിലേ പോലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വരവ് സംഘത്തലവന്മാരുടെ യോഗം മുന്‍കൂട്ടി വിളിക്കണം. പൊയ്കുതിര സംഘങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള സമയം ദീപാരാധനക്ക് മുമ്പുവരെ മാത്രമാക്കി നിജപ്പെടുത്തണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.
യോഗത്തില്‍ കെ.ദേവദാസന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മുണ്ടത്ത്, മുരളീധരന് കൊയപ്പ, യു.വി.ശ്രീജിത്ത്, അന്തംവീട്ടില്‍ സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: