മാനന്തവാടി : അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, ബ്ലോക്ക് പഞ്ചായത്ത് ആദിവാസികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിനായി നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
പദ്ധതിയുടെ പേരില്‍ തട്ടിപ്പു നടന്നതായി ആരോപണമുയര്‍ന്നിരുന്നു. 2015-16 വര്‍ഷത്തെ ടി.എസ്.പി. ഫണ്ടില്‍ നിന്നും 34 ലക്ഷത്തോളം രൂപയാണ് ഇതിനായി നീക്കിവച്ചിരുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഒരു വിദ്യാര്‍ഥിക്ക് 16,250 രൂപയാണ് നല്കാന് തീരുമാനിച്ചത്. എന്നാല്‍, വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൃത്രിമം കാണിച്ച് പരിശീലന ചുമതല ഏറ്റെടുത്ത സ്ഥാപനം പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. 204 കുട്ടികള്‍ പങ്കെടുത്തതായി കാണിച്ചാണ് കട്ടപ്പന ആസ്ഥാനമായുള്ള അമേരിക്കന്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഫണ്ട് കൈപ്പറ്റാന്‍ ശ്രമിച്ചത്. ഇതില്‍ കൃത്രിമം നടന്നതായി ഭരണസമിതി യോഗത്തില്‍ ഒരംഗം ചൂണ്ടിക്കാണിച്ചു. എങ്കിലും ഫണ്ട് കൈമാറാന്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ കൈകോര്‍ത്തെങ്കിലും ബ്ലോക്ക് സെക്രട്ടറി ഇല്ലാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.
തിങ്കളാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വീണ്ടും ചര്‍ച്ച ഉയര്‍ന്നപ്പോള്‍ പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി മാത്രമേ ഫണ്ട് കൈമാറാന്‍ കഴിയുകയുള്ളുവെന്ന നിലപാട് സെക്രട്ടറി എടുത്തതായാണ് അറിവ്. ഇതേത്തുടര്‍ന്നാണ് ഫണ്ട് കൈമാറ്റം നിര്‍ത്തിവയ്ക്കാനും പരിശീലനത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പൂര്‍ണമായി അന്വേഷണം നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താനും ഭരണസമിതി തീരുമാനിച്ചത്.
നല്ലൂര്‍നാട് അംബേദ്കര്‍ സ്കൂള്‍, പി.കെ.കാളന് മെമ്മോറിയല്‍ കോളജ് എന്നിവിടങ്ങളില്‍ വച്ചാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്. ഹാജര്‍ പുസ്തകത്തില്‍ കാണിച്ചതിന്റെ പകുതി കുട്ടികള്‍ പോലും പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുത്തവരില്തന്നെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉള്ളതായും പറയപ്പെടുന്നു. യാത്രാബത്ത ഉള്‍പ്പെടെയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും പങ്കെടുത്തവര്‍ക്ക് നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: