നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകുന്നു. വിമത വിഭാഗം ഏറ്റവും ശക്തമായ മണ്ഡലത്തില്‍ സിപിഎമ്മിന് വലിയ വെല്ലുവിളിയാണ് വരുന്ന തെരഞ്ഞെടുപ്പ്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി വിഷമിക്കുമ്പോഴും നിലമ്പൂരിലെ കാര്യം ഏകദേശം തീരുമാനമായിരുന്നു. വ്യവസായിയും ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന സ്പോണ്സര്മാരില് ഒരാളുമായ പി.വി.അന്‍വറിനെ നേതൃത്വം മുന്‍കൂട്ടി നിലമ്പൂര്‍ മണ്ഡലത്തില്‍ അവരോധിച്ചിരുന്നു.
എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. വിമതരുടെ ചരടുവലിയില്‍ പ്രതിഷേധക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. ഇതോടെ സിപിഎം നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ നിലമ്പൂര്‍ സീറ്റിന്റെ പേരില്‍ രൂക്ഷമായ തര്‍ക്കം സിപിഎമ്മില്‍ നിലനിന്നിരുന്നു. പ്രത്യേകിച്ചും ആര്യാടന് മുഹമ്മദ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ സിപിഎം വിജയം മണത്തു. കഴിഞ്ഞ തവണ ആര്യാടന് മുഹമ്മദിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച പ്രൊഫ.എം.തോമസ് മാത്യുവിനെ മത്സരിപ്പിക്കാനാണ് പ്രാദേശിക നേതൃത്വം താല്പര്യമെടുത്തത്. അണികള്‍ക്കും തോമസ് മാത്യു മത്സരിക്കുന്നതിലായിരുന്നു താല്പര്യം. മാത്രമല്ല കുടിയേറ്റ ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുള്ള മണ്ഡലത്തില്‍ തോമസ് മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നും പ്രാദേശിക നേതാക്കള്‍ കണക്കുകൂട്ടി. പക്ഷേ അപ്പോഴേക്കും ജില്ലാ-സംസ്ഥാന നേതൃത്വം അന്‍വറിന് വാക്കുനല്കി കഴിഞ്ഞിരുന്നു. ഇതോടെ ഇത് പേയ്മെന്റ് സീറ്റാണെന്ന ആരോപണവും ശക്തമായി. പി.വി അന്‍വറിന് പിന്നില്‍ സിപിഎം ജില്ലാ കമ്മറ്റിയും ഉറച്ചുനിന്നു. പ്രാദേശിക ജില്ലാ നേതാക്കന്മാര് തമ്മില്‍ നേര്‍ക്കുനേര്‍ നിന്ന് പോരടിച്ചു പക്ഷേ അവസാന വിജയം ജില്ലാ കമ്മറ്റിക്കായിരുന്നു. ഇതോടെ നിരവധി പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ രാജി വെക്കാന്‍ തുടങ്ങി. തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പാര്‍ട്ടിയെ വെല്ലുവിളിക്കാനാണ് രാജിവെച്ചവരുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: