മാനന്തവാടി : വയനാടിന്റെ തുടിതാളം വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി ഇനി ഗോത്ര ജനതയും വയനാടന്‍ തുടിപ്പും വള്ളിയൂര്‍ക്കാവിലേക്ക്. വൈകിട്ട് അഞ്ച് മണിയോടെ ഭക്തിയുടെ നിറവില്‍ ആദിവാസി മൂപ്പന് കെ. രാഘവന്റെ നേതൃത്വത്തിലാണ് താഴെകാവിലെ മണിപ്പുറ്റിനു സമീപം കൊടിയേറ്റ് നടന്നത.് ഉത്സവം തുടങ്ങി ഏഴാം നാളാണ് കൊടിയേറുക എന്ന പ്രത്യേകതയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്. ആഘോഷ കമ്മിറ്റി പ്രസിഡന്റ് എന്‍.കെ. മന്മഥന്, കണ്‍വീനര്‍ പി.എന്‍. ജ്യോതിപ്രസാദ്, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, സി.എ. കുഞ്ഞിരാമന്, എക്സിക്യുട്ടിവ് ഓഫീസര്‍ കെ.കെ. ബാബു തുടങ്ങി നൂറ് കണക്കിന് ദേവി ഭക്തര്‍ കൊടിയെറ്റ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് വേമോത്ത് നമ്പ്യാരുടെയും എടത്തന നായരുടെയും ഭണ്ഡാര തറകള്‍ക്കു സമീപവും കൊടികള്‍ ഏറ്റി. അവധി ദിവസമായതിനാല്‍ രാവിലെ തന്നെ ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഉത്സവത്തിനു കൊടിയേറിയതോടെ ദേശത്തിന്റെ നാനാവഴികളും ഇനിയുള്ള ഏഴ് രാപകലുകള്‍ വള്ളിയൂര്ക്കാവിലേക്കായിരിക്കും. 24നാണ് കാവിലേക്ക് ഒപ്പന വരവ് നടക്കുക. കല്ലോടി ചേരംകോട് ഇല്ലത്തു നിന്നും മേല്‍ശന്തി ശ്രീജേഷ് നമ്പൂതിരി ഒപ്പനകോപ്പുമായി ക്ഷേത്രത്തിലെത്തും. അന്ന് തന്നെ താഴെകാവിലെ മണിപ്പുറ്റിനു സമീപം വെക്കുന്ന ഒപ്പന കോപ്പുകള്‍ ഭക്തര്‍ക്ക് ദര്‍ശിക്കുവാനുള്ള അവസരവും ഒരുക്കും. ഉത്സവ തിരക്ക് പ്രമാണിച്ച് കെഎസ്ആര്‍ടിസി വള്ളിയൂര്‍ക്കാവിലേക്ക് പ്രത്യേക സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി ക്യാമറകളും ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: