മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കുന്നത് ജില്ലാ ആശുപത്രിക്കു വേണ്ടി ഒരുക്കിയ സംവിധാനം. ജനറല്‍ ആശുപത്രിയും പിന്നീട് മെഡിക്കല്‍ കോളേജും ആയി ഉയര്‍ന്നിട്ടും ഇവിടുത്തെ മാലിന്യ സംസ്കരണം ഇപ്പോഴും തലവേദനയാണ്. കെട്ടിട സൗകര്യങ്ങളിലും ആധുനികവല്‍ക്കരണത്തിലും അധികൃതര്‍ ശ്രദ്ധകൊടുക്കുമ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ശുചിത്വത്തിലും ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലും ഏറെ പിന്നിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും തുരുമ്പെടുത്ത് ഏതുസമയവും പൊട്ടിവീഴാറായതുമായ ഇന്‍സിനറേറ്റര്‍ മാത്രമാണ് ആശുപത്രിയില്‍ മാലിന്യം സംസ്കരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം. ആശുപത്രിയില്‍ നിന്ന് ഒരു ദിവസം പുറന്തള്ളുന്ന മാലിന്യത്തിന്റെ മൂന്നിലൊരു ഭാഗം സംസ്കരിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ല. പല ഭാഗങ്ങളിലായി കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഇവിടത്തെ കാലങ്ങളായുള്ള രീതി.
ഭക്ഷണപ്പൊതികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ആശുപത്രിയെ രോഗാതുരമാക്കുന്നു. ചികിത്സക്കെത്തുന്ന രോഗികള്‍ മറ്റസുഖങ്ങളുമായി തിരിച്ചുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഒരുക്കണമെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു പദ്ധതികളും അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: